തുടർചികിത്സയ്ക്ക് നാട്ടിലേക്ക് മടങ്ങുന്ന കൊല്ലം സ്വദേശിനിക്ക് യാത്രാ ടിക്കറ്റ് നൽകി കെ.പി.എ
പ്രദീപ് പുറവങ്കര
മനാമ: ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ചികിത്സയ്ക്കായി നാട്ടിലേക്ക് മടങ്ങുന്ന കൊല്ലം സ്വദേശിനിക്ക് വിമാന ടിക്കറ്റ് നൽകി കൊല്ലം പ്രവാസി അസോസിയേഷൻ (KPA) മാതൃകയായി. കഴിഞ്ഞ കുറച്ചു വർഷങ്ങളായി ബഹ്‌റൈനിൽ തുച്ഛമായ ശമ്പളത്തിൽ ജോലി ചെയ്തു വരികയായിരുന്ന ഇവർ, രോഗബാധ മൂലം ജോലിക്ക് പോകാൻ സാധിക്കാതെ ഭക്ഷണത്തിന് പോലും പ്രയാസപ്പെടുന്ന സാഹചര്യത്തിലായിരുന്നു.
സൽമാനിയ ആശുപത്രിയിൽ ചികിത്സ തേടിയ ഇവർക്ക് കൂടുതൽ പരിശോധനകൾ ആവശ്യമാണെന്നും വിദഗ്ദ്ധ ചികിത്സയ്ക്കായി നാട്ടിലേക്ക് മടങ്ങുന്നതാണ് ഉചിതമെന്നും ഡോക്ടർമാർ നിർദ്ദേശിക്കുകയായിരുന്നു. വിവരമറിഞ്ഞ കൊല്ലം പ്രവാസി അസോസിയേഷൻ ചാരിറ്റി വിംഗിന്റെയും വനിതാ വിഭാഗമായ പ്രവാസിശ്രീയുടെയും ഭാരവാഹികൾ ഇവരെ നേരിൽ സന്ദർശിക്കുകയും എത്രയും വേഗം നാട്ടിലെത്തിക്കുന്നതിന്റെ ഭാഗമായി വിമാന ടിക്കറ്റ് കൈമാറുകയും ചെയ്തു.
ചടങ്ങിൽ കെ.പി.എ വർക്കിങ് പ്രസിഡന്റ് രാജ് കൃഷ്ണൻ, ഓർഗനൈസിങ് സെക്രട്ടറി അനൂപ് തങ്കച്ചൻ, സെക്രട്ടറി വി. എം പ്രമോദ്, ചാരിറ്റി വിംഗ് കൺവീനർ നവാസ് കുണ്ടറ, മനാമ ഏരിയ കോഓർഡിനേറ്റർ ഷമീർ സലീം, പ്രവാസിശ്രീ അസിസ്റ്റന്റ് ചെയർപേഴ്സൺ ഷാമില ഇസ്മായീൽ എന്നിവർ സംബന്ധിച്ചു.
cxccvxcvcx

