യുക്രെയിന് സഹായഹസ്തവുമായി ബഹ്റൈൻ

യുദ്ധക്കെടുതിയിൽ പ്രയാസമനുഭവിക്കുന്ന യുക്രെയിനിലെ മനുഷ്യർക്ക് സഹായഹസ്തവുമായി ബഹ്റൈൻ. ഐക്യരാഷ്ട്ര സഭയുടെ അഭ്യർഥന മാനിച്ച് ബഹ്റൈൻ രാജാവിന്‍റെ നിർദേശമനുസരിച്ചാണ് തീരുമാനമെടുത്തതെന്ന് ബഹ്റൈൻ റോയൽ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ ചെയർമാൻ ഷെയ്ഖ് നാസിർ ബിൻ ഹമദ് ആൽ ഖലീഫ വ്യക്തമാക്കി. പത്ത് ലക്ഷം ദിനാറാണ് യുക്രെയിനിലെ ജനങ്ങൾക്ക് നൽകാൻ തീരുമാനിച്ചിട്ടുള്ളതെന്നും യുക്രെയിൻ ജനതയ്ക്കും അഭയാർത്ഥികൾക്കും ഒരു പോലെ ആവശ്യമായ സഹായങ്ങൾ ഉടൻ എത്തിക്കുമെന്നും റോയൽ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ വ്യക്തമാക്കി. യു.എൻ ഹൈ കമ്മീഷണറുടെ അഭയാർഥി കാര്യങ്ങൾക്കായുള്ള പ്രതിനിധി ഖാലിദ് ഖലീഫ റോയൽ ഹ്യൂമാനിറ്റേറിയൻ ഫൗണ്ടേഷനോട് സഹായം ആവശ്യപ്പെട്ടിരുന്നതായി സെക്രട്ടറി ഡോ. മുസ്തഫ അസ്സയ്യിദ് അറിയിച്ചു.
യുക്രയിനിൽ പ്രതിസന്ധിയിൽ അകപ്പെട്ട ബഹ്റൈൻ സ്വദേശികളുടെ സുരക്ഷ ഉറപ്പുവരുത്തിയതായി ബഹ്റൈൻ വിദേശകാര്യ മന്ത്രാലയം. യുക്രെയിനിൽ കുടുങ്ങി കിടക്കുന്ന ബഹ്റൈൻ സ്വദേശികളുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും യുക്രെയിൻ അതിർത്തിയിൽ നിന്നും ബഹ്റൈനിലേക്ക് എത്തിക്കാനുള്ള നടപടികൾ പുരോഗിമിക്കുകയാണെന്നും അധികൃതർ അറിയിച്ചു. 32 ബഹ്റൈൻ സ്വദേശികളാണ് യുക്രെയിനൽ ഉണ്ടായിരുന്നത്. അതിൽ 9 പേരെ രക്ഷാദൗത്യത്തിന്റെ ഭാഗമായി കടൽമാർഗം വഴി ബഹ്റൈനിൽ തിരിച്ച് എത്തിച്ചിട്ടുണ്ട്. 23 ബഹ്റൈൻ സ്വദേശികളാണ് ഇനി ഉക്രയിനിൽ നിന്നും ബഹ്റൈനിലേക്ക് തിരിച്ചെത്താനുള്ളത്. രക്ഷാദൗത്യവുമായി ബന്ധപ്പെട്ട് യാത്രതടസ്സങ്ങൾ പരിഹരിക്കുന്നതിനായി നവജാത ശിശുക്കൾക്ക് താൽക്കാലിക പാസ്പോർട്ട് സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.