പ്രവാസികൾ കാത്തിരുന്ന ബി.കെ.എസ് മെഗാ ചരട് പിന്നിക്കളി ഇന്ന്


മനാമ : കേരളത്തിലെ പുരാതന കലാരൂപങ്ങളിൽ ശ്രദ്ധേയമായതും അന്യം നിന്നുകൊണ്ടിരിക്കുന്നതുമായ നൃത്തരൂപമായ ചരട് പിന്നിക്കളിക്ക് ബഹ്റൈനിൽ വേദിയൊരുങ്ങി. ബഹ്റൈൻ കേരളീയ സമാജം വനിതാവേദിയുടെ ആഭിമുഖ്യത്തിൽ ഇന്ന് രാത്രി എട്ട് മണിക്ക് സമാജം ഡയമണ്ട് ജൂബിലി ഹാളിൽ പ്രേത്യേകം സജ്ജമാക്കിയ അരങ്ങിലാണ് ചരട് പിന്നിക്കളി നടക്കുക. ഓണാഘോഷങ്ങൾക്കൊപ്പം നടത്താനിരുന്ന ചരടുപിന്നിക്കളി കേരളത്തിലുണ്ടായ പ്രളയക്കടുതിയുമായി ബന്ധപ്പെട്ട് മാ­റ്റിവെയ്ക്കുകയായിരുന്നു. ജി.സി.സി രാജ്യങ്ങളിൽ ഇതാ­ദ്യമായാണ് ഇത്രയും വിപുലമായ രീതിയിൽ ഈ കലാരൂപം അരങ്ങിലെത്തിക്കുന്നതെന്ന് സമാജം ഭാരവാഹികൾ വാർ­ത്താക്കുറിപ്പിൽ അറിയിച്ചു. പതിനാറു പേർ വീതമുള്ള നാലു സംഘങ്ങളായി അറുപത്തിനാല് വനിതകളാണ് പ്രധാനമായും നാലു ഘട്ടങ്ങളുള്ള ഈ കലാരൂപത്തിൽ അണിനിരക്കുന്നത്.

“തൊഴിൽ, ആചാരം, അനുഷ്ഠാനം, വിശ്വാസം തുടങ്ങി ജീവിതത്തിന്റെ എല്ലാ മേഖലകളുമായും ബന്ധപ്പെട്ട വ്യത്യസ്ഥ കലാരൂപങ്ങളിൽ ഒന്നാണ് തെക്കൻ കേരളത്തിൽ പ്രചാരത്തി­ലുള്ള “ചരട് പിന്നിക്കളി”. ശ്രീകൃഷ്ണ ലീലകളെ ആസ്പദമാ­ക്കി കൊട്ടാരങ്ങളിലും തറവാടുകളിലും അവതരിപ്പിച്ചിരുന്ന ഈ കലാരൂപത്തെ അതിന്റെ തനത് നൃത്തചുവടുകളോടും വേഷവിധാനങ്ങളോടും കൂടിയാണ് ആവിഷ്കരിക്കുന്നത്.

ചരട് പിന്നിക്കളി എന്ന കലാരൂപം അന്യം നിന്നുപോയ ഒരു കലാരൂപത്തിന്റെ തിരിച്ചുവരവ് മാത്രമല്ല. അന്താരാഷ്ട്ര തലത്തിലേയ്ക്ക് സ്ത്രീ സാന്നിധ്യത്തെ അടയാളപ്പെടുത്താനു­ള്ള വലിയൊരു ശ്രമം കൂടിയാണ്. കഴിഞ്ഞ മൂന്ന് വർഷമാ­യി കേരളീയ സമാജത്തിൽ ചരടുപിന്നിക്കളി നടന്നുവരുന്നു. പതിനാറ് പേരടങ്ങുന്ന ഒരു ഗ്രൂപ്പായിട്ടാണ് ഈ കലാരൂപം മു­ൻവർഷങ്ങളിൽ അവതരിപ്പിച്ചിരുന്നത്. ആറ് വയസുള്ള പെൺ­ കുട്ടികൾ മുതൽ അറുപത് വയസുള്ള അമ്മമാർ വരെ ഇതിൽ പങ്കെടുക്കുന്നുണ്ട്.

ഗോപികമാർ ശ്രീകൃഷ്ണനെ താരാട്ട് പാടി ഉറക്കുന്നതും, വെണ്ണ വെച്ച പാത്രം കൃഷ്ണന് എടുക്കാൻ കഴിയാത്ത രീതിയിൽ ഉയരത്തിൽ വെയ്ക്കുന്നതും കാളിയനെ ബന്ധനസ്ഥനാക്കുന്നതുമാണ് ഇതിലെ കഥാസാരം. ഇത് തി­രുവാതിരയുടെ മറ്റൊരു രൂപമാണ്. ഗോപികമാർ പാട്ടുപാടി താളത്തിൽ ചുവട് വെയ്ക്കുകയും ചുവടിനനുസരിച്ച് ചരട് പിന്നുകയും പിന്നീട് അവ അഴിക്കുകയും ചെയ്യുന്നതാണ് ഈ കലാരൂപം അവതരിപ്പിക്കുന്ന രീതി. വളരെ ശ്രദ്ധയോട് കൂടി കളിക്കേണ്ട ഈ കളിക്ക് തിരുവാതിരക്കളിയുടെ മറ്റൊരു ഭാ­വമാണ്. എന്നാൽ തിരുവാതിര പോലെ എളുപ്പത്തിൽ പഠിച്ചെ­ടുക്കാൻ കഴിയില്ല എന്നതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. ഒരാളുടെ അശ്രദ്ധ മൂലം മൊത്തത്തിൽ ചുവടുകൾ തെറ്റി അലങ്കോലപ്പെടാനുള്ള സാധ്യതകൾ വളരെ കൂടുതലാണ് ചരട് പി­ന്നിക്കളിയിൽ. അതിനാൽ തന്നെ ഓരോ ചുവടും വളരെയേറെ ശ്രദ്ധയോടും കരുതലോടും കൂടിയാണ് ചെയ്യേണ്ടത്.

ബഹ്റൈനിലെ പ്രമുഖ നാടകപ്രവർത്തകനായ വിഷ്ണു നാടകഗ്രാമിന്റെ ശിക്ഷണത്തിൽ ആഴ്ചകളോളം നീണ്ട പരിശീലനത്തിന് ശേഷമാണ് അവതരണത്തിന് തയ്യാറെടുക്കുന്നതെ­ന്ന് വനിതാവേദി പ്രവർത്തകർ അറിയിച്ചു. കേരളത്തിലെ തെ­ക്കൻ തിരുവിതാംകൂറിലെ പഴയ തലമുറയിൽപ്പെട്ടവരാണ് ചരട് പിന്നിക്കളി കളിച്ചുവന്നിരുന്നത്. എന്നാൽ ഇന്ന് ഈ കലാരൂ­പത്തെ കുറിച്ച് അറിയാവുന്ന പഴയ തലമുറയിൽപ്പെട്ട കുഞ്ഞിക്കുട്ടി അമ്മയിൽ നിന്നാണ് വിഷ്ണുനടനഗ്രാമം ചരട് പിന്നിക്കളി സ്വായത്തമാക്കിയത്. തെക്കൻ കേരളത്തിൽ ഈ കലാരൂപത്തി­ന്റെ ഗുരുക്കന്മാർ രണ്ട് പേരായിരുന്നു. അവർ രണ്ട് പേരും മരിച്ചുപോയി. പഴമയെ ഇഷ്ടപ്പെടുന്ന പുതിയ തലമുറ ഗ്രാമീ­ണതയുടെ ഉള്ളറകളിൽ നിന്ന് ഈ കലാരൂപത്തെ വീണ്ടെടു­ക്കുകയും, ബഹ്റൈനിലെ പ്രവാസി വനിതകൾക്ക് സമ്മാനി­ക്കുകയുമായിരുന്നു. ഇന്ത്യക്ക് അകത്തും പുറത്തുമായി ഇത് ആദ്യമായിട്ടാണ് ഇത്രയും ആളുകളെ പങ്കെടുപ്പിച്ച് കൊണ്ട് ചരട് പിന്നിക്കളി ഇത്ര ഗംഭീരമായി അവതരിപ്പിക്കുന്നത്.

ചരട് പിന്നിക്കളിയോടനുബന്ധിച്ച് നടക്കുന്ന ഫാമിലി ഡേയുടെ ഭാഗമായി നടത്തുന്ന വിവിധ വിനോദ കൗതുക മത്സരങ്ങൾ വൈകിട്ട് മൂന്ന് മണി മുതൽ ആരംഭിക്കും. ചരട് പിന്നിക്കളിക്ക് ശേഷം ഒമ്പത് മണി മുതൽ ഡാൻഡിയ നെ­റ്റും ഉണ്ടായിരിക്കുമെന്ന് വനിതാവേദി പ്രസിഡണ്ട് മോഹിനി തോമസ് അറിയിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed