ഓണം, നവരാത്രി ആഘോഷങ്ങൾ അവിസ്മരണീയമാക്കാൻ ഒരുങ്ങി ബഹ്റൈൻ കേരളീയ സമാജം


ബഹ്റൈൻ മലയാളികളുടെ ഏറ്റവും വലിയ ഓണാഘോഷപരിപാടികൾക്ക് കളമൊരുക്കി ബഹ്റൈൻ കേരളീയ സമാജം.  ഓണത്തിന് പിറകേ നവരാത്രി ആഘോഷങ്ങളെയും കോർത്തിണക്കി ശ്രാവണം 2022 എന്ന പേരിൽ നാൽപ്പത്തിയഞ്ച് ദിവസത്തോളം നീണ്ടുനിൽക്കുന്ന പരിപാടികളാണ് സമാജത്തിൽ അരങ്ങേറുന്നത്. ഇത് സംബന്ധിച്ച് വിളിച്ച് ചേർത്ത വാർത്തസമ്മേളനത്തിൽ പ്രസിഡണ്ട് പി വി രാധാകൃഷ്ണപിള്ള, ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, ഓണാഘോഷ കമ്മിറ്റി ചെയർമാൻ എം പി രഘു തുടങ്ങിയവർ പരിപാടികളെ കുറിച്ച് വിശദീകരിച്ചു. ഇതിനകം നടന്ന പിള്ളേരോണം, കബഡി മത്സരം എന്നിവ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായതായും അവർ അറിയിച്ചു. ആഗസ്ത് 26ന് പൂക്കള മത്സരവും, ആഗസ്ത് 30ന് ഉത്സവാഘോഷപരിപാടികളുടെ കൊടിയേറ്റവും നടക്കും. സെപ്തംബർ 2ന് വൈകീട്ട് അഞ്ച് മണി മുതൽ പത്ത് മണി വരെ നടക്കുന്ന രുചിമേളയിൽ പ്രശസ്ത അവതാരകൻ രാജ് കലേഷ് പങ്കെടുക്കും. എട്ടാം തീയതി പിന്നണിഗായികയ്ക്കുള്ള ദേശീയ പുരസ്കാരം നേടിയ നഞ്ചിയമ്മയ്ക്കുള്ള ആദരവും, തുടർന്ന് നജീം അർഷാദ്, നിത്യ മാമൻ തുടങ്ങിയവർ അവതരിപ്പിക്കുന്ന ഗാനമേളയും അരങ്ങേറും.  9ന് നടക്കുന്ന പൊതുസമേളനത്തിൽ പദ്മശ്രീ എം എ യൂസഫലി ആഘോഷപരിപാടികൾ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും.

തുടർന്ന് പദ്മഭൂഷൺ കെഎസ് ചിത്രയും സംഘവും അവതരിപ്പിക്കുന്ന ഗാനമേള അരങ്ങേറും.  10ന് നൂറിലധികം വനിതകൾ പങ്കെടുക്കുന്ന മെഗാ തിരുവാതിരകളി, 12ന് ഓണപുടവ മത്സരം,  14ന് തിരുവാതിര കളി മത്സരം, 15ന് സൂര്യ കൃഷ്ണമൂർത്തിക്കുള്ള പുരസ്കാര ദാനം, 16ന് ഘോഷയാത്ര, 17ന് ചരട് പിന്നി കളി എന്നിവയും അരങ്ങേറും. സെപ്തംബർ 23ന്  അമ്പത് വിഭവങ്ങളുമായി നടക്കുന്ന ഓണസദ്യയിൽ അയ്യായിരം പേർ പങ്ക് ചേരും. പഴയിടം മോഹനൻ നമ്പൂതിരിയുടെ നേതൃത്വത്തിലാണ് സദ്യ ഒരുക്കുന്നത്. തുടർന്ന് 29ന് മാജിഷ്യൻ സാമ്രാജിന്റെ മാജിക്ക് ഷോ ഉണ്ടാകും. 30ന് നടക്കുന്ന ഓണാഘോഷ ചടങ്ങുകളുടെ സമാപനത്തിന് കേരള സഹകരണവകുപ്പ് മന്ത്രി വി എൻ വാസവൻ മുഖ്യാതിഥിയായി പങ്കെടുക്കും. പ്രശസ്ത ഗായകൻ ഹരിഹരനും സംഘവും നയിക്കുന്ന ഗാനമേളയും ഇതോടൊപ്പം അരങ്ങേറും. ഒക്ടോബർ 2ന് ഗാന്ധി ജയന്തി ആഘോഷവും, ഒക്ടോബർ അഞ്ചിന് ഡോ വി പി ഗംഗാധരന്റെയും, ഭാര്യ ഡോ ചിത്രതാരയുടെയും നേതൃത്വത്തിൽ വിദ്യാരാംഭ ചടങ്ങുകളും നടക്കും. ഒക്ടോബർ ആറിന് കോട്ടകൽ മധു അവതരിപ്പിക്കുന്ന കഥകളി സംഗീതവും, 7ന് രാജേഷ് വൈദ്യയുടെയും സംഘത്തിന്റെയും വീണാവാദനവും അരങ്ങേറും. 

You might also like

Most Viewed