ബഹ്റിൻ സുരക്ഷാ സേനയ്ക്ക് പ്രശംസ
മനാമ: ഇറാൻ ബന്ധമുള്ള സംഘടനയിലെ അംഗങ്ങളെ പിടികൂടിയ ബഹ്റിൻ സുരക്ഷാ സേനയ്ക്ക് പ്രശംസ. രാജ്യ സുരക്ഷയ്ക്കായി ആത്മാർത്ഥ ശ്രമങ്ങൾ നടത്തുന്ന ബഹ്റിൻ സുരക്ഷാ സേനയെ അറബ് പാർലമെന്റ് സ്പീക്കർ അഹ്്മദ് ബിൻ മുഹമ്മദ് അൽ ജർവാൻ ശ്ലാഘിച്ചു. അറബ് രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇറാൻ നേരിട്ടും പരോക്ഷമായും ഇടപെടുകയാണെന്നും ഇത് അംഗീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇറാനുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഒരു ഭീകരവാദ സംഘടനയിലെ 47 പേരെയാണ് ബഹ്റിൻ സേന കഴിഞ്ഞ ദിവസം പിടികൂടിയത്. പിടിയിലായവരുടെ പക്കൽ നിന്നും ഭീകരാക്രമണത്തിന് പദ്ധതിയിട്ടുകൊണ്ട് നിർമ്മിക്കുന്ന നിരവധി സ്‌ഫോടക വസ്തുക്കളും പിടിച്ചെടുത്തിരുന്നു. രാജ്യത്ത് വലിയൊരു ഭീകരാക്രമണത്തിന് പദ്ധതിയിട്ടുകൊണ്ടുള്ള തയ്യാറെടുപ്പുകളാണ് സംഘം നടത്തിയിരുന്നതെന്ന് ആഭ്യന്തര വകുപ്പ് വെളിപ്പെടുത്തി.
ബോംബ് നിർമ്മാണ സാമഗ്രികൾ, ആയുധങ്ങൾ, വലിയ സ്‌ഫോടക വസ്തുക്കൾ എന്നിവ ഇവിടെ നിന്നും പിടിച്ചെടുത്തതായും ആഭ്യന്തര വിഭാഗം അറിയിച്ചു.