അൽ ഹിലാൽ ഹെൽത്ത് കെയർ ഗ്രൂപ്പും മോട്ടോർ സിറ്റി ബഹ്‌റൈനും ചേർന്ന് 'പിങ്ക് ഡ്രൈവ്' ക്യാമ്പയിന് തുടക്കമായി
പ്രദീപ് പുറവങ്കര
മുഹറഖ്: അന്താരാഷ്ട്ര സ്തനാർബുദ ബോധവൽക്കരണ മാസാചരണത്തിന്റെ ഭാഗമായി അൽ ഹിലാൽ ഹെൽത്ത് കെയർ ഗ്രൂപ്പും മോട്ടോർ സിറ്റി ബഹ്‌റൈനും ചേർന്ന് സംഘടിപ്പിക്കുന്ന 'പിങ്ക് ഡ്രൈവ്' (Pink Drive) ക്യാമ്പയിന് ഔദ്യോഗിക തുടക്കമായി. മുഹറഖ് അൽ ഹിലാൽ ഹോസ്പിറ്റലിൽ വെച്ച് നടന്ന ചടങ്ങിൽ പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. സ്ത്രീകളിൽ സ്തനാർബുദ ബോധവൽക്കരണം ശക്തമാക്കുക, രോഗം നേരത്തെ കണ്ടെത്താൻ സഹായിക്കുക, പ്രതിരോധ ആരോഗ്യസേവനങ്ങൾ സൗജന്യമായി ലഭ്യമാക്കുക എന്നിവയാണ് ഈ സാമൂഹിക പ്രതിബദ്ധതാ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
മുഹറഖ് അൽ ഹിലാൽ ഹോസ്പിറ്റൽ ബോൾറൂമിൽ നടന്ന ചടങ്ങിൽ ഇരു സ്ഥാപനങ്ങളിലെയും ഉയർന്ന ഉദ്യോഗസ്ഥരും പ്രമുഖരും പങ്കെടുത്തു. അൽ ഹിലാൽ ഹെൽത്ത് കെയർ ഗ്രൂപ്പിനെ പ്രതിനിധീകരിച്ച് സി.ഇ.ഒ ഡോ. ശരത് ചന്ദ്രൻ, വൈസ് പ്രസിഡന്റ് (ബിസിനസ് ആൻഡ് സ്ട്രാറ്റജി) ആസിഫ് മുഹമ്മദ്, ഫിനാൻസ് മാനേജർ സി.എ സഹൽ ജമാലുദ്ദീൻ, ഗ്രൂപ്പ് ക്വാളിറ്റി മാനേജരും മുഹറഖ് ബ്രാഞ്ച് ഹെഡുമായ ഫ്രാങ്കോ ഫ്രാൻസിസ്, മുഹറഖ് ബ്രാഞ്ച് മാർക്കറ്റിംഗ് ഹെഡ് മുനവ്വിർ ഫൈറൂസ് എന്നിവരും വിവിധ ബ്രാഞ്ചുകളിലെ മാർക്കറ്റിംഗ് പ്രതിനിധികളും സംബന്ധിച്ചു.
മോട്ടോർ സിറ്റി ബഹ്‌റൈനെ പ്രതിനിധീകരിച്ച് ജനറൽ മാനേജർ അരുൺ ഗണേഷ് കുമാർ, ഇസുസു ഡീലർ പ്രിൻസിപ്പൽ മനോജ് പിള്ള, സീനിയർ സെയിൽസ് മാനേജർ അംജേഷ് അശോകൻ, മാർക്കറ്റിംഗ് അസിസ്റ്റന്റ് മാനേജർ ഷെലിൻ ചാക്കോ, ബിസിനസ് ഡെവലപ്‌മെന്റ് അസിസ്റ്റന്റ് മാനേജർ മിഷാൽ റജബ് എന്നിവരും പങ്കെടുത്തു.
