നമ്മുടെ കാർഡുകൾ സുരക്ഷിതമാണോ?

ഡെബിറ്റ് കാർഡുകളിലെ വിവരങ്ങൾ അതിന്റെ ഉടമ പോലും അറിയാത്ത രീതിയിൽ തട്ടിയെടുത്ത് ഓൺലൈൻ ബാങ്കിംഗ് മോഷണങ്ങൾ പെരുകുന്നുവെന്ന വാർത്തകൾ എല്ലാവർക്കും അറിയാവുന്നതാണ്. ഇക്കാര്യത്തിൽ ആദ്യമായി മുൻകരുതൽ എടുക്കേണ്ടത് എന്തെന്നാൽ ‘നിങ്ങളുടെ കാർഡ് നന്പർ, കാലാവധി തീയതി, സിവിവി നന്പർ, പിൻ നന്പർ, ഒടിപി നന്പർ തുടങ്ങിയവയൊന്നും ഫോണിലൂടെയോ ഇ-മെയിലിലൂടെയോ മറ്റ് രീതിയിലോ ആരുമായും പങ്കുവെയ്ക്കരുത്’ എന്നതാണ്. ഇക്കാര്യങ്ങൾ ബാങ്ക് ഒരിക്കലും പുറത്ത് വിടുകയില്ല. ഈ രീതിയിലുള്ള സന്ദേശങ്ങൾ അക്കൗണ്ടുള്ളവർക്കെല്ലാം ബാങ്കുകൾ മെസേജ് അയക്കാറുണ്ട്. ഇടപാടുകാർക്ക് ഇത്തരം സാഹചര്യങ്ങൾ തടയുന്നതിന് മറ്റ് ചില കാര്യങ്ങൾ കൂടി ശ്രദ്ധിക്കാവുന്നതാണ്.
1. വേണ്ടപ്പോൾ തുറക്കാം
ഡെബിറ്റ് കാർഡുകളും ക്രെഡിറ്റ് കാർഡുകളും ആവശ്യം കഴിഞ്ഞ ശേഷം ഓഫ് ചെയ്യാനും ആവശ്യം വരുന്പോൾ ഓൺ ചെയ്യാനും സാധിക്കും. കാർഡ് ഓഫ് ആക്കി െവച്ചിരിക്കുന്ന അവസരങ്ങളിൽ ഓൺലൈനായോ നേരിട്ടോ ഇടപാടുകൾ നടത്താൻ സാധിക്കില്ല. എ.ടി.എമ്മുകളിൽ നിന്ന് പണം പിൻവലിക്കേണ്ടി വരിക, കച്ചവട സ്ഥാപനങ്ങൾക്ക് പണം നൽകേണ്ടി വരിക, ഓൺലൈൻ ഇടപാടുകൾ ആവശ്യം വരിക തുടങ്ങിയ സന്ദർഭങ്ങളിൽ മാത്രം കാർഡ് ഓൺ ചെയ്യുന്ന രീതിയിൽ കാർഡുകളിൽ സൗകര്യമുണ്ട്. േസ്റ്ററ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉൾപ്പെടെ പല ബാങ്കുകളും ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകളിൽ ഈ സേവനം നൽകുന്നുണ്ട്.
2. എസ്.ബി.ഐ ക്വിക്
േസ്റ്ററ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എ.ടി.എം കാർഡുകൾ കൈകാര്യം ചെയ്യുന്നതിന് ഇടപാടുകാരെ സഹായിക്കുന്ന എസ്.ബി.ഐ ക്വിക് എന്ന മൊബൈൽ ആപ് ആൻഡ്രോയ്ഡ്, വിൻഡോസ്, ഐ.ഒ.എസ് തുടങ്ങി വ്യത്യസ്ത സോഫ്റ്റ്വെയറുകൾ ഉപയോഗിക്കുന്ന ഫോണുകളിലെല്ലാം ഉപയോഗത്തിൽ വരുത്താം, ആപ് സ്റ്റോറിൽനിന്ന് ക്വിക് ആപ് ഡൗൺലോഡ് ചെയ്തെടുത്തശേഷം മൊബൈൽ ഫോൺ നന്പർ ബാങ്കിൽ രജിസ്റ്റർ ചെയ്യുകയാണ് ആദ്യ നടപടി. ആപ്പിലുള്ള എ.ടി.എം കാർഡ് കോൺഫിഗറേഷൻ എന്ന സൗകര്യം ഉപയോഗിച്ച് എ.ടി.എം, കച്ചവട സ്ഥാപനങ്ങൾ, ഇ--കൊമേഴ്സ് തുടങ്ങി വിവിധ ചാനലുകളിൽ ഉപയോഗം തടഞ്ഞുകൊണ്ട് കാർഡ് ഓഫ് ചെയ്യാം. അതോടൊപ്പം തന്നെ ദേശീയ, രാജ്യാന്തര ഇടപാടുകളും നിർത്തിവയ്ക്കാം. ഉപയോഗിക്കേണ്ട സമയത്ത് ഇതേ സ്ക്രീനുകൾ ഉപയോഗിച്ചുതന്നെ കാർഡ് ഓൺ ചെയ്യുകയുമാകാം. മൊബൈൽ ആപ് ഉപയോഗിച്ച് ഇടപാട് തുകയുടെ പരിധി കാർഡുടമയ്ക്ക് തന്നെ സെറ്റ് ചെയ്യാം. കാർഡ് ഉപയോഗിച്ച് നടക്കുന്ന ഇടപാടുകൾ അപ്പപ്പോൾ നിരീക്ഷിക്കുന്നതിനുള്ള സൗകര്യവുമുണ്ട്.
2. ഇ-ഷീൽഡ്
ഏത് ബാങ്ക് നൽകിയ ഡെബിറ്റ് അഥവാ ക്രെഡിറ്റ് കാർഡ് ആയാലും കാർഡ് ഓഫ് ചെയ്യുന്നതിനും ഓൺ ചെയ്യുന്നതിനുമായി ‘ഇ-ഷീൽഡ് ആപ്’ പോലുള്ള ആപ്ലിക്കേഷൻ ആപ് സ്റ്റോറുകളിൽനിന്ന് സ്മാർട് ഫോണുകളിൽ ഡൗൺലോഡ് ചെയ്തെടുക്കാൻ സൗകര്യമുണ്ട്. ആറ്റം ടെക്നോളജി, ടാൻ വാൾ എന്നീ സ്ഥാപനങ്ങൾ ചേർന്നാണ് ‘ഇ-ഷീൽഡ് ആപ്’ അവതരിപ്പിച്ചിരിക്കുന്നത്. ഈ ആപ്ലിക്കേഷൻ ലളിതമായ രീതിയിൽ പ്രവർത്തിപ്പിക്കാവുന്നതുമാണ്. സ്മാർട് ഫോണുകളല്ലാത്ത സന്ദർഭങ്ങളിൽ ഹ്രസ്വസന്ദേശങ്ങൾ വഴിയും യു.എസ്.എസ്.ഡി കോഡുകൾ ഉപയോഗിച്ചും കാർഡ് ഓഫ് ചെയ്യാനും ഓൺ ചെയ്യാനും സാധിക്കും. ഇന്ത്യയ്ക്ക് അകത്തുള്ള ഇടപാടുകൾ മാത്രമല്ല രാജ്യാന്തര ഇടപാടുകൾക്ക് പോലും ആപ് ഉപയോഗിച്ച് ഓഫ് ചെയ്തുവെച്ചിരിക്കുന്ന ഫോണുകളിൽ സാധിക്കുന്നില്ല എന്ന മെച്ചവുമുണ്ട്.