യുക്രെയിൻ പ്രതിസന്ധി : ബഹ്റൈനിലുള്ള പ്രവാസി മാതാപിതാക്കളും ആശങ്കയിൽ
യുക്രെയിൻ പ്രതിസന്ധിയെ തുടർന്ന് ബഹ്റൈനിലുള്ള പ്രവാസി മാതാപിതാക്കളും ആശങ്കയിൽ. യുക്രെയിനിലെ ഖാർക്കീവിൽ നടന്ന റഷ്യന്‍ ഷെല്ലാക്രമണത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിയും കര്‍ണാടക സ്വദേശിയുമായ നവീന്‍ കുമാര്‍ കൊല്ലപ്പെട്ട സാഹചര്യവും ആശങ്കകൾ വർധിക്കാൻ കാരണമായിട്ടുണ്ട്. കൊല്ലപ്പെട്ട വിദ്യാർത്ഥിയുടെ കൂടെ ബങ്കറിൽ ഉണ്ടായവരിൽ ബഹ്റൈൻ പ്രവാസികളുടെ മക്കളും ഉൾപ്പെട്ടിരുന്നു. ഇവിടെ നിന്ന് സാധനങ്ങൾ വാങ്ങാൻ ബങ്കറിൽ നിന്ന് പുറത്തിറങ്ങിയപ്പോഴാണ് സ്ഫോടനത്തിൽ കർണാടക സ്വദേശിയായ വിദ്യാർത്ഥി കൊല്ലപ്പെട്ടത്. ബഹ്റൈനിൽ നിന്ന് നിരവധി മലയാളി പ്രവാസികളുടെ മക്കളാണ് യുക്രെയിനിൽ എം.ബി.ബി.എസ് പഠനം നടത്തുന്നത്. ഇവരിൽ ചിലരൊക്കെ നാട്ടിൽ സുരക്ഷിതരായി തിരിച്ചെത്തിയിട്ടുണ്ടെങ്കിലും വലിയൊരുവിഭാഗം പേർ ഇപ്പോഴും യുക്രെയിനിൽ തന്നെ കഴിയുകയാണ്. ഇവരെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമാകാനും സുരക്ഷപ്രവർത്തനങ്ങളുടെ നിലവിലെ സാഹചര്യങ്ങളെ കുറിച്ച് വിവരങ്ങൾ പങ്ക് വെക്കാനുമായി ഖാർകീവിൽ കുടുങ്ങിയ വിദ്യാർത്ഥികളുടെ മാതാപിതാക്കൾ അടങ്ങുന്ന ഒരു വാട്സാപ്പ് കൂട്ടായ്മ രൂപീകരിച്ചിട്ടുണ്ട്. ഇവർ ഇന്നലെ ബഹ്റൈനിലെ ഇന്ത്യൻ എംബസി അധികൃതരുമായി കൂടികാഴ്ച്ചയും നടത്തിയിരുന്നു. ബഹ്റൈൻ പ്രതിഭയുടെ സെക്രട്ടറിയായ പ്രദീപ് പതേരിയുടെ മകനും ഉക്രെയിനിലെ എംബിബിഎസ് വിദ്യാർത്ഥിയുമായ അമർ ശങ്കർ പതേരി നാട്ടിൽ സുരക്ഷിതമായി തിരച്ചെത്തിയതിന് ശേഷമുളള അനുഭവം ഫോർ പി എം ന്യൂസുമായി പങ്കിട്ടു.

