നാട്ടിൽ നിന്നും ഇടവേളയ്ക്ക് ശേഷം യാത്രക്കാരുമായി ആദ്യ വിമാനം നാളെ ബഹ്റൈനിലെത്തുന്നു

മനാമ
ബഹ്റൈൻ കേരളീയ സമാജത്തിന്റെ ആഭിമുഖ്യത്തിൽ ഇന്ത്യയിൽ നിന്നും ബഹ്റൈനിലേയ്ക്ക് ഒരിടവേളയ്ക്ക് ശേഷം യാത്രക്കാരുമായി ആദ്യ ചാർട്ടേർഡ് വിമാനം നാളെ (ആഗസ്ത് പത്ത്, തിങ്കളാഴ്ച്ച) എത്തുന്നു. നാളെ വൈകുന്നേരം അഞ്ച് മണിക്കാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് ബഹ്റൈനിലേയ്ക്ക് ആദ്യ ചാർട്ടേർഡ് വിമാനം യാത്ര ചെയ്യുന്നത്. ജൂൺ 28 മുതൽക്ക് ബഹ്റൈനിലേയ്ക്ക് യാത്രാനിരോധനം ഏർപ്പെടുത്തിയിരുന്ന സാഹചര്യത്തിൽ നിരവധി പേരാണ് നാട്ടിൽ നിന്ന് തിരികെ വരാനാകാതെ ബുദ്ധിമുട്ടിയിരുന്നത്. ഈ ബുദ്ധിമുട്ട് തിരിച്ചറിഞ്ഞ് നേരത്തേ നാട്ടിൽ നിന്ന് വരാൻ ആഗ്രഹിക്കുന്നവരുടെ പേര് വിവരങ്ങൾ കേരളീയ സമാജം അധികൃതർ ശേഖരിച്ചിരുന്നു.തുടർന്ന് പലരും ഇതിനായി ടിക്കറ്റ് ബുക്ക് ചെയ്ത് കാത്തിരിക്കുകയായിരുന്നു.
ഇവർക്ക് ഏറെ ആശ്വാസപ്രദമാണ് വിമാനയാത്രയ്ക്ക് നൽകിയ അനുമതി. ഗൾഫ് എയറിന്റെ വിമാനമാണ് നാളെ സെർവീസ് നടത്തുന്നത്. 140 ദിനാറോളമാണ് വൺവെ നിരക്കായി വാങ്ങിയതെന്ന് അറിയുന്നു. വരുംദിവസങ്ങളിൽ കൂടുതൽ ചാർട്ടേർഡ് വിമാനങ്ങൾക്ക് സമാനമായ രീതിയിൽ നാട്ടിൽ നിന്ന് യാത്രാനുമതി ലഭിക്കുമെന്നാണ് കരുതപ്പെടുന്നത്.