പ്രായഭേദമെന്യേ സ്ത്രീകൾക്ക് ശബരിമലയിൽ പ്രവേശനം അനുവദിച്ച് സുപ്രീംകോടതി

ന്യൂഡൽഹി : ഏതു പ്രായത്തിലുള്ള സ്ത്രീകൾക്കും ശബരിമലയിൽ പ്രവേശനം അനുവദിച്ച് സുപ്രീംകോടതി. അഞ്ചംഗ ഭരണഘടനാ ബെഞ്ചിലെ നാലു ജഡ്ജിമാർ ഒരേ അഭിപ്രായം കുറിച്ചപ്പോൾ ഏക വനിതാ ജഡ്ജിയായ ഇന്ദു മൽഹോത്ര മാത്രമാണ് സ്ത്രീ പ്രവേശനത്തോട് വിയോജിച്ചത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജഡ്ജിമാരായ റോഹിന്റൺ നരിമാൻ, എ.എം.ഖാൻവിൽക്കർ, ഡി.വൈ.ചന്ദ്രചൂഡ്, ഇന്ദു മൽഹോത്ര എന്നിവരുൾപ്പെടുന്നതാണ് ബെഞ്ച്. ഇന്ത്യൻ യങ് ലോയേഴ്സ് അസോസിയേഷനാണ് പ്രധാന ഹർജിക്കാർ.
ഇതേ ബെഞ്ചാണ് വിവാഹേതര ബന്ധം കുറ്റകരമാക്കുന്നതിന് ഇന്ത്യൻ ശിക്ഷാ നിയമത്തിലും ക്രിമിനൽ നടപടി ചട്ടത്തിലുമുള്ള വ്യവസ്ഥകൾ ഭരണഘടനാ വിരുദ്ധമെന്നു കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. സ്ത്രീകൾക്കു തുല്യത ഉറപ്പാക്കാത്തതും വേർതിരിവു കാട്ടുന്നതുമായ നടപടികൾ ഭരണഘടനാവിരുദ്ധമാണെന്നും നേരത്തേ അംഗീകാരമുണ്ടായിരുന്ന നടപടികളെയും പുരോഗമനപരമായ കാഴ്ചപ്പാടോടെ സമീപിക്കേണ്ടതുണ്ടെന്നും ഇന്നലത്തെ വിധിയിൽ പറയുന്നുണ്ട്.
കഴിഞ്ഞ വർഷം ഒക്ടോബർ 13 നാണ് ശബരിമല കേസ് സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിലേക്കു മാറ്റിയത്. കഴിഞ്ഞ ജൂലൈ– ഓഗസ്റ്റിൽ കേസിൽ വാദം നടന്നിരുന്നു.