മത്സ്യബന്ധന തുറമുഖങ്ങളിൽ പെട്രോൾ പന്പുകൾ സ്ഥാപിക്കണമെന്ന് ആവശ്യം

മനാമ : തങ്ങളുടെ ബോട്ടുകൾക്ക് ഇന്ധനം നിറയ്ക്കാൻ തുറമുഖങ്ങളിൽ പെട്രോൾ പന്പുകൾ സ്ഥാപിക്കണമെന്ന് ബഹ്റൈനിലെ നാവികർ ആവശ്യപ്പെടുന്നു. പെട്രോൾ നിറച്ച ബാരലുകളുമായി പന്പിൽനിന്നും തുറമുഖത്തേയ്ക്കുള്ള അപകടകരമായ യാത്രയ്ക്ക് ഇതിലൂടെ പരിഹാരമാകുമെന്നും ഇവർ വ്യക്തമാക്കുന്നു. ചൂടുള്ള കാലാവസ്ഥയിൽ ഇത്തരത്തിൽ ഇന്ധനം കൊണ്ടുപോകരുതെന്ന് മുന്നറിയിപ്പ് ലഭിച്ചിട്ടുണ്ടെന്നും ബഹ്റൈനിയിൽ നിന്നുള്ള ഒരു കൂട്ടം മത്സ്യത്തൊഴിലാളികൾ പറഞ്ഞു.
ബഹ്റൈനിലെ മത്സ്യബന്ധനത്തെക്കുറിച്ചുള്ള ഒരു ഇൻസ്റ്റഗ്രാം പേജ് നടത്തുന്ന റെദ ഫർഹാനാണ് മത്സ്യത്തൊഴിലാളികളുടെ ഈ ആവശ്യത്തെ പുറം ലോകത്തെത്തിക്കുന്നത്. ഈ പേജിന് 100,000 ഫോളോവേഴ്സ് ഉണ്ട്. ബുസൈത്തീൻ, സമഹീജ്, അൽ ദെയർ, ഹിദ്ദ്, ഗലാലി എന്നീ രാജ്യത്തിന്റെ വടക്കുകിഴക്കൻ തീരങ്ങളിൽ നിന്നുള്ള മത്സ്യത്തൊഴിലാളികളിൽനിന്നും ഇതുസംബന്ധിച്ച് പരാതികൾ ലഭിച്ചതായി ഫർഹാൻ പറഞ്ഞു. സ്വകാര്യ വാഹനങ്ങളിൽ പുറത്തുനിന്ന് കൊണ്ടുവന്നാണ് ഇവർ ബോട്ടുകളിൽ ഇന്ധനം നിറയ്ക്കുന്നത്. ഇത് വളരെ അപകടകരമായ ഒരു പ്രക്രിയയാണ്. പെട്രോൾ മാറ്റുന്ന സമയത്ത് അഗ്നിബാധയുണ്ടാകാനും ചൂടും സമ്മർദ്ദവും മൂലം പെട്രോൾ കണ്ടെയ്നറുകൾ പൊട്ടിത്തെറിക്കാൻ സാധ്യതയുണ്ടെന്നും ഫെർഹാൻ പറഞ്ഞു. ഈ മേഖലകളിൽ നിന്നുള്ള മത്സ്യത്തൊഴിലാളികളെ സഹായിക്കാൻ ഇന്ധന പന്പുകൾ സ്ഥാപിക്കണ മെന്നും ഫെർഹാൻ ആവശ്യപ്പെട്ടു. ഇത് കൂടുതൽ സുരക്ഷിതവും സൗകര്യപ്രദവുമാണ്.
ഗ്രാമത്തിലുള്ള മൽസ്യബന്ധന തൊഴിലാളികൾ ബോട്ടുകളിൽ പെട്രോൾ നിറയ്ക്കാൻ ഗ്രാമത്തിന് പുറത്തേയ്ക്ക് യാത്രചെയ്യേണ്ടിവരുന്നതായി കർബബാദ് തീരത്ത് നിന്ന് മത്സ്യബന്ധനത്തിന് പുറപ്പെടുന്ന ഹസ്സൻ അൽ ബുറമി പറഞ്ഞു. ഓരോ മീൻപിടിത്ത യാത്രക്കും 60 ലിറ്റർ വീതം കൊള്ളുന്ന ആറ് പെട്രോൾ ബാരലുകൾ ആവശ്യമാണ്. ബാരലുകൾ ഭാരമുള്ളതാണെന്നതിനാൽ ഇന്ധനം നിറയ്ക്കുന്ന പ്രക്രിയ വളരെ അപകടകരമാണ്. ഇന്ധന േസ്റ്റഷനുകളിൽ നിന്നുള്ള നിർദ്ദേശ പ്രകാരം, ബാരലുകൾ നിറച്ചശേഷം വാഹനത്തിലേയ്ക്ക് എടുത്തുകൊണ്ടുപോകണം. തീരത്ത് എത്തുന്പോൾ വീണ്ടും ബോട്ടിലേയ്ക്കും ഇത് ചുമന്ന് കൊണ്ടുപോകേണ്ടതുണ്ട്. ഇത് വളരെ ബുദ്ധിമുട്ടാണെന്നും ബുറമി പറഞ്ഞു.
മത്സ്യത്തൊഴിലാളികളുടെ അഭ്യർത്ഥനപ്രകാരം തുറമുഖങ്ങളിൽ ഇന്ധന പന്പുകൾ സ്ഥാപിക്കാൻ എണ്ണ മന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ ഖലീഫ അൽ ഖലീഫയ്ക്ക് അപേക്ഷ സമർപ്പിച്ചതായി എം.പി ഹമദ് അൽ ദോസരി പറഞ്ഞു. തന്റെ മണ്ധലമായ ബുദയ്യയിൽ ഉൾപ്പെടെ അഞ്ച് പെട്രോൾ പന്പുകൾ സ്ഥാപിക്കാൻ മന്ത്രി അനുവദിച്ചിരുന്നതായി അൽ ദോസരി പറഞ്ഞു. പദ്ധതിക്ക് ടെൻഡർ വിളിച്ചെങ്കിലും ഇതുവരെ നൽകിയിട്ടില്ല. ബുദയ്യയിൽ സ്ഥാപിക്കാൻ ഉദ്ദേശിക്കുന്ന പന്പ് കാറുകൾക്കും ബോട്ടുകൾക്കും ഒരുപോലെ ഇന്ധനം നിറയ്ക്കാവുന്നതാണെന്നും ഇത്തരത്തിൽ രാജ്യത്തെ ആദ്യ പന്പാണിതെന്നും അദ്ദേഹം പറഞ്ഞു. മൽക്കിയ, ഹമാല, ജാസ്റ, ബുദയ്യ, ദിരാസ് തുടങ്ങിയ തീരങ്ങളിൽ നിന്നുള്ള 400ലധികം മത്സ്യത്തൊഴിലാളികൾക്ക് ഇത് ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.