റെഡ് ബസ് ടീം സമയനിഷ്ഠ പാലിക്കുന്നില്ലെന്ന് ആരോപണം
മനാമ : പൊതുഗതാഗത സംവിധാനത്തെ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് രാജ്യത്ത് റെഡ് ബസുകൾ അവതരിപ്പിക്കപ്പെട്ടത്. എന്നാൽ ഇതുകൊണ്ട് യാത്രക്കാർക്ക് യാതൊരുവിധ ഗുണവും ഇല്ലെന്ന് യാത്രക്കാർ ആരോപിക്കുന്നു. ശരാശരിയിലും താഴ്ന്ന പ്രകടനമാണ് ബസുകൾ നടത്തുന്നതെന്നും സമയനിഷ്ഠ പാലിക്കുന്നി ല്ലെന്നും മോശം അനുഭവമാണ് യാത്രക്കാർക്ക് ഉണ്ടാകുന്നതെന്നും യാത്രക്കാർ പറയുന്നു. ഇത്തരം റെഡ് ബസ് ഉപഭോക്താക്കൾ മിക്കവാറും കുറഞ്ഞ വരുമാനമുള്ള തൊഴിലാളികളാണ്. മോശം സർവീസിനെക്കുറിച്ച് എവിടെയാണ് പരാതി നൽകേണ്ടതെന്ന് അറിയില്ലെന്നും അവർ പറഞ്ഞു. ബസ്സുകൾ പാതിവഴിയിൽ സർവീസ് അവസാനിപ്പിക്കുന്നത് പലപ്പോഴും ബുദ്ധിമുട്ടുണ്ടാക്കുന്നതായും മറ്റ് ബസ്സുകൾ മറികയറാൻ നിർബന്ധിതരാവുന്നതായും യാത്രക്കാർ പറഞ്ഞു.
സർവീസുകൾ സമയനിഷ്ഠ പാലിക്കുന്നില്ലെന്നതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ ബഹറിൻ ട്രാൻസ്പോർട്ട് കമ്പനിയുടെ കസ്റ്റമർ കെയർ ഡിപ്പാർട്ട്മെൻറ് തയാറല്ലെന്നും ഇവർ പറയുന്നു. ബസുകളുടെ ലൈവ് സ്റ്റാറ്റസ് ട്രാക്കുചെയ്യാൻ സഹായിക്കുമെന്ന നിലയിൽ കമ്പനി ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ പുറത്തിറക്കിയിരുന്നു. എന്നാൽ ഇതും കൃത്യമായി പ്രവർത്തിക്കാതെ സാധാരണക്കാരന്റെ ക്ഷമയെ പരീക്ഷിക്കുകയാണ് പതിവ്.
ബസ് സർവീസിനെ ആശ്രയിക്കുന്ന പലരും, അതിന്റെ മാനേജ്മെൻറിനെ കുറ്റപ്പെടുത്തുന്നു. തങ്ങളുടെ ഡ്യൂട്ടി സമയം കഴിഞ്ഞു എന്ന കാരണം പറഞ്ഞ് ബസ്സുകൾ പാതിവഴിയിൽ സർവീസ് അവസാനിപ്പിക്കുകയും യാത്രക്കാരെ വഴികൾ ഇറക്കിവിടുകയും ചെയ്യുന്നത് സ്ഥിരം സംഭവമാണ്. എ 1 സർവീസ് ശരിയായി പ്രവർത്തിപ്പിക്കാൻ അധികാരികൾക്ക് താൽപര്യം ഉണ്ടായിരുന്നെങ്കിലും, മറ്റ് സേവനങ്ങളെക്കുറിച്ച് അവർക്ക് ആശങ്കയില്ല. 19-ാം നമ്പർ സർവീസ് മാത്രമാണ് മനാമ - സൽമബാദ് - ഈസ്റ്റ് റിഫ എന്നിവയെ ബന്ധിപ്പിക്കുന്ന ഏക സർവീസെന്ന് മനാമ-സൽമബാദ് റൂട്ടിലെ യാത്രക്കാരൻ സന്തോഷ് പറഞ്ഞു. ഈ റൂട്ടിൽ മാത്രമല്ല, മറ്റ് റൂട്ടുകളും സമാനമായ പ്രശ്നങ്ങൾ നേരിടുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
മനാമയിലെത്താൻ ബസുകൾ ലഭിക്കാൻ ഒരു മണിക്കൂർ വരെ കാത്തിരിക്കേണ്ടിവരും. എ 1 റൂട്ടിൽ കൂടുതൽ ബസ്സുകൾ ഉണ്ട്. എന്നാൽ ഈ സർവീസുകൾ കമ്പനിയുടെ പണം പാഴാക്കുന്നതല്ലാതെ യാത്രക്കാർക്ക് പ്രയോജനപ്പെടുന്നില്ല. ഇത്തരത്തിൽ ഉത്തരവാദിത്തമില്ലാത്ത സർവീസുകൾ കാരണം, ആളുകൾ കാറുകൾ വാടകക്കെടുക്കാൻ നിർബന്ധിതരാകുന്നു. വാഹനപ്പെരുപ്പം ട്രാഫിക് ബ്ലോക്കിന് കാരണമാകുന്നതായും യാത്രക്കാരുടെ ദുരവസ്ഥയെ ഉദ്ധരിച്ച് യാത്രക്കാരനായ വിനോദ് കുമാർ പറഞ്ഞു.
ഒരു ദിവസം സൽമാബാദിൽനിന്ന് മനാമയിലേക്കുള്ള 19-ാം നമ്പർ ബസ്സിൽ യാത്രചെയ്തതായി ഒരു യാത്രക്കാരൻ പറഞ്ഞു. പാതിവഴിയിൽ ഡ്രൈവർ ബസ് നിർത്തി യാത്രക്കാരോട് മുന്നിൽ നിർത്തിയിട്ട മറ്റൊരു ബസ്സിൽ കയറാൻ ആവശ്യപ്പെട്ടു. ഇത്തരാം ഒരനുഭവം ആദ്യമായിട്ടാണ്. പല സമയത്തും യാത്രാ മദ്ധ്യേ വേറൊരു ബസിൽ കയറാൻ നിർബന്ധിതരാകുന്നു. ഇത് യാത്രക്കാരെ അപമാനിക്കുന്നതിന് തുല്യമാണ്. ഈ വിഷയത്തിൽ ശാശ്വതമായ പരിഹാരം കണ്ടെത്താൻ അധികാരികൾ ശ്രമിക്കേണ്ടതുണ്ട്. കാരണം ഇപ്പോൾ കമ്പനിയുടെയും ജീവനക്കാരുടെയും പോക്കറ്റുകൾക്ക് മാത്രമേ ഈ സർവീസുകൾ പ്രയോജനപ്പെടുന്നുള്ളൂ എന്നും അദ്ദേഹം ആരോപിച്ചു.
നിലവിൽ രാജ്യത്തെ 77 ശതമാനം ജനവാസ കേന്ദ്രങ്ങളും ഉൾപ്പെടുത്തി 32 റൂട്ടുകൾ വഴി ബഹ്റൈൻ ട്രാൻസ്പോർട്ട് കമ്പനി ബസ് സർവീസുകൾ നടത്തുന്നുണ്ട്.