എല്ലാ പദ്ധതികളെക്കാളും കൂടുതൽ പണം പലിശയിനത്തിൽ ചിലവഴിച്ചിട്ടുണ്ടെന്ന് റിപ്പോർട്ട്

മനാമ : എല്ലാ പദ്ധതികൾക്കുമുള്ള തുകയേക്കാൾ കൂടുതൽ പണം ഗവൺമെന്റ് പലിശയായി നൽകിയിട്ടുണ്ടെന്ന് ധനകാര്യ മന്ത്രാലയം വ്യക്തമാക്കി. 479 ദശലക്ഷം ബഹ്റൈൻ ദിനാറാണ് പലിശയായി കണക്കാക്കിയിട്ടുള്ളത്. എന്നാൽ, ഭവനവായ്പ, ആരോഗ്യം, വിദ്യാഭ്യാസം, പരിശീലനം, സുരക്ഷ, പ്രതിരോധം, പാലങ്ങളുടെ നിർമ്മാണം, തെരുവുകൾ, അടിസ്ഥാന സൗകര്യങ്ങൾ, മറ്റ് മേഖലകൾ എന്നിവ ഉൾപ്പെടുന്ന എല്ലാ ചിലവുകൾക്കുമായി 354 ദശലക്ഷം ബഹ്റൈൻ ദിനാർ മാത്രമാണ് ചിലവായത്.
സെൻട്രൽ ബാങ്ക് ഓഫ് ബഹ്റൈന്റെ(സി.ബി.ബി) കണക്ക് പ്രകാരം 2018 മെയ് അവസാനം വരെയുള്ള സർക്കാരിന്റെ മൊത്തം കടബാധ്യത 11.5 ബില്ല്യൻ ബഹ്റൈൻ ദിനാറാണ്. രാജ്യത്തിന്റെ ജിഡിപിയുടെ 86 ശതമാനത്തിന് തുല്യമാണ് ഈ തുക. പൊതു കടത്തിന്റെ കാര്യത്തിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് ഷൂറ കൗൺസിലിന്റെ ഫിനാൻഷ്യൽ ആന്റ് എക്കണോമിക് അഫയേഴ്സ് കമ്മിറ്റി അംഗം റെദാ ഫറജ് പറഞ്ഞു.
വിവിധ മേഖലകളിൽ വലിയ പദ്ധതികൾക്കുള്ള ജിസിസിയുടെ പിന്തുണ ഉറപ്പുവരുത്താനും സൗദി അറേബ്യ, യു.എ.ഇ, കുവൈത്ത് എന്നീ രാജ്യങ്ങളുടെ സഹകരണത്തോടെ സന്പദ് വ്യവസ്ഥയെ കൂടുതൽ ശക്തിപ്പെടുത്താനും ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. വർഷങ്ങളായി ബജറ്റ് കമ്മി കുറയ്ക്കുന്നതിന്റെ ഫലമായാണ് പൊതുകടം വർദ്ധിച്ചതെന്നും അദ്ദേഹം പറഞ്ഞു. ബജറ്റ് കമ്മി വന്നാൽ അത് നികത്താൻ വായ്പയെടുക്കാൻ സർക്കാർ നിർബന്ധിതരാകുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രാദേശിക ബാങ്കുകൾക്കും സ്വകാര്യ വ്യക്തികൾക്കും വായ്പ അനുവദിക്കാൻ സർക്കാർ വിദേശ വിപണിയെ ആശ്രയിക്കുന്നു. പ്രാദേശിക കന്പോളത്തിൽ നിന്ന് പണം വാങ്ങിയിരുന്നെങ്കിൽ സ്വകാര്യമേഖലയ്ക്ക് വാണിജ്യ, സാന്പത്തിക പദ്ധതികൾക്ക് മുടക്കാൻ പണമുണ്ടാകില്ലായിരുന്നുവെന്ന് ഷൂറ കൗൺസിൽ അംഗം ദാർവിഷ് അൽ മന്നൈ പറഞ്ഞു.
ബഹ്റൈന്റെ പൊതു കടം തിരിച്ചടയ്ക്കാൻ ഒരു പ്ലാൻ ആവശ്യമാണ്. ആഗോള തലത്തിൽ എണ്ണവില ബാരലിന് 80 ഡോളറായി ഉയർന്നുവെന്നത് പ്രതീക്ഷ നൽകുന്നുണ്ട്. ബഹ്റൈന്റെ ബജറ്റ് എണ്ണ വിൽപ്പനയെ ആശ്രയിച്ചിരിക്കുന്നുവെന്നും അതിനാൽ ഇതിലൂടെ കൂടുതൽ വരുമാനം നേടാനാകുമെന്നും അദ്ദേഹം പറഞ്ഞു. ഇത് ബജറ്റ് കമ്മി കുറയ്ക്കുകയും കടബാധ്യത വീട്ടാൻ സഹായിക്കുകയും ചെയ്യുമെന്നും അൽ മന്നൈ പറഞ്ഞു. രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ എണ്ണ ഉൽപ്പാദനം വളർച്ചയുടെ നല്ല സൂചകമാണ്. വരും വർഷങ്ങളിൽ ഏകദേശം 10 ബില്യൺ ബഹ്റൈൻ ദിനാർ ഗൾഫ് എയ്ഡ്സ് സഹായം നൽകുമെന്നും ഇത് പ്രധാന അടിസ്ഥാനസൗകര്യ വികസന പദ്ധതികൾക്ക് ധനസഹായം നൽകുന്നതിന് ഗവൺമെന്റിനെ പ്രാപ്തമാകുമെന്നും അദ്ദേഹം പറഞ്ഞു.