ഈസ്റ്റ് ഹിദ്ദ് ടൗൺ പ്രൊജക്റ്റ് അവലോകനം ചെയ്തു

മനാമ : ഈസ്റ്റ് ഹിദ്ദ് ടൗൺ പ്രൊജക്ടിന്റെ ആദ്യഘട്ടം ആരംഭിക്കാനുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചു. ബു ഷഹീനിലാണ് ആദ്യ ആദ്യഘട്ടം ആരംഭിക്കുന്നതെന്ന് ഭവന വകുപ്പ് മന്ത്രി ബസ്സീം അൽ ഹമർ പറഞ്ഞു. 498 പുരയിടങ്ങളുടെ പുനരധിവാസ പദ്ധതി 88 ശതമാനം പൂർത്തിയായെന്നും ഗതാഗത ശൃംഖലയുടെ ആദ്യഘട്ടം 85 ശതമാനം പൂർത്തിയായെന്നും അദ്ദേഹം പറഞ്ഞു.
ഈസ്റ്റ് ഹിദ്ദ് ടൗണിലെ പദ്ധതിയുടെ പുരോഗതികൾ വിലയിരുത്തുന്നതിനായി ഹൗസിംഗ് പ്രോജക്ടിന്റെ അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി, സമി അബ്ദുള്ള ബുഹാസ, മറ്റ് ഉദ്യോഗസ്ഥർ, എഞ്ചിനീയർമാർ എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫയുടെ നിർദ്ദേശപ്രകാരമാണ് പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്.
ഗവൺമെന്റ് ആക്ഷൻ പ്ലാനിൽ (ജിഎപി) പ്രകാരം 40,000 വീടുകൾ നിർമിക്കാനുള്ള ഭവന പദ്ധതിയിലെ 25,000 വീടുകൾ നിർമിക്കുന്നത് ഈസ്റ്റ് ഹിദ്ദ് ടൗണിലാണ്. ഈസ്റ്റ് ഹിദ്ദ് ടൗണിൽ പദ്ധതിയുടെ ആദ്യഘട്ടം തുറക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ വേഗത്തിലാക്കാനും മന്ത്രി നിർദേശം നൽകി.