മുൻ ക്രിക്കറ്റ് താരം ടി എ ശേഖർ ഇന്ത്യൻ സ്‌കൂൾ സന്ദർശിച്ചു

മനാമ: എൺപതുകളുടെ തുടക്കത്തിൽ ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ ബോളർമാരിൽ ഒരാളായിരുന്ന ടി എ ശേഖർ ഇന്ത്യൻ സ്‌കൂൾ സന്ദർശിച്ച് വിദ്യാർത്ഥികളുമായി സംവദിച്ചു. 14 വയസ്സിന് താഴെയുള്ള ആൺകുട്ടികളുമായുള്ള സംവേദനാത്മക സെഷനിൽ അദ്ദേഹം കുട്ടികൾക്ക് ക്രിക്കറ്റിനെ കുറിച്ചുള്ള അറിവുകൾ പകർന്നു നൽകി. ഇന്ത്യൻ സ്‌കൂൾ സെക്രട്ടറി സജി ആന്റണി, എക്സിക്യൂട്ടീവ് അംഗങ്ങളായ രാജേഷ് നമ്പ്യാർ, ബിനു മണ്ണിൽ വർഗീസ്, അജയകൃഷ്ണൻ വി, സജി മങ്ങാട്, പ്രിൻസിപ്പൽ വി.ആർ. പളനിസ്വാമി , വൈസ്-പ്രിൻസിപ്പൽമാർ , കായിക അധ്യാപകർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. രാജ്യത്തെയോ ദേശീയ ടീമിനെയോ പ്രതിനിധീകരിക്കണമെന്ന് സ്വപ്നം കാണുന്നതിനുമുമ്പ് എല്ലാ പ്രായ വിഭാഗങ്ങളിലുമുള്ള ടൂർണമെന്റുകളിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ ടിഎ ശേഖർ കുട്ടികളെ ഉപദേശിച്ചു. ‘പരിശീലനം മനുഷ്യനെ പരിപൂർണ്ണനാക്കുന്നു’ എന്ന് ഉദ്ധരിച്ച അദ്ദേഹം ‘തികഞ്ഞ മനുഷ്യനാകാൻ നന്നായി പരിശീലിക്കാൻ’ കുട്ടികളെ ഉപദേശിച്ചു. ചെന്നൈയിലെ എംആർഎഫ് പേസ് ഫൗണ്ടേഷന്റെ ബൗളിംഗ് പരിശീലകനായിരുന്നു ശേഖർ.