ഈ പദ്ധതിയുടെ ഭാഗമായി പങ്കൊടുക്കുന്നവർക്ക് സൗജന്യ സ്തനാർബുദ പരിശോധനകൾ ലഭ്യമാക്കും. ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം ആവശ്യമുള്ളവർക്ക് സൗജന്യ മാമോഗ്രാം, ബ്രെസ്റ്റ് അൾട്രാസൗണ്ട് സ്കാനിംഗ് എന്നിവയും പൂർണ്ണമായും സൗജന്യമായി ചെയ്തുനൽകും. സാമ്പത്തിക പ്രയാസങ്ങൾ കാരണം ആരും പരിശോധനകൾ വൈകിപ്പിക്കരുത് എന്ന ലക്ഷ്യത്തോടെയാണ് ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്.
സ്തനാർബുദം നേരത്തെ കണ്ടെത്തേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് അൽ ഹിലാൽ ഹെൽത്ത് കെയർ ഗ്രൂപ്പ് സി.ഇ.ഒ ഡോ. ശരത് ചന്ദ്രൻ സംസാരിച്ചു. തുടക്കത്തിലേ തിരിച്ചറിഞ്ഞാൽ പൂർണ്ണമായും ഭേദമാക്കാൻ കഴിയുന്ന ഒന്നാണ് സ്തനാർബുദമെന്നും കുടുംബ കാര്യങ്ങൾക്ക് മുൻഗണന നൽകി സ്വന്തം ആരോഗ്യം മാറ്റിവെക്കുന്ന സ്ത്രീകൾക്ക് ഈ ക്യാമ്പയിൻ വലിയൊരാശ്വാസമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അറിവ് നൽകുന്നതിനൊപ്പം സൗജന്യ പരിശോധന കൂടി ലഭ്യമാക്കുന്നത് സ്ത്രീകൾക്ക് തങ്ങളുടെ ആരോഗ്യം സംരക്ഷിക്കാൻ ഉടനടി തീരുമാനമെടുക്കാൻ സഹായിക്കുമെന്ന് ആസിഫ് മുഹമ്മദ് വ്യക്തമാക്കി. സാമ്പത്തിക ബാധ്യതകളില്ലാതെ ഇത്തരം സൗജന്യ പരിശോധനകൾ നൽകുന്നത് സമൂഹത്തിന്റെ ദീർഘകാല ആരോഗ്യത്തിന് വേണ്ടിയുള്ള നിക്ഷേപമാണെന്ന് സി.എ സഹൽ ജമാലുദ്ദീൻ അഭിപ്രായപ്പെട്ടു. ചടങ്ങിൽ സ്‌പെഷ്യലിസ്റ്റ് ജനറൽ സർജൻ ഡോ. നുസ്രത്ത് ജബീൻ ബോധവൽക്കരണ പ്രഭാഷണം നടത്തി.
വാഹന വിപണന രംഗത്തെ സേവനങ്ങൾക്ക് പുറമേ സമൂഹത്തിന് ഉപകാരപ്രദമായ പ്രവർത്തനങ്ങളിൽ പങ്കാളികളാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് മോട്ടോർ സിറ്റി ബഹ്‌റൈൻ ജനറൽ മാനേജർ അരുൺ ഗണേഷ് കുമാർ പറഞ്ഞു. പദ്ധതിയുടെ ലക്ഷ്യങ്ങൾ വ്യക്തമാക്കുന്ന അവതരണവും, ഇരു സ്ഥാപനങ്ങളുടെയും നേതൃത്വത്തിൽ ഔദ്യോഗിക പ്ലാക്കാർഡ് വിതരണവും ഫ്ലാഗ് ഓഫും ഉദ്ഘാടന ചടങ്ങിന്റെ ഭാഗമായി നടന്നു. ബഹ്‌റൈനിലുടനീളമുള്ള അൽ ഹിലാലിന്റെ 11 ശാഖകളിലൂടെയും ഈ സേവനം പൊതുജനങ്ങൾക്ക് ലഭ്യമാകും.
#BahrainNews #AlHilalHealthcare #PinkDrive #4PMNews
dfddfdfs
cfxvvcx
cvxvcv
cvccx
bvcvb

