ഡോക്ടേർസ് ദിനാചരണത്തിന്റെ ചർച്ചകൾ ആരംഭിച്ച് ബഹ്റൈൻ
മനാമ
ആരോഗ്യപ്രവർത്തകരെ ആദരിക്കുന്നതിന്റെ ഭാഗമായി ഈ വർഷം മുതൽ രാജ്യത്ത് ആരംഭിക്കുന്ന ഡോക്ടേർസ് ദിനത്തിന്റെ മുന്നൊരുക്കങ്ങൾക്കായുള്ള ചർച്ചകൾ ആരംഭിച്ചു. ഈ ദിനത്തിൽ ബഹ്റൈൻ പ്രധാനമന്ത്രി ഹിസ് റോയൽ ഹൈനസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫയുടെ പേരിലുള്ള പുരസ്കാരം രാജ്യത്തെ മികച്ച ബഹ്റൈനി സ്വദേശികളായ ഡോക്ടർമാർക്ക് സമ്മാനിക്കും. ഇതിനായി രണ്ട് ലക്ഷം ഡോളറാണ് മാറ്റി വെച്ചിരിക്കുന്നതെന്ന് ഷെയ്ഖ് ഹൊസം ബിൻ ഈസ അൽ ഖലീഫ അറിയിച്ചു. നവംബർ മാസത്തിലെ ആദ്യ ബുധനാഴ്ച്ചയാണ് ഡോക്ടേർസ് ദിനമായി ബഹ്റൈൻ ആചരിക്കുക.
ഇന്ന് നടന്ന പ്രാരംഭയോഗത്തിൽ ഷെയ്ഖ് ഹൊസം ബിൻ ഈസ അൽ ഖലീഫ, ബഹ്റൈൻ ആരോഗ്യമന്ത്രി ഫഈഖ അൽ സലാഹ്, ബഹ്റൈൻ മെഡിക്കൽ സൊസെറ്റി പ്രസിഡണ്ട് ഡോ. ഗാദ അൽ ഖാസിം എന്നിവർ പങ്കെടുത്തു. രണ്ട് വിഭാഗങ്ങളിലായിട്ടാണ് പുരസ്കാരങ്ങൾ നൽകുന്നത്. തെറാപ്പി, ക്ലിനിക്കൽ, മെഡിക്കൽ റിസർച്ച് എന്നീ വിഭാഗങ്ങളിൽ പ്രവർത്തിക്കുന്ന ഡോക്ടർമാർക്ക് ഇനോവേഷൻ ആന്റ് ക്രിയേറ്റീവ് അവാർഡ് നൽകും. മൂന്ന് ഡോക്ടർമാർക്കാണ് ഈ അവാർഡ് നൽകുക. രണ്ടാമത്തെ പുരസ്കാരം മുപ്പത്ത് വർഷത്തിലധികമായി സേവനമനുഷ്ടിക്കുന്ന ഒരു ഡോക്ടർക്കാണ് നൽകുക.
ആരോഗ്യമന്ത്രാലയത്തിന്റെ വെബ്സൈറ്റിലൂടെയാണ് പുരസ്കാരത്തിനായുള്ള എൻട്രികൾ സ്വീകരിക്കുന്നത്. സെപ്തംബർ അഞ്ചിന് മുന്പായി പുരസ്കാരത്തിനായുള്ള അപേക്ഷകൾ നൽകേണ്ടതാണ്.


