ബഹ്‌റൈൻ പ്രതിഭ എൽ ഡി എഫ്കൺവൻഷൻ സംഘടിപ്പിച്ചു
മനാമ : ബഹ്‌റൈൻ പ്രതിഭയുടെ ആഭിമുഖ്യത്തിൽ ഇടതുപക്ഷ ജനാധിപത്യമുന്നണി അനുഭാവികളെ ഉൾപ്പെടുത്തി കൺവെൻഷൻ സംഘടിപ്പിച്ചു. കേരളത്തിൽ നടക്കാനിരിക്കുന്ന അഞ്ചു ഉപതെരഞ്ഞെടുപ്പിലും ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് സമ്പൂർണ വിജയം പ്രദാനം ചെയ്യുവാൻ മുഴുവൻ പ്രവാസികളും പരിശ്രമിക്കണം എന്ന് കൺവൻഷൻ ആഹ്വനം ചെയ്തു .പ്രവാസികൾക്കായി നാളിതുവരെ ഇല്ലാത്ത ക്ഷേമപ്രവർത്തനങ്ങൾ ആണ് കേരള സർക്കാർ ആവിഷ്കരിച്ചു നടപ്പിലാക്കികൊണ്ടിരിക്കുന്നതെന്നും . പ്രവാസി പെൻഷൻ വർധിപ്പിച്ചു കുടിശിഖ തീർത്തു നല്കുന്നതിനോടൊപ്പം പ്രവാസി പുനരധിവാസത്തിനും പ്രവാസി ക്ഷേമത്തിനും ആയി ഒട്ടേറെ പദ്ധതികൾ കാലതാമസം ഇല്ലാതെ നടപ്പിലാക്കുന്നുവെന്നും കൺവെൻഷൻ ചൂണ്ടിക്കാട്ടി .
നാടിന്റെ വികസനവും ജനങ്ങളുടെ ക്ഷേമവുമാണ് ഈ തെരഞ്ഞെടുപ്പിലും പ്രധാന അജൻഡ. ബിജെപി ഭരണം സൃഷ്‌ടിച്ച ഭീതിയുടെ അന്തരീക്ഷത്തിൽ കോൺഗ്രസ് കേന്ദ്രത്തിൽ അധികാരത്തിലെത്തുമെന്ന പ്രതീതിയുണ്ടാക്കിയാണ് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് വിജയം നേടിയത്. എന്നാൽ, കേന്ദ്രത്തിൽ വീണ്ടും മോഡിഭരണം വന്നതോടെ യുഡിഎഫിനെ തുണച്ചവർ നിരാശരായി .ഹിന്ദുത്വ വർഗീയതയ്‌ക്കെതിരായ പ്രതിരോധത്തിന്റെ പ്രതീകമാണ് കേരളം. അതുകൊണ്ടാണ് അഞ്ചിടത്തെ ഉപതെരഞ്ഞെടുപ്പിലും എൽഡിഎഫ് ഉജ്വലവിജയം നേടണം എന്ന് മത നിരപേക്ഷ മനസുകൾ ആഗ്രഹിക്കുന്നത് എന്നും ബഹ്‌റൈൻ പ്രതിഭ കൺവൻഷൻ ചൂണ്ടിക്കാട്ടി .
ബഹ്‌റൈൻ പ്രതിഭ പ്രസിഡന്റ് മഹേഷ് മൊറാഴ അധ്യക്ഷം വഹിച്ച കൺവൻഷനിൽ പ്രതിഭ സെക്രെട്ടറി ഷെരിഫ് കോഴിക്കോട് സ്വാഗതം പറഞ്ഞു .പി ശ്രീജിത്ത് കൺവൻഷൻ ഉദ്‌ഘാടനം ചെയ്തു . ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചു നിയോജക മണ്ഡലങ്ങളിയെയും ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥികൾ ഓൺ ലൈൻ വഴി കൺവൻഷനു അഭിവാദ്യം അർപ്പിച്ചു .പ്രതിഭ നേതാക്കൾ ആയ സി വി നാരായണൻ എ വി അശോകൻ , സുബൈർ കണ്ണൂർ എന്നിവരും ഘടകക്ഷി സാംസ്‌കാരിക സംഘടനാ നേതാക്കൾ ആയ ബിജു മലയിൽ , മൊയ്‌ദീൻ കുട്ടി ഹാജി . ജലീൽ ഹാജി എന്നിവരും അഭിവാദ്യ പ്രസംഗം നടത്തി .

