ഫോര്‍മുല വണ്‍ ബഹ്റൈന്‍ ഗ്രാന്‍ഡ്പ്രീ മത്സരങ്ങള്‍ക്ക് നാളെ തുടക്കമാകും


കായികപ്രേമികള്‍ ആവേശത്തോടെ കാത്തിരുന്ന ഫോര്‍മുല വണ്‍ ബഹ്റൈന്‍ ഗ്രാന്‍ഡ്പ്രീ മത്സരങ്ങള്‍ക്ക് നാളെ തുടക്കമാകും.നിലവിലെ ലോക ചാമ്പ്യൻ മാക്സ് വെസ്റ്റാപ്പനും ഏഴു തവണ ലോക ചാമ്പ്യനുമായ ലൂയിസ് ഹാമില്‍ട്ടണും തമ്മിലുള്ള നേര്‍ക്കുനേര്‍ പോരാട്ടത്തിനാണ് കാറോട്ടമത്സരത്തിന്റെ ആരാധകര്‍ കാത്തിരിക്കുന്നത്. പുതിയ രൂപത്തിലുള്ള കാറുകള്‍, കൂടുതല്‍ ഭാരവും വലുപ്പവുമുള്ള വീലുകള്‍ എന്ന സവിശേഷതകളോടെയാണ് ഇത്തവണത്തെ ഫോര്‍മുല വണ്‍ സീസണ്‍ സഖീറിലെ ബഹ്റൈന്‍ ഇന്‍റര്‍നാഷനല്‍ സര്‍ക്യൂട്ടില്‍ ആരംഭിക്കുന്നത്. മെഴ്സിഡസ്, ആല്‍പൈന്‍, ഹാസ്, റെഡ്ബുള്‍, മക്ലാരന്‍, ആസ്റ്റണ്‍ മാര്‍ട്ടിന്‍, ഫെരാരി, ആല്‍ഫാടോറി, ആല്‍ഫ റോമിയോ, വില്യംസ് എന്നിവയാണ് മത്സരത്തില്‍ പങ്കെടുക്കുന്ന ടീമുകള്‍. അതേസമയം കഴിഞ്ഞ രണ്ട് ദിവസമായി ബഹ്റൈനിൽ വീശുന്ന പൊടിക്കാറ്റ് മത്സരത്തെ പ്രതികൂലമായി ബാധിക്കുമോ എന്ന ആശങ്കയും ആരാധകർക്കുണ്ട്.

ആവേശ ട്രാക്കുകൾക്ക് മണിക്കൂറുകൾ ബാക്കി നിൽക്കെ ടിക്കറ്റുകൾ സ്വന്തമാക്കാനുള്ള ആരാധകരുടെ ഓട്ടവും തുടരുകയാണ്. എന്നാൽ ഫോര്‍മുല വണ്‍ ഗ്രാന്‍ഡ് പ്രീ മത്സരങ്ങള്‍ക്കുള്ള ടിക്കറ്റുകള്‍ അംഗീകാരമില്ലാത്ത സ്രോതസ്സുകളില്‍ നിന്ന് വാങ്ങുന്നതിനെതിരെ ഇന്‍റര്‍നാഷനല്‍ സര്‍ക്യൂട്ട് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പരിമിതമായ ടിക്കറ്റുകള്‍ മാത്രം അവശേഷിക്കുന്ന സാഹചര്യത്തിൽ ഈ അവസരം മുതലെടുത്ത് അനധികൃത ടിക്കറ്റ് വില്‍പനക്കാരും രംഗത്തുണ്ട്. ഇത്തരക്കാരില്‍ നിന്ന് വാങ്ങുന്ന ടിക്കറ്റുകളുടെ കാര്യത്തില്‍ ബി.ഐ.സിക്ക് ഉത്തരവാദിത്തമുണ്ടായിരിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു. ഇവ യഥാര്‍ഥ ടിക്കറ്റുകളാണോ എന്ന കാര്യത്തില്‍ ബി.ഐ.സിക്ക് ഉറപ്പുനല്‍കാനാവില്ല. ഇത്തരം ടിക്കറ്റുകള്‍ റദ്ദാക്കപ്പെടാനും സാധ്യതയുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന മത്സരങ്ങൾ മാർച്ച് 20 ന് അവസാനിക്കും.

You might also like

  • Lulu Exchange
  • Straight Forward

Most Viewed