ബഹ്റൈനിൽ മനുഷ്യകടത്ത് കേസിലെ ഇരയെ അഭയ കേന്ദ്രത്തിലേക്ക് മാറ്റാൻ ഉത്തരവ്

ബഹ്റൈനിലെ മനുഷ്യക്കടത്ത് കേസിലെ ഇരയെ അഭയ കേന്ദ്രത്തിലേക്ക് മാറ്റാൻ പബ്ലിക് പ്രൊസിക്യൂട്ടർ ഉത്തരവിട്ടു. യുവതിയെ റെസ്റ്റോറന്‍റിൽ തൊഴിൽ നൽകാമെന്ന് വ്യാമോഹിപ്പിച്ച് ബഹ്റൈനിലെത്തിക്കുകയും ഇവിടെ എത്തിയ ശേഷം ഫ്ലാറ്റിൽ നിന്ന് പുറത്തിറങ്ങാൻ അനുവദിക്കാതെ അനാശാസ്യ പ്രവർത്തനത്തിന് നിർബന്ധിക്കുകയുമായിരുന്നു. കേസിൽ രണ്ട് പ്രതികൾ അറസ്റ്റിലായിട്ടുണ്ട്. ഫ്ലാറ്റിൽ ബന്ധിയാക്കപ്പെട്ട നിലയിൽ അനാശാസ്യത്തിന് നിർബന്ധിക്കുന്നതായി പൊലീസിന് രഹസ്യ വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇരയെയും പ്രതികളെയും കണ്ടെത്തിയത്. ചോദ്യം ചെയ്യലിൽ മുഴുവൻ വിവരങ്ങളും യുവതി പൊലീസിന് കൈമാറുകയും ഇവരെ എൽ.എം.ആർ.എയുടെ കീഴിലുള്ള അഭയ കേന്ദ്രത്തിൽ പാർപ്പിക്കാൻ ഉത്തരവിടുകയുമായിരുന്നു.