പാർക്കിൽ അന്തിയുറങ്ങിയ ബഹ്റൈൻ മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തി

മനാമ: കോവിഡ് പ്രതിസന്ധിയെ തുടർന്ന് ജോലി നഷ്ടമായതിനെ തുടർന്ന് താമസിക്കാൻ സ്ഥലമില്ലാതെ പാർക്കിൽ അഭയം തേടിയിരുന്ന മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം പാലോട് സ്വദേശി സോമുവാണ് (45) മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണമെന്ന് സംശയിക്കുന്നു. ഹോട്ടൽ ജീവനക്കാരനായിരുന്ന ഇദ്ദേഹത്തിന് കോവിഡ് പ്രതിസന്ധിയെത്തുടർന്നാണ് ജോലി നഷ്ടമായത്.
കഴിഞ്ഞ നാല് മാസമായി മനാമ അൽ ഹംറ തിയറ്ററിന് സമീപത്തെ പാർക്കിലാണ് താമസിച്ചിരുന്നത്. ഇദ്ദേഹത്തിന്റെ കൂടെ പാർക്കിൽ തന്നെ അന്തിയുറങ്ങിയിരുന്ന തമിഴ് നാട് തിരവൂർ സ്വദേശി കൃഷ്ണൻ വീർപ്പനെ ബഹ്റൈൻ കേരള സോഷ്യൽ ഫോറത്തിലെ അംഗം താമസസൗകര്യം ഏർപ്പാട് ചെയ്തതായി ബികെഎസ്എഫ് രക്ഷാധികാരി ബഷീർ അമ്പലായി അറിയിച്ചു. ഇദ്ദേഹത്തെ എത്രയും പെട്ടന്ന് നാട്ടിലേയ്ക്ക് തിരികെയെത്തിക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചതായും അദ്ദേഹം അറിയിച്ചു.