അനധികൃതമായി പണം പലിശക്ക് നൽകുന്നവരുടെ എണ്ണം വർദ്ധിക്കുന്നു

മനാമ : വർഷത്തിൽ 120 ശതമാനം വരെ പലിശനിരക്കിൽ അനധികൃതമായി പണം പലിശയ്ക്ക് നൽകുന്നവർ രാജ്യത്ത് പെരുകുന്നു. പാസ്പോർട്ടുകളുൾപ്പടെ വിലപിടിപ്പുള്ള വസ്തുക്കളും രേഖകളും ഈടായി വാങ്ങിയാണ് പലരും വായ്പ നൽകുന്നത്. ഇത്തരത്തിൽ ഇവരിൽനിന്നും വായ്പയെടുത്ത പല പ്രവാസികളും ഇന്ന് ദുരിതമനുഭവിക്കുന്നു.
ഇത്തരത്തിൽ വന്പന്മാരിൽനിന്നും പണം കടം വാങ്ങിയ പലർക്കും തങ്ങളുടെ സന്പാദ്യങ്ങൾ മുഴുവൻ നഷ്ടമാകുന്ന അവസ്ഥയിലാണ്. കഴിഞ്ഞ 30 വർഷങ്ങളായി ഇത്തരത്തിൽ പണം പലിശയ്ക്ക് നൽകുന്ന സംഭവങ്ങൾ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും, ഈ നിയമവിരുദ്ധ നടപടികൾ അവസാനിപ്പിക്കുന്നതിൽ അധികൃതർ പരാജയപ്പെടുകയാണെന്നും സാന്പത്തിക വിദഗ്ദ്ധനായ ഡോ. യൂസഫ് മഷാൽ പറഞ്ഞു. ഇത്തരത്തിൽ പണം പലിശയ്ക്ക് എടുക്കുന്ന ഇരകൾ പ്രധാനമായും പ്രവാസികളാണ്. ഇവരിൽ നിന്ന് ഒരാൾ പണം കടം വാങ്ങിച്ചാൽ മാസത്തിൽ 10 ശതമാനമാണ് പലിശനിരക്ക്.
സ്വർണ്ണം, പാസ്പോർട്ട്, എ.ടി.എം കാർഡുകൾ തുടങ്ങിയവയാണ് വായ്പ നൽകുന്നതിന് ഈടായി വാങ്ങുന്നത്. നിർഭാഗ്യവശാൽ വായ്പക്കായി പ്രവാസികൾ ഇവരെ ആശ്രയിക്കുന്നത് വ്യാപകമാണ്. പണത്തിനായി അവരെ സമീപിക്കുന്നതിന് മുന്പ് ആളുകൾ രണ്ട് തവണ ചിന്തിക്കുന്നില്ലെന്നും സാമൂഹിക പ്രവർത്തകനായ ലാൽ പാണ്ഡെ പറഞ്ഞു.
ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ ഈടായി വാങ്ങിയിട്ടുള്ളത് സ്വർണ്ണമാണ്. വായ്പ ലഭിക്കുന്നതിന് ഏറ്റവും എളുപ്പമുള്ള മാർഗ്ഗമായാണ് സ്വർണം നൽകുന്നത്. 400 ബഹ്റൈൻ ദിനാർ, അല്ലെങ്കിൽ അതിന് മുകളിലുള്ള പ്രതിമാസ ശന്പളമുള്ളവർക്ക് മാത്രമേ അധിക തുക വായ്പ നൽകുകയുള്ളൂ. കുറഞ്ഞ ശന്പളക്കാർക്ക് 100 അല്ലെങ്കിൽ 200 ബഹ്റൈൻ ദിനാർ വരെയുള്ള ചെറിയ വായ്പ മാത്രമേ ലഭിക്കൂ. ബാങ്ക് വായ്പകൾ നേടുന്നതിനുള്ള നടപടിക്രമങ്ങൾ ഒഴിവാക്കാൻ ആളുകൾ പണം പലിശയ്ക്ക് നൽകുന്നവരെ സമീപിക്കുന്നു.
ജനങ്ങൾക്ക് ലളിതമായ രീതിയിൽ ബാങ്കിൽനിന്നും വായ്പ നൽകുന്ന രീതിയിൽ എന്തെങ്കിലും ചെയ്യാൻ കഴിഞ്ഞാൽ മാത്രമേ ഈ പ്രശ്നത്തിന് പരിഹാരമാകൂവെന്ന് ഡോ. മാഷൽ പറഞ്ഞു.