വിവാദ പരാമർശം; സെൻകുമാറിനെതിരെ കേസെടുക്കാൻ പോലീസ് നിയമോപദേശം തേടി

തിരുവനന്തപുരം: ഐ.എസ്.ആർ.ഒ യിലെ മുൻ ശാസ്ത്രജ്ഞൻ നമ്പി നാരായണന് പദ്മഭൂഷൺ നൽകിയതിനെ പരിഹസിച്ച പോലീസ് മേധാവി ടി.പി സെൻകുമാറിനെതിരെ കേസെടുക്കാനോ അന്വേഷണത്തിനോ സാധ്യതയുണ്ടോ എന്ന് തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ എസ്.സുരേന്ദ്രൻ നിയമോപദേശം തേടി. പദ്മ പുരസ്‌കാരം പ്രഖ്യാപിച്ചതിന് പിന്നാലെ പത്രസമ്മേളനം വിളിച്ചാണ് നമ്പി നാരായണനെ അപമാനിക്കുന്ന തരത്തിൽ സെൻകുമാർ പ്രസ്താവന നടത്തിയത്. നമ്പനാരായണൻ പദ്മ നൽകുന്നത് അമൃതിൽ വിഷം കലർത്തിയതു പോലെയാണ് എന്നായിരുന്നു സെൻ കുമാറിന്റെ പരിഹാസം. സംഭവത്തിൽ കേസെടുക്കുന്ന കാര്യം പോലീസ് പരിശോധിക്കുന്നു.
പദ്മ പുരസ്‌കാരം കിട്ടേണ്ട തരത്തിലുള്ള എന്തെങ്കിലും സംഭാവന നമ്പി നാരായണന്‍ നൽകിയിട്ടുണ്ടോ എന്നായിരുന്നു ശബരിമല കർമ്‍മസമിതി ഉപാദ്ധ്യക്ഷൻ കൂടിയായ അദ്ദേഹത്തിന്റെ ചോദ്യം. ഇനി ജിഷാ കേസിലെ പ്രതി അമിറുൽ ഇസ്ലാമിനും ചാരക്കേസിൽ പ്രതിസ്ഥാനത്തുണ്ടായിരുന്ന മറിയം റഷീദക്കും സൗമ്യയെ കൊലപ്പെടുത്തിയ കേസിലെ പ്രതി ഗോവിന്ദച്ചാമിക്കും പദ്മ നൽകുന്നത് കാണേണ്ടി വരും എന്നുമാണ് സെൻകുമാർ പറഞ്ഞത്.
അദ്ദേഹത്തിനെതിരെ ബി.ജെ.പി നേതാക്കളടക്കം രംഗത്ത് വന്നു. ഇതിന് പിന്നാലെ കോഴിക്കോട് സ്വദേശിയായ പൊതുപ്രവർത്തകൻ ഡി.ജി.പിക്ക് നൽകിയ പരാതിയിലാണ് ഇപ്പോൾ പോലീസ് നിയമോപദേശം തേടിയിരിക്കുന്നത്. ഡി.ജി.പി പരാതി തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർക്ക് കൈമാറിയിരുന്നു.