ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി​ക​ളു​ടെ പ്രി എംപ്ലോയ്മെന്റ് മെഡിക്കൽ ചെക്കപ്പ് സ്വകാര്യവത്കരിച്ച് ബഹ്റൈൻ


രാജ്യത്ത് എത്തുന്ന ഗാർഹിക തൊഴിലാളികളുടെ പ്രി എംപ്ലോയ്മെന്റ് മെഡിക്കൽ ചെക്കപ്പ് പൂർണമായും സ്വകാര്യമേഖലയിലാക്കി. ആരോഗ്യ മന്ത്രാലയത്തിലെ മെഡിക്കൽ കമീഷൻസ് മേധാവി ഡോ. ഐഷ അഹ്മദ് ഹുസൈനാണ് ഇക്കാര്യം അറിയിച്ചത്. ഗാർഹിക തൊഴിലാളികളുടെ മെഡിക്കൽ പരിശോധന നടപടികൾ വേഗത്തിലാക്കുന്നതിനാണ് ഈ തീരുമാനം. ബഹ്റൈനിൽ എത്തി അഞ്ചു ദിവസത്തിനകമാണ് തൊഴിലാളികൾ മെഡിക്കൽ ചെക്കപ്പ് നടത്തേണ്ടത്. ഏറ്റവും അടുത്തുള്ളതും ചെലവു കുറഞ്ഞതുമായ പരിശോധനകേന്ദ്രം തിരഞ്ഞെടുക്കാൻ തൊഴിലാളികൾക്കും തൊഴിലുടമകൾക്കും സ്വാതന്ത്ര്യമുണ്ട്. ബഹ്റൈന്റെ ദേശീയ പോർട്ടലായ bahrain.bh വഴി അപ്പോയ്ന്‍റ്മെന്‍റ് ബുക്ക് ചെയ്യാനും തീയതി മാറ്റാനും പരിശോധനഫലത്തിന്റെയും ഫിറ്റ്നസ് സർട്ടിഫിക്കറ്റിന്റെയും പ്രിന്‍റൗട്ട് എടുക്കാനും സൗകര്യമേർപ്പെടുത്തിയിട്ടുണ്ട്.

രാജ്യത്തെ പ്രവാസി ഗാർഹിക തൊഴിലാളികളുടെ സമഗ്രമായ സ്ഥിതിവിവരക്കണക്കുകൾ ശേഖരിക്കുക, മെഡിക്കൽ പരിശോധന നടപടികൾ മെച്ചപ്പെടുത്തുക, സ്വകാര്യ മേഖലയുടെ പങ്കാളിത്തം ശക്തിപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളും മെഡിക്കൽ ചെക്കപ്പ് പരിഷ്കാരത്തിനുണ്ട്. ആരോഗ്യ മന്ത്രാലയം, ഇൻഫർമേഷൻ ആൻഡ് ഇ-ഗവൺമെന്‍റ് അതോറിറ്റി, ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽ.എം.ആർ.എ), നാഷനൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റി എന്നിവയുടെ പ്രതിനിധികൾ സമിതിയിൽ അംഗങ്ങളായ ഒരു വർക്കിങ്ങ് ഗ്രൂപ്പ് പുതിയ തീരുമാനം നടപ്പാക്കുന്നതിന് മേൽനോട്ടം വഹിക്കും.

You might also like

Most Viewed