ആസാദ് പാടി; പ്രേംനസീർ ഡിന്നറിനു ക്ഷണിച്ചു

കൊച്ചിൻ ആസാദ് ബഹ്‌റൈനിൽ വന്ന വേളയിൽ ഷംസ് കൊച്ചിൻ &കുടുംബത്തോടൊപ്പം
ഇന്ന് പുലർച്ചെ കൊച്ചിയിൽ നിര്യാതനായ കൊച്ചിൻ ആസാദിന് ബഹ്‌റൈനുമായുള്ള ബന്ധം ദീർഘകാലമായി ഉള്ളതാണെന്ന് ബഹ്‌റൈനിലെ അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ ഓർക്കുന്നു.ബഹ്‌റൈനിൽ പ്രേംനസീർ വന്ന സമയത്ത് ഗാനമേളയിൽ റാഫിയുടെ പാട്ടുകൾ ആലപിച്ച് മനം കവർന്ന കൊച്ചിൻ ആസാദിനെ പ്രേംനസീർ ഡിന്നറിനു ക്ഷണിച്ച കഥ ഓർത്തെടുക്കുകയാണ് ബഹ്‌റൈനിലെ കീബോർഡ് കലാകാരനും ഗായകൻ അഫ്സലിന്റെ സഹോദരനുമായ ഷംസ്. റാഫിയുടെ പാട്ടുകളെ ഏറെ ഇഷ്ടപ്പെട്ടിരുന്ന പ്രേം നസീർ പരിപാടി കഴിഞ്ഞപ്പോഴാണ് സംഘാടകരോട് ആസാദിനോടൊപ്പം ഡിന്നർ കഴിക്കാൻ താൽപര്യമുണ്ടെന്ന് വിളിച്ചറിയിച്ചത്. കേവലം ബാർബർ തൊഴിൽ ചെയ്തു ജീവിക്കുന്ന ആസാദിന് ആ ക്ഷണം വലിയ അനുഗ്രഹമായി മാറുകയായിരുന്നു.ഇപ്പോഴും ബഹ്‌റൈനിൽ വച്ച് പ്രേം നസീറിനോടൊപ്പം ഭക്ഷണം കഴിക്കുന്ന ഫോട്ടോ ആസാദിന്റെ വീട്ടിൽ ഫ്രെയിം ,ചെയ്തു വച്ചിട്ടുണ്ടെന്ന് ഷംസ് ഫോർ പി എം ന്യൂസിനോട് പറഞ്ഞു. ബഹ്‌റൈനിൽ ഏതൊരു പരിപാടിക്കും ആസാദില്ലാത്ത വേദികൾ ഉണ്ടായിരുന്നില്ലെന്ന് മുതിർന്ന മാധ്യമ പ്രവർത്തകൻ സോമൻ ബേബിയും ഓർക്കുന്നു. റാഫിയുടെ ഏതു പാട്ടുകൾ വേദിയിൽ നിന്നും ആവശ്യപ്പെട്ടാലും ആസാദ് പാടുമായിരുന്നുവെന്നും വളരെ നല്ല ബന്ധമായിരുന്നു ആസാദുമായി ഉണ്ടായിരുന്നതെന്ന് സോമൻ ബേബി പറഞ്ഞു..