പീഡനത്തിനിരയായ സ്ത്രീക്ക് ജയിലിലായ ഭർത്താവിൽ നിന്നും വിവാഹമോചനത്തിന് അനുമതി

മനാമ : തന്നെ കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവിൽ നിന്നും അറബ് വനിതയ്ക്ക് രാജ്യത്തെ രണ്ടാമത്തെ ഉയർന്ന ശരിയ കോടതിയായ ജാഫരി വിവാഹ മോചനം അനുവദിച്ചു. ഭാര്യയെ ഇയാൾ കോടാലികൊണ്ട് ആക്രമിക്കുകയും മൂന്നാം നിലയിൽനിന്ന് താഴേയ്ക്ക് വലിച്ചെറിയുകയും ശരീരത്തിൽ ആസിഡ് ഒഴിക്കുകയും ചെയ്തു. കഴിഞ്ഞ ഏപ്രിലിലാണ് ബഹറൈൻ സ്വദേശിയായ ഭർത്താവിന് കോടതി ഏഴ് വർഷത്തെ തടവ് ശിക്ഷ വിധിച്ചത്. പ്രതി ഇപ്പോൾ ജയിലിലാണ്.
യുവതിക്ക് കോടതി വിവാഹമോചനം അനുവദിച്ചതായി ഇവരുടെ വക്കീൽ ഫാത്തിമ ബിൻ രജബാണ് അറിയിച്ചത്. 32 കാരിയായ യുവതി 14 വർഷം നീണ്ട ദാന്പത്യത്തിന് ശേഷമാണ് ഭർത്താവിന്റെ ശാരീരിക- മാനസിക പീഡനത്തെത്തുടർന്ന് വിവാഹമോചനം നേടിയത്. ഇവർക്ക് 10, 12 വയസുകളിലുള്ള രണ്ട് ആൺ കുട്ടികളുണ്ട്. ബഹറൈൻ സ്വദേശി ഇവർക്ക് ജീവനാംശം നൽകണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്.
ശാരീരിക- മാനസിക പീഡനത്തെത്തുടർന്ന് ഇവർക്ക് ഒരുമിച്ച് ജീവിക്കാൻ കഴിയാത്ത അവസ്ഥയിലാണെന്ന് വിധി പ്രസ്താവനയിൽ ജഡ്ജി വ്യക്തമാക്കിയതായി ബിൻ രജബ് പറഞ്ഞു. ദന്പതികൾ തമ്മിലുള്ള കോടതിയുടെ അനുരഞ്ജന ശ്രമങ്ങൾ പരാജയപ്പെട്ടതായും അവർ പറഞ്ഞു. മനാമയിൽനിന്നും ഏതാനും കിലോമീറ്ററുകൾ ദൂരെയുള്ള ബിലാദ് അൽ ഖദീം ഗ്രാമത്തിലാണ് കഴിഞ്ഞ വർഷം മെയ് മാസം സംഭവം നടന്നത്.
വീട്ടിൽ ആരുമില്ലെന്ന് ഉറപ്പുവരുത്തിയശേഷം ഭർത്താവ് തന്നെ ആക്രമിക്കുകയും വീടിന്റെ മൂന്നാമത്തെ നിലയിലുള്ള ബാൽക്കണിയിൽ നിന്ന് എറിയുകയും ചെയ്തു. താഴെ വീണ തന്റെ നട്ടെല്ലിനും ഡിസ്കിനും പരിക്കേറ്റു. താഴെയെത്തിയ ഭർത്താവ് ആസിഡ് ഒഴിച്ചതായും മുഖത്തും തോളിലും പരിക്കേറ്റതായും യുവതി പറഞ്ഞു. യുവതിയെ സമീപവാസികളാണ് ആശുപത്രിയിൽ എത്തിച്ചത്. ഭർത്താവ് അവിടെ നിന്ന് ഓടി രക്ഷപെട്ടെങ്കിലും പിന്നീട് പോലീസ് അറസ്റ്റ് ചെയ്യുകയും ഹാജരാക്കുകയും ചെയ്തു. യുവതി നിലവിൽ രണ്ട് ശസ്ത്രക്രിയകൾക്കും ഒരു പ്ലാസ്റ്റിക് സർജറിക്കും വിധേയയായി.
ബഹ്റൈനിൽ കഴിഞ്ഞ ഏതാനും വർഷങ്ങളായി ഗാർഹിക പീഡനങ്ങൾ വർദ്ധിച്ചുവരുന്നതായി ഈ വർഷം ആദ്യം റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.