കലയുടെ കൈത്താങ്ങ് ഒരുക്കി "ലാൽസനോടൊപ്പം' ശ്രദ്ധേയമായി

മനാമ:സഹജീവികളിൽ ഒരാൾ വീണുപോയാൽ ജീവിതത്തിലേയ്ക്ക് അവരെ തിരികെ കൊണ്ടുവരാൻ പ്രവാസി സമൂഹം കൂടെയുണ്ടെന്നുള്ളതിന് ഉത്തമ ഉദാഹരണമായിരുന്നു കഴിഞ്ഞ ദിവസം ബഹ്‌റൈൻ കേരളീയ സമാജത്തിൽ നാടകവേദിയുടെ ആഭിമുഖ്യത്തിൽ നടന്ന ലാൽസനോടൊപ്പം എന്ന കലാ വിരുന്ന്. പ്രവാസ ജീവിതം നയിക്കുന്നതിനിടെ ക്യാൻസർ ബാധിതനായി നാട്ടിൽ ചികിത്സയിൽ കഴിയുന്ന ലാൽസന്റെ ചികിത്സയ്ക്ക് പണം സ്വരൂപിക്കുന്നതിനു വേണ്ടി ഏതാനും നാടക പ്രവർത്തകരും കലാകാരന്മാരും കൈകോർത്താണ് ഇത്തരം ഒരു കലാപരിപാടിക്കു രൂപം നൽകിക്കൊണ്ട് ധനസമാഹരണം നടത്തിയത്. ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ സഹകരണത്തോടെ നടത്തിയ പരിപാടി സംഘാടക മികവ് കൊണ്ടും ഒത്തൊരുമയുള്ള പ്രവർത്തനത്താലും ലക്‌ഷ്യം കൈവരിച്ചത് സാമൂഹ്യ പ്രതിബദ്ധതയുള്ള സംഘാടകരുടെ പ്രവർത്തന മികവ് കൂടിയായി.ബഹ്റിന്റെ വിവിധ മേഖലകളിൽ നിന്നുള്ളവർ പരിപാടിക്ക് എത്തിച്ചേരുകയും അവരുടെ കൂടി സംഭാവനകൾ ലാൽസൺ ചികിത്സാ സഹായ നിധിയിലേക്ക് നൽകുകയുമായിരുന്നു.
ബഹ്‌റൈനിലെ ഏതാനും നാടക പ്രവർത്തകർ ചേർന്ന് നൽകിയ ഒരു വാട്ട്സ് ആപ് ഗ്രൂപ്പിൽ ആരംഭിച്ച ചർച്ചയാണ് പിന്നീട് ഇത്തരം ഒരു പരിപാടി നടത്തുന്നതിലേയ്ക്ക് എത്തിച്ചേർന്നത്. ഗ്രൂപ്പിലെ വിവിധ മേഖലകളെ പ്രതിനിധീകരിക്കുന്നവർ സ്വയം കർത്തവ്യ നിരതരായി പരിപാടിക്കുവേണ്ടി ഇറങ്ങിത്തിരിക്കുയും ചെയ്തതോടെയാണ് പരിപാടിയുടെ ഉദ്ദേശം ലക്ഷ്യത്തി ലെത്തിയത്. ലാൽസന്റെ തുടർ ചികിത്സയ്ക്കാവശ്യമായ നല്ലൊരു തുക ഗ്രൂപ്പിൽ നിന്ന് തന്നെ സ്വരൂപിക്കാനായതും എല്ലാ മേഖലകളിൽ നിന്നുള്ളവരും ഉൾപ്പെട്ടവർ അവർ പ്രാതിനിധ്യം ചെയ്യുന്ന സംഘടനകളെ കൂടി ഈയൊരു പരിപാടിയുടെ ഭാഗഭാക്കാക്കിയതും പരിപാടിയുടെ വിജയത്തിന് മുതൽക്കൂട്ടായി.