ജീവകാരുണ്യ പ്രവര്‍ത്തകര്‍ കനിഞ്ഞു. സഹോദരനെ കാണാന്‍ വനിത നാട്ടിലേയ്ക്ക് പോയി

മനാമ : ബഹ്റൈനിൽ പാര്‍ട്ട് ടൈം ഹൗസ് മെയ്ഡ് ജോലി ചെയ്തു വരികയായിരുന്നു എറണാകുളം കളമശേരി സ്വദേശിനിയായ അജിതകുമാരി എന്ന വനിതയ്ക്ക് ജീവകാരുണ്യപ്രവര്‍ത്തകരുടെ സഹായം. മൂന്ന് മക്കളും, മാനസികാസ്വാസ്ഥ്യമുള്ള ഭര്‍ത്താവുമുള്ള ഇവരുടെ ഏക ആശ്രയമായ സഹോദരന്‍ കഴിഞ്ഞയാഴ്ച്ച രക്തസമ്മര്‍ദ്ദം കൂടി എറണാകുളത്തുള്ള ലൂര്‍ദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
മറ്റാരും തുണയ്ക്ക്കില്ലാത്ത സാഹചര്യത്തില്‍ നാട്ടിലേയ്ക്ക് പോകാന്‍ തീരുമാനിച്ചെങ്കിലും പാസ്പോര്‍ട്ട് പണയത്തിലായത് കാരണം അതിന് സാധിക്കാതെ ബുദ്ധിമുട്ടുകയായിരുന്നു ഇവര്‍. തുടര്‍ന്ന് ഫോര്‍ പി എമുമായി ബന്ധപ്പെട്ടതിന് ശേഷം, ബഹ്റൈനിലെ പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകനും, മലയാളി ബിസിനസ് ഫോറം ജനറല്‍ സെക്രട്ടറിയുമായ ബഷീര്‍ അന്പലായി ഈ കാര്യത്തില്‍ ഇടപ്പെട്ടതോടെയാണ് നാട്ടിലേയ്ക്ക് തിരികെ പോകാനുള്ള അവസരം കൈവന്നത്.
ബഹ്റൈന്‍ കേരള സോഷ്യല്‍ ഗ്രൂപ്പ്, മലയാളി ബിസിനസ് ഫോറം എന്നിവര്‍ പിരിച്ച് നല്‍കിയ മുന്നൂറ് ദിനാറും, ടിക്കറ്റും, എറണാകുളം ജില്ലയിലെ പ്രവാസി അസോസിയേഷനായ ഫെഡ് നല്‍കിയ നൂറ് ദിനാറും, ഐസിഎഫ് നല്‍കിയ അന്പത് ദിനാറുമടക്കമുള്ള സംഭാവനകളാണ് ഇവര്‍ക്ക് ലഭിച്ചത്. ബഷീര്‍ അന്പലായി, ലത്തീഫ് മരക്കാട്ട്, കാസിം പാടത്തെകായില്‍ എന്നിവരുടെ സാന്നിദ്ധ്യത്തില്‍ ഫ്രാന്‍സിസ് കൈതാരത്ത് സംഭാവനകള്‍ കൈമാറി. ഇന്നുച്ചയ്ക്കുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് ഇവര്‍ നാട്ടിലേയ്ക്ക് പോയത്.