പുതു തലമുറ നേട്ടങ്ങൾക്കൊപ്പം സാമൂഹിക ഉത്തരവാദിത്തവും തിരിച്ചറിയണം: എം. സാജിദ്
പ്രദീപ് പുറവങ്കര
മനാമ: പുതുതലമുറയിലെ കുട്ടികൾ വിവിധ മേഖലകളിൽ കൈവരിക്കുന്ന നേട്ടങ്ങൾ അഭിനന്ദനാർഹമാണെന്നും, അതിനോടൊപ്പം സമൂഹത്തിലെ പിന്നാക്കം നിൽക്കുന്നവരുടെ പ്രയാസങ്ങൾ തിരിച്ചറിയാനും അവർക്കായി പ്രവർത്തിക്കാനും സന്നദ്ധരാകണമെന്നും വിഷൻ 2026 ഡയറക്ടർ എം. സാജിദ് അഭിപ്രായപ്പെട്ടു. ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ ടീൻസ് വിഭാഗമായ ടീൻ ഇന്ത്യ സംഘടിപ്പിച്ച സംഗമത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഉത്തരേന്ത്യയിൽ അടിസ്ഥാന ഭക്ഷണത്തിനും വിദ്യാഭ്യാസത്തിനും പോലും ബുദ്ധിമുട്ട് അനുഭവിക്കുന്ന നിരവധി സാധാരണക്കാരുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സമൂഹത്തിലെ ഇത്തരം ദുരിതങ്ങൾ തിരിച്ചറിയുകയും അർഹരായവർക്ക് ആവശ്യമായ സഹായങ്ങൾ എത്തിക്കാൻ മുന്നിട്ടിറങ്ങുകയും ചെയ്യേണ്ടത് ഓരോരുത്തരുടെയും സാമൂഹിക ഉത്തരവാദിത്തമാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ പ്രസിഡന്റ് സുബൈർ എം. എം. യോഗത്തിൽ അധ്യക്ഷത വഹിച്ചു. ടീൻ ഇന്ത്യ ബോയ്‌സ് പ്രസിഡന്റ് മുഹമ്മദ് നോഷിൻ സ്വാഗതവും ഗേൾസ് വിംഗ് പ്രസിഡന്റ് മിന്നത് നൗഫൽ നന്ദിയും പറഞ്ഞു.
ദിയ നസീമിന്റെ പ്രാർത്ഥനയോടെ ആരംഭിച്ച പരിപാടി ഫിൽസ ഫൈസൽ, ആയിശ നദ്‌വ എന്നിവർ നിയന്ത്രിച്ചു. ഫ്രൻഡ്സ് ജനറൽ സെക്രട്ടറി മുഹ്‌യുദ്ദീൻ, വൈസ് പ്രസിഡന്റ് സഈദ് റമദാൻ നദ്‌വി, ടീൻസ് വകുപ്പ് സെക്രട്ടറി റഷീദ സുബൈർ, വനിതാ വിഭാഗം ജനറൽ സെക്രട്ടറി ഷൈമില നൗഫൽ, കേന്ദ്ര സമിതി അംഗങ്ങളായ നദീറ ഷാജി, മെഹ്റ മൊയ്തീൻ, റമീന മുനീർ, സഫ ഷാഹുൽ ഹമീദ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
dssadsadsads

