ന്യൂ ഇന്ത്യൻ സ്കൂൾ ചെയർമാൻ ടി. ടി തോമസ് നിര്യാതനായി
മനാമ : വ്യവസായിയും ന്യൂ ഇന്ത്യൻ സ്കൂൾ ചെയർമാനുമായ ടി. ടി. തോമസ്(77) നിര്യാതനായി. ബഹ്‌റൈൻ ഐ.പി.സി. ചർച്ചിന്റെ പ്രസിഡണ്ടായിരുന്ന അദ്ദേഹം ദീർഘകാലമായി ബഹറിനിലായിരുന്നു താമസം. ബഹ്റൈന്റെ ഏറ്റവും മികച്ച സ്വാധീനമുള്ള ബിസിനസ്സുകാരിൽ ഒരാളും ന്യൂ ഇന്ത്യൻ സ്കൂൾ ചെയർമാനുമായ ടി. ടി തോമസ് ബഹ്‌റൈനിലെ കിംഗ് ഹമദ് യൂണിവേഴ്സിറ്റി ആശുപത്രിയിൽ ഇന്നലെ രാത്രി 9 മണിയോടെയാണ് മരിച്ചത്. ഒരു സ്ട്രോക്കിനെത്തുടർന്നാണ് വ്യാഴാഴ്ച അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ടി. ടി തോമസിന്റെ നിര്യാണം ബഹ്‌റൈനിലെ പ്രവാസി സമൂഹത്തിന് തീരാ നഷ്ടമാണ്.
1963 ൽ ബഹ്റൈനിൽ എത്തിയ അദ്ദേഹം 1990 ൽ ന്യൂ ഇന്ത്യൻ സ്കൂൾ സ്ഥാപിച്ചു. ഇന്ത്യൻ സ്കൂൾ, എബനേസർ പ്രൈവറ്റ് സ്ക്കൂൾ എന്നിവയുടെ ചെയർമാനായിരുന്ന ടി. ടി. തോമസ് വർഷങ്ങളായി ഇന്ത്യൻ സമൂഹത്തിന് നൽകിയിരുന്ന സംഭാവനകൾ വലുതാണ്. ബഹ്റൈൻ - ഇന്ത്യൻ സമൂഹത്തിന് നൽകിയ 55 വർഷത്തെ സേവനത്തിന് ഒക്ടോബർ മാസത്തിൽ സ്കൂളിൽ നടന്ന ചടങ്ങിൽ അദ്ദേഹത്തെ ആദരിച്ചിരുന്നു.
