ഗുരുതര ഗതാഗത നിയമലംഘനം നടത്തുന്ന വിദേശ ഡ്രൈവർമാരെ നാടുകടത്തണം; പ്രമേയത്തിന് ബഹ്റൈൻ പാർലമെന്റിന്റെ അംഗീകാരം
പ്രദീപ് പുറവങ്കര
മനാമ: ഗുരുതരമായ ഗതാഗത നിയമലംഘനങ്ങളിൽ കുറ്റക്കാരെന്ന് കണ്ടെത്തുന്ന വിദേശ ഡ്രൈവർമാരെ നാടുകടത്തണമെന്നും, ഇവർക്ക് ബഹ്റൈനിലേക്ക് മടങ്ങിവരുന്നതിന് സ്ഥിരവിലക്ക് ഏർപ്പെടുത്തണമെന്നും ആവശ്യപ്പെടുന്ന പ്രമേയത്തിന് പാർലമെന്റ് ചൊവ്വാഴ്ച ഏകകണ്ഠമായി അംഗീകാരം നൽകി. കുറ്റക്കാരെ രാജ്യത്തുനിന്ന് പുറത്താക്കാൻ നിലവിലുള്ള നിയമങ്ങൾ തന്നെ പര്യാപ്തമാണെന്ന സർക്കാരിന്റെ വിശദീകരണം നിലനിൽക്കെയാണ് എംപിമാർ പ്രമേയം പാസാക്കിയത്.
മരണത്തിനോ ഗുരുതരമായ പരിക്കുകൾക്കോ ആജീവനാന്ത വൈകല്യങ്ങൾക്കോ കാരണമാകുന്ന അപകടങ്ങൾ ഉണ്ടാക്കുന്ന പ്രവാസി ഡ്രൈവർമാരെ രാജ്യത്തുനിന്ന് നീക്കം ചെയ്യുന്ന കാര്യം സർക്കാർ പഠിക്കണമെന്ന് പ്രമേയം ആവശ്യപ്പെടുന്നു. മറ്റുള്ളവരുടെ ജീവൻ അപകടത്തിലാക്കുന്ന വിദേശ ഡ്രൈവർമാരെ ശിക്ഷാ കാലാവധി പൂർത്തിയാക്കിയ ശേഷം നാട്ടിലേക്ക് തിരിച്ചയക്കണമെന്നും ബഹ്റൈനിൽ വീണ്ടും പ്രവേശിക്കുന്നത് തടയണമെന്നും പ്രമേയത്തിന്റെ അവതാരകരിൽ ഒരാളായ എംപി ഇമാൻ ഷുവൈത്തർ ആവശ്യപ്പെട്ടു.
‘ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനായി റോഡുകൾ ഉപയോഗിക്കുന്ന വിദേശികളുടെ എണ്ണം നിയന്ത്രിക്കാനാണ് ഞങ്ങൾ ലക്ഷ്യമിടുന്നത്. ഗുരുതരമായ കുറ്റകൃത്യങ്ങൾക്ക് ഉത്തരവാദികളായവരെ നാടുകടത്തുന്നതും അവരുടെ തിരിച്ചുവരവ് തടയുന്നതും മറ്റ് പ്രവാസികൾക്ക് ശക്തമായൊരു മുന്നറിയിപ്പായി മാറും,’ അവർ സഭയിൽ പറഞ്ഞു. അശ്രദ്ധമായി വാഹനമോടിക്കുന്നവർ മറ്റ് യാത്രക്കാരെ അപകടത്തിലാക്കുന്നത് തടയാൻ കൂടുതൽ കർശനമായ നടപടികൾ അനിവാര്യമാണെന്നും അവർ ചൂണ്ടിക്കാട്ടി.
അതേസമയം, ഗുരുതരമായ ഗതാഗത കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരെ ശിക്ഷിക്കാൻ നിലവിലുള്ള നിയമം അനുവദിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി പാർലമെന്ററി കാര്യ മന്ത്രി ഗാനിം അൽ ബുഐനൈൻ പ്രമേയത്തിന്റെ നിയമപരമായ സാധുതയെ ചോദ്യം ചെയ്തു. കുറ്റവാളികളെ നേരിടാൻ ആഭ്യന്തര മന്ത്രാലയത്തിന്റെ പക്കൽ നിലവിൽ തന്നെ നിയമങ്ങളുള്ളപ്പോൾ എംപിമാർ ഇതിലപ്പുറം എന്താണ് തേടുന്നതെന്നും മന്ത്രി ആരാഞ്ഞു.
എന്നാൽ, പുതിയൊരു ക്രിമിനൽ ശിക്ഷയല്ല പ്രമേയം മുന്നോട്ടുവയ്ക്കുന്നതെന്നും, കോടതി നടപടികൾ പൂർത്തിയായ ശേഷം ഭരണപരമായ അധികാരങ്ങൾ ഉപയോഗിച്ച് വിദേശ ഡ്രൈവർമാരെ നാടുകടത്താൻ അധികൃതരെ അനുവദിക്കണമെന്നാണ് ആവശ്യപ്പെടുന്നതെന്നും എംപി മഹ്മൂദ് ഫർദാൻ വ്യക്തമാക്കി. ‘കോടതി ഉത്തരവിടുന്ന നാടുകടത്തൽ ഒരു അധിക ശിക്ഷയാണെന്ന മന്ത്രിയുടെ അഭിപ്രായത്തോട് ഞാൻ യോജിക്കുന്നു. എന്നാൽ, ശിക്ഷാനിയമപ്രകാരമുള്ള ശിക്ഷ എന്നതിലുപരി ഒരു ഭരണപരമായ നടപടിയായാണ് ഞങ്ങൾ നാടുകടത്തലിനെ ഉദ്ദേശിക്കുന്നത്,’ അദ്ദേഹം വിശദീകരിച്ചു. എങ്കിലും, ഇത്തരം നടപടികൾക്കുള്ള നിയമപരമായ അടിത്തറ വ്യക്തമായിരിക്കണമെന്ന നിലപാടിൽ മന്ത്രി അൽ ബുഐനൈൻ ഉറച്ചുനിന്നു.
പൊതുതാൽപ്പര്യത്തിന് ഹാനികരമാകുന്ന തരത്തിൽ ഗുരുതരമായ കുറ്റകൃത്യമാണ് നടന്നതെന്ന് വിലയിരുത്തപ്പെട്ടാൽ, കോടതി നാടുകടത്താൻ ഉത്തരവിട്ടില്ലെങ്കിൽ പോലും വിദേശ ഡ്രൈവറോട് ബഹ്റൈൻ വിട്ടുപോകാൻ നിർദേശിക്കാൻ അധികൃതർക്ക് സാധിക്കുമെന്ന് പാർലമെന്റിന്റെ നിയമോപദേഷ്ടാവ് സാലിഹ് അൽ ഗതീത് വ്യക്തമാക്കി. ‘കോടതി ഉത്തരവിട്ടില്ലെങ്കിലും, കുറ്റകൃത്യം പൗരന്മാരുടെയും രാജ്യത്തിന്റെയും താൽപ്പര്യങ്ങൾക്ക് ദോഷകരമാണെന്ന് ഭരണകൂടത്തിന് ബോധ്യപ്പെട്ടാൽ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ കഴിയും,’ അദ്ദേഹം കൂട്ടിച്ചേർത്തു.
sdetsgt


