സ്ത്രീശാക്തീകരണത്തിന് ആഗോള പിന്തുണ ലഭ്യമാക്കണം
മനാമ : രാജ്യത്തെ വനിതാ പങ്കാളിത്തത്തെ പ്രോത്സാഹിപ്പിക്കുന്നതിന് രാജാവിന്റെ പത്നിയും സുപ്രീം കൌൺസിൽ ഓഫ് വുമൺ പ്രസിഡണ്ടുമായ പ്രിൻസസ് സബീക ബിൻത് ഇബ്രാഹിം അൽ ഖലീഫയുടെ സാന്നിദ്ധ്യത്തിൽ സുപ്രീം കൌൺസിൽ ഫോർ വുമൺ സംഘടിപ്പിച്ച അന്താരാഷ്ട്ര സമ്മേളനം സമാപിച്ചു. ബഹ്റൈൻ രാജാവിന്റെ പത്നിയും സുപ്രീം കൌൺസിൽ ഓഫ് വുമൺ പ്രസിഡണ്ടുമായ പ്രിൻസസ് സബീക ബിൻത് ഇബ്രാഹിം അൽ ഖലീഫയുടെ നേതൃത്വത്തിൽ നടന്ന സമ്മേളനത്തിൽ പൊതുജീവിതം, നിയമനിർമ്മാണം, എന്നിവയിൽ സ്ത്രീകളുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനും ലിംഗ സമത്വം നടപ്പാക്കുന്നതിനുമുള്ള പദ്ധതികൾ നടപ്പാക്കേണ്ടതിന്റെ പ്രാധാന്യം ചർച്ചയായി.
സമ്മേളനത്തിന് ആതിഥ്യമരുളാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് സുപ്രീം കൌൺസിൽ ഫോർ വുമൺ സെക്രട്ടറി ജനറൽ ഹലാ അൽ അൻസാരി പറഞ്ഞു. ഈ വർഷത്തെ തിരഞ്ഞെടുപ്പുകളിൽ അനേകം സ്ത്രീകൾ മത്സരിക്കുന്നുണ്ടെന്നും രാഷ്ട്രീയ രംഗത്ത് ബഹ്റൈൻ സ്ത്രീകൾ കടന്നുവരുന്നത് പ്രതീക്ഷ പകരുന്നതായും ഹലാ അൽ അൻസാരി പറഞ്ഞു.
ബഹ്റൈനിൽ നമ്മൾ നമ്മുടെ സമീപനത്തെ മാറ്റുന്നു. ജോലിസ്ഥലത്ത് സ്ത്രീപുരുഷന്മാർ തമ്മിലുള്ള അന്തരം അവസാനിപ്പിക്കുന്നതിനെക്കുറിച്ചാണ് നമ്മൾ സംസാരിക്കുന്നത്. അതിലൂടെ നമ്മുടെ രാജ്യത്ത് സ്ത്രീകൾക്കും പുരുഷന്മാർക്കുമിടയിൽ തുല്യത സൃഷ്ടിക്കാൻ സാധിക്കുന്നു. സ്ത്രീകളും പുരുഷന്മാരും തമ്മിൽ സന്തുലനമുണ്ടാകുമ്പോൾ എങ്ങനെയാണ് ക്വാട്ടകൾ ഉണ്ടാകുന്നത്.? ഒരു ക്വാട്ട സംവിധാനം നടപ്പാക്കുന്നത് കൂടുതൽ അസന്തുലിതാവസ്ഥ സൃഷ്ടിക്കുന്നുവെന്നും അൽ അൻസാരി പറഞ്ഞു. രാഷ്ട്രീയരംഗത്ത് സ്ത്രീകളുടെ പങ്കാളിത്തം വേഗത്തിലാക്കുന്നതിന് തുടർച്ചയായ അവസരങ്ങൾ പ്രദാനം ചെയ്യേണ്ടതിന്റെ ആവശ്യകതയെ അൽ അൻസാരി ഓർപ്പിച്ചു.
ബഹറൈനിൽ സ്ത്രീകൾക്ക് തുല്യ പങ്കാളിത്തമുണ്ടെന്നതിനാൽ വനിതാ ശാക്തീകരണം ഉപേക്ഷിക്കണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നില്ലെന്ന് ബഹ്‌റൈൻ റോയൽ കോർട് സ്ഥാനപതി സമിറാ രജബ് പറഞ്ഞു.
