കോവിഡ് പ്രതിരോധം: ജനങ്ങൾ സഹകരിച്ചില്ലെങ്കിൽ വീണ്ടും നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടിവരുമെന്ന് നാഷണൽ ടാസ്ക് ഫോഴ്സ്

മനാമ: ബഹ്റൈനിൽ കോവിഡ് രോഗപ്രതിരോധ മാർഗങ്ങൾ ഇനിയും തുടരണമെന്നും ഇതിനോട് സഹകരിക്കാതിരുന്നാൽ വീണ്ടും നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടിവരുമെന്നും നാഷണൽ ടാസ്ക് ഫോഴ്സ് അധികൃതർ വാർത്താസമ്മേളനത്തിൽ മുന്നറിയിപ്പ് നൽകി.
നിലവിൽ രാജ്യത്തു രോഗം നിയന്ത്രണവിധേയമാണ്. അതിനാലാണ് പടിപടിയായി ഓരോ മേഖലയും തുറന്നു പ്രവർത്തിക്കുന്നതിനുള്ള സാഹചര്യം ഒരുക്കുന്നത്. വരും ദിവസങ്ങളിലും ഇത് തുടരുവാനാണ് തീരുമാനം. എന്നാൽ ഇതിനർത്ഥം രാജ്യം രോഗത്തെ അതിജീവിച്ചുകഴിഞ്ഞു എന്നല്ല. തീർച്ചയായും പൊതുജനങ്ങളുടെ സഹകരണമാണ് രോഗപ്രതിരോധത്തിനും ആവശ്യമെന്നും ഇക്കാര്യം ഓരോരുത്തരും സ്വന്തം ഉത്തരവാദിത്തമായെടുത്തു തുടരണമെന്നും ആരോഗ്യമന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ. വലീദ് ഖലീഫ അൽ മനീയ അഭ്യർത്ഥിച്ചു.
അത്യാവശ്യകാര്യങ്ങൾക്കു മാത്രമേ പുറത്തിറങ്ങാവൂ. ഷോപ്പിംഗ് മാളുകളിലും മറ്റും ക്യൂ നിൽക്കുന്പോഴും മറ്റും ഒരു മീറ്ററെങ്കിലും അകലം പാലിക്കണം. മാസ്ക് ധരിക്കണം, സാമൂഹിക അകലം പാലിക്കണം, തിരക്ക് ഒഴിവാക്കണം തുടങ്ങിയ നിബന്ധനകൾ പാലിക്കണം. മാസ്ക് ധരിക്കുന്നതിനേക്കാൾ പ്രധാനം സാമൂഹിക അകലം പാലിക്കുക എന്നത് തന്നെയാണ്. കൂടാതെ റാൻഡം ടെസ്റ്റ് നടത്തുന്നതിന് മൊബൈൽ യൂണിറ്റുകൾ രാജ്യത്തിന്റെ എല്ലാ ഭാഗത്തും പ്രവർത്തിക്കുന്നുണ്ടണ്ട. മാസ്ക് ഉപയോഗിക്കുകയും കൈകൾ ഇടയ്ക്കിടെ സോപ്പിട്ടു കഴുകുന്നതും ദൈനംദിന ചര്യയിൽപ്പെടുത്തണമെന്നും നാഷണൽ ടാസ്ക് ഫോഴ്സ് അധികൃതർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.