സുസുകി ജിംനി ഇന്ത്യൻ വിപണിയിലേക്ക്

സുസുകി ജിംനി ഇക്കൊല്ലം തന്നെ ഇന്ത്യൻ വിപണിയിലെത്തും. പൂർണമായ ഒാഫ് റോഡിങ് സൗകര്യങ്ങളുള്ള ഇന്ത്യയിലെ പ്രഥമ ഫോർ വീൽ െെഡ്രവ് മിനി എസ്.യു.വിയായിരിക്കും ജിംനി. ഏറ്റവും ഉയർന്ന മോഡലിനും 12 ലക്ഷത്തിലൊതുങ്ങും. മൂന്നു ഡോറും നാലു വീൽ െെഡ്രവും എല്ലാ മോഡലുകൾക്കുമുണ്ട്. ജൂൺ മുതൽ വാണിജ്യ ഉൽപ്പാദനം ജപ്പാനിൽ ആരംഭിച്ചു.
ജിംനിയുടെ പൂർവികൻ ജിപ്സിയാണ്. 1970 മുതൽ ലോക സാന്നിധ്യമാണെങ്കിലും നമ്മൾ കണ്ടത് എൺപതുകളിലെത്തിയ രണ്ടാം തലമുറ മാത്രം. പിന്നെ ഒരു ജിപ്സിയോ ജിംനിയോ ഇന്ത്യയിൽ വന്നില്ല. ഇപ്പോഴിതാ നാലാം തലമുറയിലെത്തിയപ്പോൾ ജിംനി വീണ്ടും ഇന്ത്യയിലെത്തുന്നു. ജിപ്സിയുടെ പകരക്കാരനായല്ല, മറ്റൊരു മോഡലായി. കാരണം പട്ടാളത്തിലടക്കം മാറ്റിവയ്ക്കാനാവാത്ത റോളുകൾ ജിപ്സി കളിച്ചു കൊണ്ടിരിക്കുന്പോൾ ജിംനി കണ്ണു വയ്ക്കുന്നത് ജിപ്സിയുടെ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന സിവിലിയൻ വിപണിയാണ്.
ജിപ്സിയുടെ ആദ്യകാല പരസ്യങ്ങൾ ഒാർക്കുന്നവർക്കറിയാം ഹിറ്റായ ആ വാചകങ്ങൾ; ജിപ്സി മരത്തിലും കയറും. ജിംനിയും മരം കയറും. കാരണം വ്യത്യസ്തവും മനോഹരവുമായ ആ രൂപത്തിനുള്ളിൽ ശരിയായ ഫോർ വീൽ മെക്കാനിക്കൽ സൗകര്യങ്ങളാണ്. കുറച്ചു കൂടി കാലികമായി എന്നു മാത്രം. അടച്ചു കെട്ടും കാറിനൊത്ത ഭംഗിയുമുള്ള ജിപ്സി എന്നും വിശേഷിപ്പിക്കാം. മാത്രമല്ല ഓഫ് റോഡ് മികവിൽ ജിംനി വലിയ എസ്.യു.വികളെയും കടത്തിവെട്ടും.
ജിംനി ഇന്ത്യയിലെത്തുന്പോൾ ഏറെ ശ്രദ്ധിക്കപ്പെടുക റാഡിക്കൽ എന്നു വിശേഷിപ്പിക്കാവുന്ന രൂപകൽപനയായിരിക്കും. പെട്ടി പോലൊരു രൂപം. ഇതുപോലെ വേറൊരു വാഹനവും നിലവിൽ ഇവിടെയില്ല. ജിപ്സിക്കു സമാനമായ രണ്ടു മുൻ ഡോറുകൾ. പിന്നിൽ ഹാച്ച് ഡോർ. മുഖ്യമായും രണ്ടു പേർക്ക് സഞ്ചരിക്കാവുന്ന വാഹനത്തിൽ പിൻനിര സീറ്റുകൾ മുഖാമുഖമായും മുന്നിലേക്കു നോക്കുന്ന രീതിയിലും ഘടിപ്പിക്കാം.
റാഡിക്കലാണെങ്കിൽക്കൂടി ക്ലാസിക് സ്വഭാവം പൂർണമായും െെകവിടുന്നില്ല. മുൻഗ്രില്ലുകളും വട്ടത്തിലുള്ള ഹെഡ് ലാംപുകളും ഹെവി ഡ്യുട്ടി ബംപറും ബ്ലാക്ക് എക്സ്ടീരിയറുമൊക്കെ പാരന്പര്യവും ആഢ്യത്തവും നിലനിർത്തും.