അയ്‌ലാന് ലോകത്തിന്റെ യാത്രാമൊഴി

ബാഗ്ദാദ്: യുദ്ധവും ഭീകരതയുമില്ലാത്ത ഒരു പുതിയ ലോകത്തേക്ക് അയ്‌ലാൻ യാത്രയായി. ജന്മനാട്ടിലെ അശാന്തിയില്‍നിന്ന് സമാധാനത്തിന്റെ തീരം തേടി യാത്രയായ അവന്‍ തണുത്തു വിറങ്ങലിച്ച മൃതദേഹമായി സ്വന്തം നാട്ടില്‍ തന്നെ തിരിച്ചെത്തി. സിറിയയില്‍ ഐഎസ് ഭീകരതയില്‍ നൂറുകണക്കിനു നിരപരാധികളുടെ രക്തം വീണുചുവന്ന കൊബാനിയിലെ മണ്ണ് അവനെ ഏറ്റെടുത്തു. മനുഷ്യമനഃസാക്ഷിയുടെ നേരേ ഒരായിരം ചോദ്യങ്ങള്‍ തൊടുത്തുവിട്ടാണ് അയ്‌ലാന്റെ യാത്ര.
ഇന്നു രാവിലെയാണ് അയ്‌ലാന്റെയും സഹോദരന്‍ അഞ്ചുവയസുകാരനായ ഗാലിബിന്റെയും അമ്മയുടെയും മൃതദേഹങ്ങള്‍ ഈസ്താംബുളിലെ അട്ടാതര്‍ക്ക് വിമാനത്താവളത്തില്‍നിന്ന് ടര്‍ക്കിഷ് എയര്‍ലൈന്‍സിന്റെ പ്രത്യേക വിമാനത്തില്‍ സിറിയയിലെത്തിച്ചത്. ദുരന്തത്തില്‍നിന്നു രക്ഷപെട്ട പിതാവ് അബ്ദുള്ള കുര്‍ദിയും മൃതദേഹങ്ങള്‍ക്കൊപ്പമുണ്ടായിരുന്നു. രണ്ട് മക്കളെ നഷ്ടപ്പെട്ട പിതാവെന്ന നിലയില്‍ ഈ ലോകത്തുനിന്ന് തനിക്കായി ഒന്നും ഇനി ആഗ്രഹിക്കുന്നില്ലെന്ന് ഇടറുന്ന ശബ്ദത്തോടെ അബ്ദുള്ള പറഞ്ഞു.
സിറിയയിലെ ദുരന്തങ്ങള്‍ അവസാനിപ്പിക്കണമെന്നും സമാധാനം എത്രയും വേഗം പുലരണമെന്നുമാണു തന്റെ ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു. കൊബാനിയിലെ 'രക്തസാക്ഷികളുടെ അനുഷ്ഠാനം' എന്നറിയപ്പെടുന്ന സ്ഥലത്താണ് അയ്‌ലായും കുടുംബത്തിന്റെയും മൃതദേഹങ്ങള്‍ ഖബറടക്കിയത്. ജൂലൈയില്‍, ഐഎസ് ഭീകരര്‍ കൊലപ്പെടുത്തിയ, അബ്ദുള്ളയുടെ 11 കുടുംബാംഗങ്ങളെ ഈ മണ്ണിലാണ് അടക്കം ചെയ്തത്.