പൂച്ചയെ ഉപദ്രവിച്ചയാൾ അറസ്റ്റിൽ

മനാമ : പൂച്ചയെ ഉപദ്രവിക്കുന്ന യുവാവിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. ബഹ്റൈൻ സൊസൈറ്റി ഫോർ ദി പ്രിവൻഷൻ ഓഫ് ക്രൂവൽട്ടി ടു ആനിമൽസ് (ബി.എസ്.പി.സി.എ) പോലീസിൽ നൽകിയ പരാതിയെ തുടർന്നാണ് അറസ്റ്റ്. പലതവണ വിവിധ വസ്തുക്കൾ ഉപയോഗിച്ച് പൂച്ചയെ ഇയാൾ അടിക്കുന്നതും എറിയുന്നതും, ആക്രമണത്തിൽ നിന്നും രക്ഷപ്പെടാൻ ശ്രമിക്കുന്ന പൂച്ചയെ പിന്തുടർന്ന് ഉപദ്രവിക്കുന്നതുമായ ദൃശ്യങ്ങൾ വീഡിയോയിലുണ്ട്.
പീഡനം തുടർന്നപ്പോൾ സോഫയുടെ കീഴിൽ ഒളിക്കാനുള്ള പൂച്ചയുടെ ശ്രമവും പരാജയപ്പെട്ടു. അറസ്റ്റിലായ വ്യക്തിയുടെ സുഹൃത്താണ് സംഭവം ചിത്രീകരിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റു ചെയ്ത് രണ്ട് മണിക്കൂറിനുള്ളിൽ ഇയാളെ അറസ്റ്റ് ചെയ്തതായി ബി.എസ്.പി.സി.എ ചെയർമാൻ മഹ്മൂദ് ഫറാജ് പറഞ്ഞു. പൂച്ചയെ ഉപദ്രവിക്കാനുണ്ടായ കാരണം വ്യക്തമല്ലെന്നും മഹ്മൂദ് ഫറാജ് അറിയിച്ചു. മൃഗങ്ങളോട് ക്രൂരമായി പെരുമാറുന്നതിനെതിരെ കർശ്ശന നടപടികൾ സ്വീകരിക്കുന്നതിനാൽ ഇത്തരത്തിലുള്ള കേസുകളൊന്നും ഇപ്പോൾ ലഭിക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു.
വീഡിയോ പോസ്റ്റ് ചെയ്ത ഉടൻ തന്നെ പല മൃഗസ്നേഹികളും സംഭവത്തെ അപലപിക്കുന്ന പോസ്റ്റുകളും, ഇത് ഒരു രോഗ ലക്ഷണമാണെന്നും പൂച്ചയെ എങ്ങനെ ഉപദ്രവിച്ചുവോ, അതേ രീതിയിൽ പ്രതിയെയും ചെയ്യണമെന്നാണ് ഇൻസ്റ്റാഗ്രാമിൽ വന്ന കമന്റുകളിലൂടെ നിരവധി പേർ പ്രതികരിച്ചത്.