ഇറാൻ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ വിദ്യാർഥികളുടെ സുരക്ഷയ്ക്ക് അടിയന്തര പദ്ധതി വേണമെന്ന് ബഹ്‌റൈൻ എംപിമാർ


പ്രദീപ് പുറവങ്കര

മനാമ: ഇറാൻ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ സ്കൂൾ, സർവകലാശാലാ വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കാൻ വ്യക്തമായ അടിയന്തര കർമപദ്ധതികൾ ആവിഷ്കരിക്കണമെന്ന് ബഹ്‌റൈൻ പാർലമെന്റ് അംഗങ്ങൾ ആവശ്യപ്പെട്ടു. ഇന്നലെ രാവിലെ പത്തുമണിക്ക് വ്യോമാക്രമണ മുന്നറിയിപ്പ് സൈറണുകൾ മുഴങ്ങിയതോടെ സഭയിൽ ഈ വിഷയം അടിയന്തര പ്രാധാന്യത്തോടെ ചർച്ചയായി. വിദ്യാർഥികൾ വീടുകളിൽനിന്ന് അകലെയായിരിക്കുമ്പോൾ മാതാപിതാക്കൾ കടുത്ത ആശങ്കയിലാണെന്ന് എംപിമാർ ചൂണ്ടിക്കാട്ടി.

പാർലമെന്റ് സമ്മേളനത്തിൽ ഫസ്റ്റ് ഡെപ്യൂട്ടി സ്പീക്കർ ജലീല അലവിയാണ് ഈ വിഷയം ഉന്നയിച്ചത്. കുട്ടികൾ സ്കൂളുകളിലും സർവകലാശാലകളിലുമായി മാതാപിതാക്കളിൽനിന്ന് അകന്നിരിക്കുന്ന സമയത്ത് ഇത്തരമൊരു ആക്രമണസാഹചര്യം താൻ ആദ്യമായാണ് കാണുന്നതെന്ന് അവർ പറഞ്ഞു. അടിയന്തര സാഹചര്യങ്ങളിൽ സ്കൂളുകൾ എന്തൊക്കെ ചെയ്യണമെന്നും വിദ്യാർഥികളെ എങ്ങനെ സുരക്ഷിതരാക്കുമെന്നും രക്ഷിതാക്കൾ എന്താണ് പ്രതീക്ഷിക്കേണ്ടതെന്നും വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കണമെന്ന് അവർ ആവശ്യപ്പെട്ടു. മന്ത്രാലയത്തിനു മേലുള്ള വലിയ ഉത്തരവാദിത്തം അംഗീകരിക്കുന്നുണ്ടെങ്കിലും, കുടുംബങ്ങളുടെ ആശങ്കയകറ്റാനും വിദ്യാർഥികളെ സംരക്ഷിക്കാനും കൃത്യമായ നിർദേശങ്ങളും ഉറച്ച പദ്ധതികളും അനിവാര്യമാണെന്ന് അലവി വ്യക്തമാക്കി.

നേരത്തെ, ബഹ്‌റൈനിലും അയൽരാജ്യങ്ങളായ ജിസിസി രാഷ്ട്രങ്ങളിലും ഇറാൻ നടത്തുന്ന തുടർച്ചയായ ആക്രമണങ്ങളെ അപലപിച്ചുകൊണ്ടാണ് പാർലമെന്റ് സ്പീക്കർ അഹമ്മദ് ബിൻ സൽമാൻ അൽ മുസല്ലം സഭാ നടപടികൾ ആരംഭിച്ചത്. ടെഹ്‌റാന്റെ ശത്രുതാപരമായ നടപടികളെ അപലപിച്ച അദ്ദേഹം, രാജ്യത്തിനു നേരെയുള്ള ആക്രമണങ്ങളെ ചെറുക്കാനുള്ള സായുധ സേനയുടെ സജ്ജീകരണങ്ങളെയും കാര്യക്ഷമതയെയും പ്രശംസിച്ചു.

അയൽരാജ്യങ്ങളോട് യാതൊരു പരിഗണനയും കാണിക്കാതെയാണ് ഇറാൻ ആക്രമണം നടത്തുന്നതെന്ന് എംപി അബ്ദുൾവാഹിദ് ഖറാത്തയും കുറ്റപ്പെടുത്തി. ‘കുറച്ചു ദിവസങ്ങൾക്ക് മുൻപ് ബഹ്‌റൈന് നേരെ ഇറാൻ നടത്തിയ ആക്രമണങ്ങളെ ഞങ്ങൾ ശക്തമായി അപലപിക്കുന്നു. നല്ല അയൽപക്ക ബന്ധങ്ങളുടെ തത്വങ്ങൾ മാനിക്കാൻ പരാജയപ്പെട്ട ഒരു അയൽരാജ്യത്തിന്റെ ഭാഗത്തുനിന്ന് ഇത്തരം ആക്രമണങ്ങൾ ആവർത്തിക്കുകയാണ്,’ അദ്ദേഹം പറഞ്ഞു.

ആക്രമണങ്ങളെ പ്രതിരോധിച്ച ബഹ്‌റൈൻ ഡിഫൻസ് ഫോഴ്‌സിനെ (ബിഡിഎഫ്) പ്രശംസിച്ച ഖറാത്ത, ആഭ്യന്തര മന്ത്രാലയം, നാഷണൽ ഗാർഡ്, മറ്റ് അനുബന്ധ വിഭാഗങ്ങൾ എന്നിവരുടെ സേവനങ്ങളെയും അഭിനന്ദിച്ചു. ‘ഈ ഇറാനിയൻ ആക്രമണങ്ങളെ നേരിടാനുള്ള ബഹ്‌റൈൻ ഡിഫൻസ് ഫോഴ്‌സിന്റെ കാര്യക്ഷമതയെയും കഴിവിനെയും ഞങ്ങൾ അഭിനന്ദിക്കുന്നു. ഒപ്പം ആഭ്യന്തര മന്ത്രാലയത്തെയും നാഷണൽ ഗാർഡിനെയും മറ്റ് സഹായ സംഘങ്ങളെയും പ്രശംസിക്കുന്നു,’ അദ്ദേഹം കൂട്ടിച്ചേർത്തു.

article-image

sdfgds

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed