2019 ലും മോദി തന്നെ;എൻഡിഎയ്ക്ക് 276 സീറ്റെന്ന് എബിപി-സി വോട്ടർ സർവ്വേ

ന്യൂഡൽഹി: ഇപ്പോഴത്തെ സഖ്യങ്ങൾ അതേ പോലെ തുടർന്നാൽ അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിലും ബിജെപി നേതൃത്വത്തിൽ എൻഡിഎ തന്നെ വീണ്ടും അധികാരത്തിലെത്തുമെന്ന് എബിപി-സി വോട്ടർ സർവെ. കഴിഞ്ഞ സെപ്റ്റംബറിൽ തിരഞ്ഞെടുപ്പ് നടന്നിരുന്നുവെങ്കിൽ രാജ്യം എങ്ങനെ ചിന്തിക്കുന്നുവെന്നായിരുന്നു സർവേ പരിശോധിച്ചത്. 543 ലോക്‌സഭാ സീറ്റുകളിൽ 38 ശതമാനം വോട്ട് നേടി എന്‍ഡിഎ 276 സീറ്റുകൾ നേടുമെന്നാണ് സർവെ പറയുന്നത്.
കോൺഗ്രസ് നേതൃത്വം കൊടുക്കുന്ന യുപിഎക്ക് 25 ശതമാനം വോട്ടും 112 സീറ്റും കിട്ടുമെന്നും മറ്റ് കക്ഷികളെല്ലാം കൂടി 37 ശതമാനം വോട്ട് നേടി 155 സീറ്റുകൾ ലഭിച്ചേക്കുമെന്നും സർവെ പറയുന്നു. മധ്യപ്രദേശിലും ചത്തീസ്ഗഢിലും രാജസ്ഥാനിലും എൻഡിഎ മേധാവിത്വം നിലനിർത്തും. ചത്തീസ്ഗഢില്‍ 11 ഒന്പതും മധ്യപ്രദേശിൽ 29 ൽ 23 സീറ്റും എൻഡിഎക്കെന്നാണ് പ്രവചനം. ഡൽഹിയിൽ ഏഴ് സീറ്റും ബിജെപി നേടുമെന്നാണ് സർവെ ഫലം.
ഹരിയാനയിലും ഒഡീഷയിലും കൂടുതൽ നേട്ടമുണ്ടാക്കും. വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾ ഏറക്കുറേ തൂത്തുവാരും. ഹരിയാനയിൽ എൻഡിഎക്ക് ആറ് യുപിഎക്ക് മൂന്നു സീറ്റുമാണ് പ്രവചനം. 21 സീറ്റിൽ 13 സീറ്റുമായി ഒഡീഷയിൽ ബിജെപി അപ്രതീക്ഷിത നേട്ടമുണ്ടാക്കുമെന്നാണ് സർവെയിലുള്ളത്.