കേന്ദ്രസർക്കാർ ഇടപ്പെടൽ ; ബഹ്റൈനിലെ ചാർട്ടേർഡ് വിമാനങ്ങളുടെ യാത്ര താത്കാലികമായി മുടങ്ങാൻ സാധ്യത
മനാമ: കോവിഡ് രോഗവ്യാപനത്തിൻ്റെ അടിയന്തിര സാഹചര്യം പരിഗണിച്ചും, രോഗികളും ജോലി നഷ്ടപ്പെട്ട ഹതാശരായ സഹജീവികളുടെയും അവസ്ഥ മനസിലാക്കിയും ബഹ്റൈനിലെ സംഘടനകൾ മുൻകൈയെടുത്ത് ആരംഭിച്ച ചാർട്ടേർഡ് വിമാനസേവനങ്ങൾ നിന്ന് പോകുമോ എന്നാശങ്കയിലാണ് ഇവിടെയുള്ള യാത്രക്കാരും, സംഘാടകരും.
സംസ്ഥാന സർക്കാർ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കേറ്റ് ആവശ്യപ്പെട്ടാണ് ആദ്യം ചാർട്ടേർഡ് വിമാന യാത്രക്കാരെ ആശങ്കയിലാഴ്ത്തിയത്. പിന്നീട് അത് വന്ദേഭാരത് മിഷനിലെ യാത്രക്കാർക്കും ബാധകമാക്കി. ഇതിന് ശേഷം ഈ ഉത്തരവ് നടപ്പിൽ വരേണ്ട ജൂൺ 20ന് മുന്പ് പരമാവധി പേരെ നാട്ടിലെത്തിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് കേന്ദ്ര സർക്കാരിന്റെ അടുത്ത തീരുമാനം എത്തിയിരിക്കുന്നത്. ഇത് പ്രകാരം ജൂൺ 23 വരെ നാട്ടിലേയ്ക്കുള്ള വിമാനങ്ങളാണ് താത്കാലികമായി നിർത്തിവെക്കാൻ ചാർട്ടേർഡ് വിമാനങ്ങൾ ഏർപ്പാടാക്കിയ ബഹ്റൈനിലെ പ്രധാന കൂട്ടായ്മകളോട് ഇന്ത്യൻ എംബസി ആവശ്യപ്പെട്ടിരിക്കുന്നത്. ഇങ്ങിനെയൊരു തീരുമാനത്തിന്റെ കാരണം ഇതുവരെയായും വ്യക്തമായിട്ടില്ല.
ഈ സാഹചര്യത്തിൽ ബഹ്റൈനിൽ നിന്നും കേരളീയ സമാജവും ഇന്ത്യൻ ക്ലബ്ബുമടക്കമുള്ള കൂട്ടായ്മകൾ നേരത്തേ ചാർട്ടർ ചെയ്ത വിമാനങ്ങളുടെ യാത്ര അനിശ്ചിതത്വത്തിലായിരിക്കുകയാണ്. റീ ഷെഡ്യൂൾ ചെയ്യുന്ന വിമാന സർവ്വിസിന് വീണ്ടും അനുമതിക്കായി പുതിയ അപേക്ഷ സമർപ്പിക്കണമെന്നാണ് ഇന്ത്യൻ സിവിൽ ഏവിയേഷൻ ചട്ടം. ഇത് കാരണം നേരത്തേ അനുമതി നേടിയതിന് പുറമേ വീണ്ടും, ഇന്ത്യയിലെ വിദേശകാര്യ വകുപ്പ്, വ്യോമയാന വകുപ്പ്, എയർപ്പോർട്ട് അതോറിറ്റി, ബഹ്റൈൻ വിദേശകാര്യ മന്ത്രാലയം, ഗൾഫ് എയർ എന്നിവക്ക് വീണ്ടും അപേക്ഷ നൽകേണ്ട സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്. അഞ്ച് ദിവസത്തോളമാണ് സാധാരണ ഇതിന്റെ പ്രോസസ്സിങ്ങ് ആവശ്യങ്ങൾക്ക് വേണ്ടി വരാറുള്ളതെന്ന് സമാജം ഭാരവാഹികൾ പറയുന്നു. അതായത് ജൂൺ 28 ഓടെ മാത്രമേ ഇവയ്ക്ക് യാത്രാഅനുമതി ലഭിക്കാൻ സാധ്യത ഉള്ളൂ. ഇങ്ങിനെ യാത്രാനുമതി ലഭിച്ചാൽ ഇപ്പോൾ ബുക്ക് ചെയ്ത് കാത്തിരിക്കുന്നവർക്ക് ഉടൻ തന്നെ മേസേജായും ഫോൺ മുഖേനയും വിവരം അറിയിക്കുന്നതാണെന്നും വാർത്താകുറിപ്പിലൂടെ കേരളീയ സമാജം പ്രസിഡണ്ട് പി വി രാധാകൃഷ്ണ പിള്ളയും, സെക്രട്ടറി വർഗീസ് കാരക്കലും അറിയിച്ചു. ആദ്യഘട്ടത്തിൽ നാലു വിമാനങ്ങളും രണ്ടാം ഘട്ടത്തിൽ രണ്ട് വിമാനങ്ങളുമാണ് കേരളീയസമാജം നാട്ടിലേയ്ക്ക് അയച്ചത്.
അതേസമയം കൈയിലുള്ളതും കടം വാങ്ങിയതുമായ പണം കൊടുത്തു ചാർട്ടേർഡ് വിമാനങ്ങളിൽ ടിക്കറ്റെടുത്ത യാത്രക്കാരും ഈ തീരുമാനം വന്നതോടെ വലിയ പ്രയാസത്തിലായിരിക്കുകയാണ്. അടിയന്തരമായി നാട്ടിലെത്തേണ്ടവരാണ് ഇവരിൽ പലരും. ടിക്കറ്റ് നൽകിയ സംഘടന ഭാരവാഹികളാണെങ്കിൽ ഇവരോട് എന്ത് മറുപടി പറയുമെന്ന ആശങ്കയിലുമാണ്.

