ബഹ്‌റൈൻ മുൻ പ്രവാസി കൊച്ചിൻ ആസാദ് ഹൃദയാഘാതം മൂലം മരിച്ചു

മനാമ:ബഹ്‌റൈനിലെ മുൻ പ്രവാസി യും പ്രശസ്ത ഗായകനുമായ കൊച്ചിൻ ആസാദ്(62) ഹൃദയാഘാതം മൂലം മരിച്ചു. ഇന്ന് പുലർച്ചെ കൊച്ചിയിലെ കപ്പലണ്ടി മുക്കിലെ വസതിയിൽ വച്ചായിരുന്നു അന്ത്യം. 1979 ൽ ബഹ്‌റൈനിൽ ബാർബറായി ജോലിക്കെത്തിയ ആസാദ് ബഹ്‌റൈനിലെ ഗാനമേളകളിൽ മുഹമ്മദ് റാഫിയുടെ പാട്ടുകൾ പാടിയാണ് സംഗീത രംഗത്ത് എത്തിയത്. പിന്നീട് പ്രമുഖ ഗായകൻ അഫ്സലിന്റെ സഹോദരനും ബഹ്‌റൈൻ പ്രവാസിയുമായ ഷംസ് കൊച്ചിന്റെ നേതൃത്വത്തിൽ ആരംഭിച്ച രാഗം ഓർക്കസ്ട്രയിൽ കൂടിയാണ് ബഹ്‌റൈനിൽ അദ്ദേഹം പ്രശസ്തനായത്. തുടർന്ന് നാട്ടിൽ നിന്നും വരുന്ന പ്രമുഖ ഗായകരുടെ കൂടെ പാടിത്തുടങ്ങിയതോടെ ഇന്ത്യയിലെ വിവിധ സ്‌ഥലങ്ങളിൽ പരിപാടി അവതരിപ്പിക്കാനുള്ള ക്ഷണം ലഭിച്ചു തുടങ്ങി. 10 വർഷക്കാലം ബഹ്‌റൈനിൽ ജോലി ചെയ്ത ശേഷം നാട്ടിലേയ്ക്ക് മടങ്ങുകയും കൊച്ചിൻ ആസാദ് എന്ന പേരിൽ പരിപാടികൽ അവതരിപ്പിച്ചു പ്രശസ്തനാവുകയും ചെയ്തു. പിന്നീട് ബഹ്‌റൈനിലെ നിരവധി വേദികൾ കൊച്ചിൻ ആസാദിന്റെ റാഫി ഷോ അരങ്ങേറി. ഈവര്ഷവും ആസാദിന്റെ പരിപാടി നടത്താനുള്ള ഒരുക്കങ്ങളിൽ ആയിരുന്നു ബഹ്‌റൈനിലെ പിന്നണി കലാകാരന്മാർ .കൊച്ചിൻ ആസാദിന്റെ ആകസ്മിക വേർപാടിന്റെ നടുക്കത്തിലാണ് ബഹ്‌റൈൻ സംഗീത കലാകാരന്മാരും സഹൃദയരും .