ടൂറിസം; ഇന്ത്യയും ബഹ്റൈനും സഹകരിക്കുന്നു
ടൂറിസം മേഖലയിലെ വിപുലമായ സാധ്യതകൾ കണക്കിലെടുത്ത് ഇന്ത്യയും ബഹ്റൈനും പരസ്പരം സഹകരിക്കുന്നു. സംയുക്ത ടൂറിസം പ്രമോഷനുകൾ, വിനോദസഞ്ചാരികൾക്ക് അതുല്യമായ അനുഭവങ്ങൾ പ്രദാനം ചെയ്യുന്ന സംയുക്ത പാക്കേജുകൾ തുടങ്ങിയവ ആരംഭിക്കാനുള്ള നീക്കങ്ങൾക്ക് ഇരുരാജ്യങ്ങളും പച്ചക്കൊടി കാട്ടിയതോടെയാണിത്. കഴിഞ്ഞ ദിവസം ദുബൈ വേൾഡ് ട്രേഡ് സെന്ററിൽ നടന്ന അറേബ്യൻ ട്രാവൽ മാർക്കറ്റിൽ പങ്കെടുക്കവേ ബഹ്റൈൻ ടൂറിസം മന്ത്രി ഫാത്തിമ ബിൻത് ജാഫർ ആൽ സൈറാഫി ഇക്കാര്യം വ്യക്തമാക്കിയിരുന്നു. ഇന്ത്യൻ ടൂറിസം മന്ത്രി രോഹൻ ഖൗണ്ടെയുമായി നടന്ന കൂടിക്കാഴ്ചയിൽ ഇക്കാര്യം ചർച്ച ചെയ്തെന്നും പരസ്പര സഹകരണത്തിനുള്ള സാധ്യതയാണ് കാണുന്നതെന്നും മന്ത്രി വ്യക്തമാക്കി. കൂടുതൽ ഇന്ത്യൻ വിവാഹ പാർട്ടികളെ ആകർഷിക്കുന്നതിന് ആവശ്യമായ നടപടികൾ രാജ്യം സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
ബ്രൈഡൽ ടൂറിസം മേഖലയിൽ ബഹ്റൈൻ ഒരു അന്താരാഷ്ട്ര ലക്ഷ്യസ്ഥാനമായി മാറിയിട്ടുണ്ട്. നിരവധി ഇന്ത്യൻ വിവാഹങ്ങളും ബഹ്റൈനിൽ നടന്നിരുന്നു. മെച്ചപ്പെട്ട സാമൂഹികാന്തരീക്ഷവും മനോഹരമായ കടൽത്തീരവും ബഹ്റൈനെ ആകർഷകമാക്കുന്നതാണ്.
ലോകപ്രശസ്ത ബീച്ചായ ഗോവയെയാണ് ഇന്ത്യ ഉയർത്തിക്കാട്ടുന്നത്. വിവിധ രാജ്യങ്ങളിൽനിന്നുള്ള വിവാഹപ്പാർട്ടികളെ ആകർഷിക്കാനുള്ള നടപടികൾ ഊർജിതമാക്കിയതായി ബഹ്‌റൈൻ ടൂറിസം ആൻഡ് എക്‌സിബിഷൻ അതോറിറ്റിയും (ബി.ടി.ഇ.എ) അറിയിച്ചിരുന്നു.
CXCVXCVX




