ലാല്‍സന്‍ ജീവിതത്തിലേക്ക് ; ഇനി ഒരു വര്‍ഷത്തെ ചികിത്സ


മനാമ: ബഹ്‌റൈൻ പ്രവാസത്തിനിടെ ക്യാൻസർ രോഗത്തിനടിമപ്പെട്ട് എറണാകുളം ലേക്ക് ഷോർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ലാൽസന്റെ അസുഖം സുഖപ്പെടുത്താന്‍ കഴിയുന്ന സ്റ്റേജിലേക്ക് മാറിയി ട്ടുണ്ടെന്ന് ലാല്‍സനിനെ ചികിത്സിക്കുന്ന ഡോക്ടര്‍ അനു സൂസന്‍ പറഞ്ഞുവെന്ന് അദേഹം തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു.  ഇന്നലെയാണ് ഇക്കാര്യം തന്റെ ഫേസ്ബുക്കില്‍ കുറിച്ചത്.അതില്‍ വളരെ സന്തോഷമു ണ്ടെന്നും,  ഇനി ഒരുവര്‍ഷത്തെ ചികിത്സമതി അസുഖം മാറാനെന്നും അദേഹം പറഞ്ഞു. ലാല്‍സനിന്റെ ചികിത്സയ്ക്കായി ധനസമാഹരണം നടത്തുന്നതിന് വേണ്ടി  ബഹ്‌റൈൻ നാടകവേദി യുടെ ആഭിമുഖ്യത്തിൽ ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ സഹകരണത്തോടെ ഇന്ന് വൈകീട്ട് ബഹ്‌റൈൻകേരളീയ സമാജത്തിൽ  'ലാൽസനോടൊപ്പം' എന്ന പേരിൽ വിവിധ കലാപരിപാടികൾ നടക്കും.
ബഹ്‌റൈൻ പ്രവാസിയും തൃശൂർ പുള്ള് സ്വദേശിയുമായ  ലാൽസൺ.2 വർഷങ്ങൾക്ക് മുൻപ് വരെ ബഹ്‌റൈനിൽ പൊതുപ്രവർത്തന രംഗ ത്തും,ജീവകാരുണ്യ മേഖലയിലും സജീവമായിരുന്നു. ചികിത്സയ്ക്കായ് ലാല്‍സണ്‍ നാട്ടിലേക്ക് മടങ്ങുകയായിരുന്നു 
 
 
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം 

നമസ്ക്കാരം പ്രിയമുള്ളവരേ ഇന്ന് ഏറെ സന്തോഷം ഉള്ള ദിവസമാണ് എറണാകുളം ലേക്ഷോർ ഹോസ്പിറ്റലിൽ മൂന്നാം ഫ്ലോറിൽ മുന്നൂറ്റി ഒന്നാം നമ്പർ ബെഡിൽ കിടക്കുമ്പോൾ എന്റെ പ്രിയപ്പെട്ട ഡോക്ടർ അനു സൂസൻ പറഞ്ഞ വാക്കുകൾ ഏറെ സന്തോഷിപ്പിക്കുന്നു..... കാൻസർ എന്ന എന്നിലെ രോഗം പൂർണമായും എടുത്തു മാറ്റാവുന്ന സ്റ്റേജിൽ എത്തിയിരിക്കുന്നു. ഇനി ആറു മാസമോ അല്ലെങ്കിൽ ഒരു വർഷമോ തുടരുന്ന ചികിത്സയിലൂടെ രോഗം പൂർണമായും എടുത്തു മാറ്റാൻ കഴിയും എന്ന് ഡോക്ടർ ഉറപ്പു നൽകുന്നു. എന്നാൽ വെള്ളമോ, ഉമിനീരോ ഭക്ഷണമോ ഇറക്കാൻ സാധിക്കുന്നില്ല എന്നുള്ളത് വലിയ ഒരു പ്രോബ്ലം ആയി തുടരുന്നത് അതിനു തുടർച്ചയായി അന്നനാളം വികസിപ്പിക്കാൻ തയ്യാറെടുക്കുകയാണ് ഇപ്പോൾ എല്ലാ മാസവും കുറേശ്ശേ ആയി അന്നനാളം വികസിപ്പിക്കും ഇന്ന് അതിന്റെ രണ്ടാം ഘട്ടം ട്രീറ്റ്മെന്റ് ചെയ്യും അങ്ങനെ ഒരു നാലോ അഞ്ചോ മാസത്തിനു ശേഷം വെള്ളം ഇറക്കാൻ സാധിക്കും എന്നാണ് വിശ്വസം. അനസ്തേഷ്യ നൽകി ഓർമ കെടുത്തിയാണ് ഈ ട്രീറ്റ്മെന്റ് ചെയ്യുന്നത് അതും വിജയമാകും എന്ന് എനിക്ക് വിശ്വാസമുണ്ട്. ഒപ്പം ഇപ്പോൾ എനിക്ക് ഒറ്റയ്ക്ക് എല്ലാ കാര്യങ്ങളും ചെയ്യുവാനും, എഴുന്നേറ്റു നടക്കുവാനും എല്ലാം സാധിക്കുന്നു ഞാൻ പഴയ ഊർജസ്വലതയോടെ ആ പഴയ പ്രസരിപ്പോടെ തിരിച്ചു വരികയാണ്. നിങ്ങൾ തന്ന സ്നേഹവും, സഹായവും കൊണ്ട് മാത്രമാണ് എനിക്ക് ഇപ്പോൾ ചികിത്സ നല്ല രീതിയിൽ നടത്തുവാൻ കഴിയുന്നതും ആരോഗ്യം വീണ്ടെടുക്കാൻ കഴിയുന്നതും..... ഇനി ഭക്ഷണം കഴിച്ചു തുടങ്ങാൻ കാത്തിരിക്കുന്നു അതു വരെ വയറിൽ ഇട്ട ട്യൂബിൽ കൂടി തന്നെ ലിക്വിഡ് രൂപത്തിൽ ആഹാരം തരും എങ്കിലും നടക്കുവാനും, സ്വയം എന്റെ കാര്യങ്ങൾ ചെയ്യുവാനും എല്ലാം കഴിയും ഒപ്പം കാൻസർ രോഗം ഇനിയുള്ള ട്രീറ്റുമെന്റിലൂടെ മുഴുവനായും എടുത്തു മാറ്റാൻ സാധിക്കും എന്നുള്ളതും സന്തോഷം നൽകുന്നു. എല്ലാവരും സഹായിച്ചു സ്നേഹിച്ചു എല്ലാവർക്കും നന്ദി. സ്നേഹം മാത്രം ലാൽസൺ pullu

 

You might also like

  • Lulu Exchange
  • Straight Forward

Most Viewed