13 രാജ്യ സഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് മാർച്ച് 31ന്

കേരളത്തിലെ മൂന്ന് സീറ്റുകൾ ഉൾപ്പെടെ 13 രാജ്യ സഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് മാർച്ച് 31ന് നടക്കും. ആറ് സംസ്ഥാനങ്ങളിലെ വിവിധ സീറ്റുകളിലേക്കുള്ള വിജ്ഞാപനമാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറപ്പെടുവിച്ചിരിക്കുന്നത്.
കേരളത്തിന് പുറമെ പഞ്ചാബിൽ അഞ്ച്, അസമിൽ രണ്ട്, ഹിമാചൽ പ്രദേശ്, ത്രിപുര, നാഗലാന്റ് എന്നീ സംസ്ഥാനങ്ങളിൽ ഒരോ സീറ്റുകളിലേക്കുമാണ് തെരഞ്ഞെടുപ്പ് നടക്കുക. ഈ മാസം 14ന് തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇറങ്ങും. 21 വരെ സ്ഥാനാർത്ഥികൾക്ക് നാമനിർദേശ പത്രിക സമർപ്പിക്കാം.
കേരളത്തിൽ നിന്നും മുതിർന്ന കോൺഗ്രസ് നേതാവ് എകെ ആന്റണി, എംപി വീരേന്ദ്രകുമാർ, സോമപ്രസാദ് എന്നിവരുടെ കാലാവധി അവസാനിക്കുന്ന ഘട്ടത്തിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. മൂവരുടെയും കാലാവധി ഏപ്രിൽ രണ്ടിന് അവസാനിക്കും.
കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ആനന്ദ് ശർമ, പഞ്ചാബിൽ നിന്നുള്ള കോൺഗ്രസ് അംഗം പ്രതാപ് സിങ് ബജ്‌വ, നരേഷ് ഗുജ്‌റാൾ എന്നിവരാണ് കാലാവധി തീരുന്ന മറ്റ് പ്രമുഖർ.