നാളെ മുതൽ ഗൾഫ് സഹകരണ കൗൺസിൽ ഉച്ചകോടി ആരംഭിക്കും
മനാമ
മധ്യപൗരസ്ത ദേശത്തെ രാഷ്ട്രീയകാര്യങ്ങളിൽ നിർണായക തീരുമാനങ്ങൾക്ക് വേദിയാകുമെന്ന് കരുതുന്ന ഗൾഫ് സഹകരണ കൗൺസിൽ ഉച്ചകോടി നാളെ മുതൽ ആരംഭിക്കും. സൗദി അറേബ്യയിലെ പൈതൃകഭൂമിയായ അൽ ഉലയാണ് സമ്മേളന വേദി. ഖത്തറിനെതിരായ ഉപരോധം നീക്കൽ, കോറോണ മഹാമാരിക്കെതിരായ പോരാട്ടം തുടങ്ങിയ കാര്യങ്ങൾക്കൊപ്പം മേഖലയിലെ രാജ്യങ്ങൾക്ക് താത്പര്യമുള്ള വിഷയങ്ങളും ഉച്ചകോടിയിൽ ചർച്ച ചെയ്യും.
ഉച്ചകോടിയിൽ ഖത്തർ അടക്കമുള്ള രാജ്യങ്ങളിൽ നിന്നും ഭരണതലവൻമാർ പങ്കെടുക്കുമെന്നാണ് സൂചന. ഗൾഫ് രാജ്യങ്ങളുടെ ഇടയിൽ ഐക്യം കൊണ്ടുവരാൻ ഈ ഉച്ചകോടി സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ജിസിസി സെക്രട്ടറി ജനറൽ നഈഫ് അൽ ഹജ്രാഫ് പറഞ്ഞു.

