പ്രിൻസ് ഖലീഫ പ്രജാക്ഷേമ താല്‍പര്യം കാത്തുസൂക്ഷിച്ച ഭരണാധികാരി: എം.എ യൂസഫലി
മനാമ:
എല്ലാകാലത്തും പ്രജാക്ഷേമ താല്‍പര്യം കാത്തുസൂക്ഷിച്ച നേതാവായിരുന്നു അന്തരിച്ച ബഹ്‌റൈന്‍ പ്രധാനമന്ത്രി ഹിസ് റോയൽ ഹൈനസ് പ്രിൻസ് ഖലീഫ ബിന്‍ സല്‍മാന്‍ ഖലീഫയെന്ന് പ്രമുഖ വ്യവസായിയും ജീവകാരുണ്യ പ്രവര്‍ത്തകനുമായ എം.എ യൂസഫലി അഭിപ്രായപ്പെട്ടു. കെ.എം.സി.സി ബഹ്‌റൈന്‍ സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച ഓണ്‍ലൈന്‍ അനുസ്മരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഗമത്തില്‍ മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറിയും എംപിയും ആയ പി.കെ കുഞ്ഞാലിക്കുട്ടി അധ്യക്ഷനായി.
അല്‍ നൂര്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ചെയര്‍മാൻ അലി കെ. ഹസ്സന്‍ അനുസ്മരണ പ്രഭാഷണം നടത്തി. ലോകത്തിന് മുന്നില്‍ ബഹ്‌റൈനിന് ആദരവും അഗീകാരവും നേടിയെടുക്കാന്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളിലൂടെ സാധിച്ചുവെന്നും അലി കെ. ഹസ്സന്‍ പറഞ്ഞു. സാമൂഹിക സാംസ്‌കാരിക നേതാക്കളായ സയ്യിദ് ഫക്‌റുദ്ധീന്‍ തങ്ങള്‍, സോമന്‍ ബേബി, അരുള്‍ ദാസ്, പ്രിന്‍സ് നടരാജന്‍, പി.വി രാധാകൃഷ്ണ പിള്ള, ഡോ. പി.വി ചെറിയാന്‍, ബിനു കുന്നന്താനം, എസ്.വി ജലീല്‍, അസൈനാര്‍ കളത്തിങ്ങല്‍ എന്നിവര്‍ സംസാരിച്ചു.
കെ.എം.സി.സി ബഹ്‌റൈന്‍ സംസ്ഥാന പ്രസിഡന്റ് ഹബീബ് റഹ്മാന്‍ സ്വാഗതവും ആക്ടിങ് ജനറൽ സെക്രട്ടറി ഒ.കെ ഖാസിം നന്ദിയും പറഞ്ഞു. കെ.എം.സി.സി സംസ്ഥാന ഭാരവാഹികളായ കുട്ടൂസ മുണ്ടേരി, കെ.പി മുസ്തഫ, ശാഫി പാറക്കട്ട, ഗഫൂര്‍ കയ്പമംഗലം, ശംസുദ്ധീൻ വെള്ളികുളങ്ങര, എ.പി ഫൈസല്‍ വില്ല്യാപ്പള്ളി, എം.എ റഹ്മാന്‍ എന്നിവര്‍ നേതൃത്വം നല്‍കി. അഞ്ഞൂറോളം പേർ സംഗമത്തിൽ പങ്കെടുത്തു.

