ഗാന്ധിജിയുടെ കോലത്തിലേക്ക് വെടിയുതിര്‍ത്ത് ഹിന്ദു മഹാസഭാ നേതാവ്

അലിഗഡ്: മഹാത്മാഗാന്ധി രക്തസാക്ഷി ദിനത്തില്‍ ഗാന്ധിയുടെ കോലമുണ്ടാക്കി പ്രതീകാത്മകമായി വെടിയുതിര്‍ത്ത് ആഘോഷമാക്കി ഹിന്ദുമഹാസഭ നേതാവ്. ഹിന്ദുമഹാസഭ ദേശീയ സെക്രട്ടറി പൂജ ശകുന്‍ പാണ്ഡെയാണ് ഗാന്ധിയുടെ കോലത്തില്‍ പ്രതീകാത്മക തോക്കുപയോഗിച്ച് വെടിയുതിര്‍ത്ത് ആഘോഷിച്ചത്.
രാജ്യം രാഷ്ട്രപിതാവിന്റെ രക്തസാക്ഷിത്വദിനം ആചരിക്കുമ്പോഴാണ് അലിഗഡില്‍ ഗാന്ധിയുടെ കൊലപാതകം പുനരാവിഷ്‌ക്കരിച്ച് ഹിന്ദുമഹാസഭ ആഘോഷമാക്കിയത്. കോലത്തിനു നേരെ വെടിയുതിര്‍ത്ത ശേഷം രക്തമെന്ന് തോന്നിപ്പിക്കും വിധം ചുവന്ന ചായമൊഴുക്കി യുമാണ് ഗാന്ധിവധത്തിന്റെ ഓര്‍മ പുതുക്കിയത്. തുടര്‍ന്ന് ഹിന്ദുമഹാസഭയുടെ നേതാക്കള്‍ ചേര്‍ന്ന് ഗാന്ധിയുടെ കൊലപാതകിയായ നാഥൂറാം ഗോഡ്‌സെയുടെ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തുകയും മധുരം വിളമ്പുകയും ചെയ്തു. ഗാന്ധിയെ രാഷ്ട്രപിതാവായി അംഗീകരിക്കാന്‍ പാടില്ലെന്നും ഇന്ത്യ വിഭജന സമയത്ത് ഹിന്ദുക്കളുടെ മരണത്തിന് കാരണക്കാരനായ ആളാണ് ഗാന്ധിയെന്നും പൂജ ശകുന്‍ പാണ്ഡെ പറഞ്ഞു.