ബഹ്റൈൻ - ഇന്ത്യ യാത്രയിൽ പ്രവാസികൾ അറിഞ്ഞിരിക്കേണ്ട പുതിയ യാത്ര മാർഗനിർദേശങ്ങൾ

പുതിയ തീരുമാനപ്രകാരം ബഹ്റൈനിൽ നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവവരും ഇന്ത്യയിൽ നിന്ന് ബഹ്റൈനിലേക്ക് യാത്ര ചെയ്യുന്നവരും കൃത്യമായി മാർഗ നിർദേശങ്ങൾ പാലിച്ചില്ലെങ്കിൽ യാത്ര ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരും. താഴെ പറയുന്ന മാർഗനിർദേശങ്ങളാണ് പ്രധാനമായും പാലിക്കേണ്ടത്.
- നാട്ടിൽ നിന്നും ബഹ്റൈനിലേക്ക് വരുന്നവർക്ക് വാക്സിനേഷൻ സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ ആർ.ടി.പി.സി ആർ സർട്ടിഫിക്കറ്റ് ആവശ്യമില്ല. ഇവിടെ ഒറിജിനൽ വാക്സിനേഷൻ സർട്ടിഫിക്കറ്റ് കാണിച്ചാൽ മതിയാകും. നേരത്തേ 72 മണിക്കൂർ മുൻപുള്ള ആർ.ടി.പി.സി.ആർ ടെസ്റ്റ് നിർബന്ധമായിരുന്നു. അതേസമയം ബഹ്റൈനിൽ എത്തിയാൽ 12 ദിനാറിന്റെ കോവിഡ് ടെസ്റ്റ് നടത്തണം. ഒരു ദിവസത്തിനുള്ളിൽ ടെസ്റ്റിന്റെ റിസൾട്ട് ലഭിക്കുകയും ചെയ്യും. റിപ്പോർട്ട് കിട്ടി നെഗറ്റീവ് ആണെങ്കിൽ പുറത്ത് ഇറങ്ങാവുന്നതാണ്.
- വിസിറ്റിംഗ് വിസയിൽ വരുന്ന യാത്രക്കാർ ആണെങ്കിൽ എയർപോർട്ടിൽ ഉള്ള കോവിഡ് പരിശോധന സെന്ററിൽ നിന്നും നാട്ടിലെ വാക്സിനേഷൻ സെർട്ടിഫിക്കേറ്റ് കാണിച്ച് ഇവിടെയും വാക്സിനേഷൻ സർട്ടിഫിക്കറ്റ് ആവശ്യപ്പെടാവുന്നതാണ്. ആറു വയസ്സിനും അതിനു മുകളിൽ ഉള്ളവരും വാക്സിനേഷൻ എടുത്തിട്ടില്ലെങ്കിൽ നിർബന്ധമായും ആർ.ടി.പി.സി.ആർ ടെസ്റ്റ് എടുക്കേണ്ടതാണ്. എന്നാൽ ആറു വയസ്സിനും അതിന് താഴെയുള്ളവർക്കും ടെസ്റ്റ് നിർബന്ധമില്ല. നിലവിൽ രാജ്യത്ത് ഗ്രീൻ സോൺ ആണെങ്കിലും മാസ്ക് കൃത്യമായി ഉപയോഗിക്കണം. അല്ലെങ്കിൽ 20 ദിനാർ പിഴ ഈടാക്കുന്നതാണ്.
- ബഹ്റൈനിൽ നിന്നും ഇന്ത്യയിലേക്ക് പോകുന്ന യാത്രക്കാർ ആണെങ്കിൽ വാക്സിനേഷൻ സർട്ടിഫിക്കറ്റ് , പാസ്പോർട്ട് കോപ്പി, ടിക്കറ്റ് കോപ്പി മുതലായവ യാത്ര ചെയ്യുന്നതിന് മുൻപ് എയർ സുവിധ പോർട്ടലിൽ അപ്‌ലോഡ് ചെയ്യണം. കഴിഞ്ഞ 14 ദിവസങ്ങളിൽ എവിടെയെങ്കിലും യാത്ര ചെയ്തിട്ടുണ്ടോ എന്നുള്ളതിന്റെ വിവരണം ഉണ്ടെങ്കിൽ അതും ഇവിടെ അപ് ലോഡ് ചെയ്യേണ്ടതാണ്. ഇവിടെ നിന്ന് കിട്ടുന്ന റിസൾട്ടിന്റെ കളർ കോപ്പി കയ്യിൽ കരുതണം. കൂടാതെ വാക്സിനേറ്റഡ് എന്ന് ബഹ്റൈൻ ആരോഗ്യമന്ത്രാലയം നൽകിയിട്ടുള്ള സർട്ടിഫിക്കറ്റിന്റെ ഒറിജിനൽ കളർ കോപ്പി കൈയ്യിൽ കരുതണം.
- നാട്ടിലേക്ക് പോകുന്നവർ അഞ്ച് വയസ്സും അതിനു മുകളിലുമുള്ള ആളുകൾ രണ്ട് വാക്സിൻ എടുത്തിട്ടില്ലെങ്കിൽ നിർബന്ധമായും ആർ.ടി.പി.സി.ആർ ടെസ്റ്റ് എടുക്കണം. എയർ സുവിധയിൽ ഇതിന്റെ കോപ്പി അപ് ലോഡ് ചെയ്യണം.
- നാട്ടിൽ എത്തിയാൽ വിമാനത്തിലെ യാത്രക്കാരിൽ രണ്ട് ശതമാനം പേരെ എയർപോർട്ടിൽ ആർടിപിസിആർ ടെസ്റ്റിന് വിധേയരാക്കും. ഇതിന്റെ റിപ്പോർട്ട് അടിസ്ഥാനത്തിലായിരിക്കും മറ്റുള്ളവരുടെ ആരോഗ്യസ്ഥിതി പരിഗണിക്കുക.
- നാട്ടിൽ എത്തിയാൽ നിർബന്ധമായും 14 ദിവസം സ്വയം നിരീക്ഷണം പാലിക്കേണ്ടതാണ്. അസ്വസ്ഥകൾ അനുഭവപ്പെടുന്നുവെങ്കിൽ ബന്ധപ്പെട്ട മുൻകരുതൽ നടപടികൾ സ്വീകരിക്കണം.