പ്രവാസികളുടെ ക്ഷേമത്തിന് ബഹ്‌റൈൻ മുൻകൈയെടുക്കുന്നു : അൽ അബ്സി
മനാമ : ലേബർ മാർക്കറ്റ് റഗുലേറ്ററി അതോറിറ്റി (എൽ.എം.ആർ.എ) ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഒസാമാ അൽ അബ്സി രാജ്യാന്തര മൈഗ്രേഷൻ കോൺഫറൻസിൽ പങ്കെടുത്തു. അന്താരാഷ്ട്ര കുടിയേറ്റക്കാർ ധാരാളമായെത്തുന്ന ഗൾഫ് കോപറേഷൻ കൗൺസിൽ (ജിസിസി) രാജ്യങ്ങളുടെ പ്രാരംഭ നടപടികൾ അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രവാസികളുടെ അവകാശങ്ങളും ചുമതലകളും നിയന്ത്രിക്കുന്നതിനും സംരക്ഷിക്കുന്നതിനും സ്ഥാപനങ്ങളും നിയമനിർമ്മാണ ഘടനകളും പരിഷ്ക്കരിക്കുന്നതിനുള്ള ശ്രമങ്ങളെക്കുറിച്ചും പ്രാരംഭ സെഷനിൽ സംസാരിക്കുന്നതിനിടെ അദ്ദേഹം പരാമർശിച്ചു.
ലോകത്തെമ്പാടുമുള്ള പ്രവാസി തൊഴിലാളികളുടെ നിയമപരമായ അവകാശങ്ങളെ പ്രോൽസാഹിപ്പിക്കുകയും ചൂഷണത്തിൽ നിന്ന് അവരെ സംരക്ഷിക്കുകയും ചെയ്യുന്നതിനുള്ള എല്ലാ പരിശ്രമങ്ങൾക്കും ബഹ്റൈനിന്റെ പിന്തുണയുണ്ടാകുമെന്നും ഒസാമാ അൽ അബ്സി വ്യക്തമാക്കി. വിദേശ തൊഴിലാളികളുടെ സാഹചര്യങ്ങൾ മെച്ചപ്പെടുത്താൻ ബഹ്റൈൻ മുന്നോട്ടുവന്നതായും അദ്ദേഹം പറഞ്ഞു. ഫ്ലെക്സിബിൾ വർക് പെർമിറ്റ് സ്‌കീം, നാഷണൽ റഫറൽ സംവിധാനം എന്നിവ ഈ പരിശ്രമങ്ങളുടെ ഭാഗമാണ്. ഗ്ലോബൽ ഫോറം ഫോർ മൈഗ്രേഷൻ ആന്റ് ഡവലപ്മെന്റ് (ജി.എം.എഫ്.ഡി) യുടെ 11-ാം എഡിഷനിൽ ബഹ്‌റൈനിൽനിന്നുള്ള സംഘത്തിന് നേതൃത്വം നൽകുന്നത് എൽ.എം.ആർ.എ മേധാവിയായ ഒസാമാ അൽ അബ്സിയാണ്.

