വേ­നൽ കഴി­ഞ്ഞു­; ബഹ്റിനിലെ വാ­രാ­ന്ത്യങ്ങൾ ഇനി­ ആഘോ­ഷ നാ­ളു­കൾ


രാജീവ് െവള്ളിക്കോത്ത്  

മനാമ: എതാനും വർഷങ്ങളെ അപേക്ഷിച്ചുണ്ടായ ഏറ്റവും ചൂട്  കൂടിയ ഓഗസ്റ്റ് മാസം കടന്ന് പോയതോടെ  ചൂടിന്റെ കാഠിന്യം അൽപ്പം ശമിക്കുന്നു. വേനൽ അവധിയുടെ ആലസ്യത്തിൽ നിന്ന് നാട്ടിൽ  നിന്നും  മടങ്ങിയവർക്കും വേനൽ ചൂടിൽ പുറത്തിറങ്ങാൻ കഴിയാതിരുന്നവർക്കും ഇനിയുള്ള വാരാന്ത്യങ്ങൾ ആഘോഷങ്ങളുടെ ദിനങ്ങളായിരിക്കും. ഓണം അവസാനിച്ചുവെങ്കിലും ഇനി വരുന്ന വ്യാഴം, വെള്ളി ദിവസങ്ങൾ പലതും മലയാളി സംഘടനകളുടെ ഓണാഘോഷങ്ങളുടെ ദിനങ്ങൾ ആയിരിക്കും. വലിയ പെരുന്നാൾ കൂടി അടുത്തു വരുന്നതോടെ ഓണാഘോഷങ്ങൾ അതിന് മുൻപ് തീർക്കാനുള്ള തത്രപ്പാടിലാണ് ബഹ്റിനിലെ മലയാളി കൂട്ടായ്മകളെല്ലാം. ഇന്ന് ബഹ്റിൻ കേരളീയ സമാജം, ശ്രീനാരായണ കൾച്ചറൽ സൊസൈറ്റി, ഗുരുദേവ സോഷ്യൽ സൊസൈറ്റി, വിശ്വകല എന്ന സംഘടനകളാണ് ഓണസദ്യ ഒരുക്കിയത്. സമാജത്തിൽ 2 മണി ആകുന്പോഴേയ്ക്കും നാലായിരത്തോളം പേരാണ് സദ്യ കഴിക്കാനെത്തിയത്. അതുപോലെ തന്നെ മറ്റു സംഘടനകളുടെ ഓണസദ്യയിലും നിരവധി പേരാണ് സംബന്ധിച്ചത്. ഒരേ ദിവസം പല സ്ഥലത്തും സദ്യ ഏർപ്പെടുത്തിയത് കൊണ്ട് പൊതു സമൂഹത്തിൽ ഇടപെടുന്ന പലർക്കും ഇന്ന് ഓണസദ്യയിൽ സംബന്ധിക്കാൻ നന്നേ പാട് പെടേണ്ടി വന്നു.

സാംസ്കാരിക പരിപാടികൾക്കും തുടക്കമിട്ടത് ബഹ്റിൻ കേരളീയ സമാജത്തിൽ നിന്ന് തന്നെയാണ്. പ്രശസ്തരായ നിരവധി കലാകാരന്മാരും കലാകാരികളും സംബന്ധിച്ച ഓണ പരിപാടികൾക്ക് പിറകെ ഇനി വരുന്ന വാരാന്ത്യങ്ങളിലും കേരളത്തിൽ നിന്നുള്ള ചലച്ചിത്ര താരങ്ങൾ  പങ്കെടുക്കുന്ന മൂന്നോളം മെഗാ ഷോകളാണ് ബഹ്റിനിൽ അരങ്ങേറുന്നത്. സപ്തംബർ 23ന് കൈരളി ടി.വിയുടെ പട്ടുറുമാൽ എന്ന റിയാലിറ്റി ഷോയിൽ സംബന്ധിക്കാൻ മെഗാ സ്റ്റാർ മമ്മൂട്ടി അടക്കമുള്ള താരങ്ങൾ സംബന്ധിക്കുമെന്നാണ് സംഘാടകർ  അറിയിച്ചത്. ഇന്ത്യൻ ക്ലബ്ബിന്റെ സഹകരണത്തോടെ നടക്കുന്ന പരിപാടി ഇസാടൗൺ ഇന്ത്യൻ സ്കൂളിൽ വെച്ചാണ് നടക്കുക.

തൊട്ടടുത്ത ദിവസം പ്രശസ്ത ഗായിക ശ്രേയാ ഘോഷാൽ നയിക്കുന്ന സംഗീതനിശ നടക്കും.  നീണ്ട ഇടവേളയ്ക്ക് ശേഷം ബഹ്റിനിൽ എത്തുന്ന ശ്രേയ ഘോഷാൽ സംഗീത പരിപാടിക്ക് വൻ ഒരുക്കങ്ങളാണ് അണിയറയിൽ പുരോഗമിക്കുന്നത്. ജി.സി.സി രാജ്യങ്ങളിൽ നിന്നടക്കമുള്ള  ആസ്വാദകർ ഈ പരിപാടി കാണാൻ എത്തിച്ചേരുമെന്നാണ് സംഘാടകർ കരുതുന്നത്. 25ന് മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളും സംഗീത പ്രതിഭകളും ഒരുമിക്കുന്ന താര സംഗീത നിശയാണ് ഇന്ത്യൻ സ്കൂൾ വേദിയിൽ അരങ്ങേറുക. മലയാളത്തിൽ യുവതീ യുവാക്കൾക്കിടയിൽ ഏറെ ആരാധകരുള്ള നിവിൻ പോളി, മഞ്ജു വാര്യർ തുടങ്ങിയ താരങ്ങൾക്കൊപ്പം മലയാളത്തിന്റെ പ്രിയ ഗായകൻ എം.ജി ശ്രീകുമാറും ചേരും.

ഈദ് അവധിക്കൊപ്പം ബഹ്റിനിലെ ഏറ്റവും വലിയ കുട്ടികളുടെ കലാമേളയായ സമാജം ബാലകലോത്സവവും നടക്കുമെന്നാണ് അറിവായിട്ടുള്ളത്. കേരളത്തിലെ സ്കൂൾ കുട്ടികൾക്ക് യുവജനോത്സവങ്ങളിലൂടെ ലഭിക്കുന്ന അംഗീകാരവും വേദിയുമാണ് സമാജം ബാലകലോത്സവത്തിലൂടെ ലഭിക്കുന്നത്. ഇത്തരം കലോത്സവങ്ങളും കലാപരിപാടികളും ഉണ്ടാകുന്നത് കൊണ്ട് തന്നെ നിരവധി നൃത്താദ്ധ്യാപകർക്കും അനുബന്ധ കലകാരന്മാർക്കും അവസരങ്ങൾ കൈവരികയും ചെയ്യുന്നുണ്ട്. സമാജം പരിപാടികളിലൂടെ മാത്രം തങ്ങളുടെ സർഗ്ഗാത്മക കഴിവുകൾ പുറത്തുകാട്ടുകയും അതിലൂടെ പ്രശസ്തരായവരും നിരവധിയാണ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed