ചോക്ലേറ്റ് ആന്റ് കോഫി എക്സിബിഷനിൽ 50,000 പേർ പങ്കെടുത്തേക്കും

മനാമ : മൂന്നാമത് ചോക്ലേറ്റ് ആന്റ് കോഫി എക്സിബിഷൻ ഡിസംബർ 6 മുതൽ 8 വരെ ബഹ്റൈൻ ഇന്റർനാഷണൽ എക്സിബിഷൻ ആന്റ് കൺവൻഷൻ സെന്ററിൽ (ബി.ഐ.ഇ.സി.സി) നടക്കും. കോഫി, ചോക്ലേറ്റ് പ്രേമികൾക്കായി രൂപകൽപ്പന ചെയ്ത എക്സ്പോ, മുന്പുള്ള പതിപ്പുകളെ അപേക്ഷിച്ച് വളരെ വലുതും മെച്ചപ്പെട്ടതുമായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു. ബഹ്റൈൻ ടൂറിസം ആന്റ് എക്സിബിഷൻ അതോറിറ്റി (ബി.ടി.ഇ.എ) സി.ഇ.ഒ ഷെയ്ഖ് ഖാലിദ് ബിൻ ഹമൂദ് അൽ ഖലീഫയുടെ നേതൃത്വത്തിൽ നടക്കുന്ന ചടങ്ങിൽ 50,000ത്തിലധികം പേർ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
എക്സ്പോയിൽ 110 കന്പനികൾ പങ്കെടുക്കുന്നുണ്ടെന്ന് ബിദായത് കന്പനി സി.ഇ.ഒ യാസ്മീൻ ജമാൽ പറഞ്ഞു. സൗദി അറേബ്യ, യു.എ.ഇ, യു.കെ, ജർമ്മനി, എത്യോപ്യ, ലിത്വാനിയ, ഗ്രീസ്, ഇറ്റലി, സ്പെയിൻ തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള കന്പനികൾ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അവർ പറഞ്ഞു.
ഈ വർഷം എക്സിബിഷന് കൂടുതൽ പവലിയനുകൾ ഉണ്ടാകും. കഴിഞ്ഞ വർഷം 12 രാജ്യങ്ങൾ പങ്കെടുത്തിരുന്നതായും ഈ വർഷം 20 രാജ്യങ്ങളുടെ പങ്കാളിത്തം ഉണ്ടാകുമെന്നും അവർ പറഞ്ഞു. ഇന്തോനേഷ്യയിൽ നിന്നുള്ള 10 കന്പനികളും എക്സിബിഷനിൽ ഉൾപ്പെടുന്നു. എന്നാൽ, ബഹ്റൈനിൽ നിന്നുള്ള കന്പനികളാകും ഭൂരിഭാഗവുമെന്നും അവർ പറഞ്ഞു. സന്ദർശകരുടെയും, പ്രദർശകരുടേയും എണ്ണം ഇരട്ടിയിലേറെയാകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ചോക്ലേറ്റ്, കോഫി എന്നിവയുമായി ബന്ധപ്പെട്ട ശിൽപ്പശാലകളും പ്രദർശനത്തിൽ ഉൾപ്പെടുത്തും.
ചടങ്ങിൽ പ്രാദേശിക, അന്താരാഷ്ട്ര ഉൽപ്പാദകർ, വിതരണക്കാർ, സേവനങ്ങൾ, ഉൽപ്പന്നങ്ങൾ എന്നിവ പ്രദർശിപ്പിക്കും. പങ്കാളിത്തം കൂട്ടുന്നതിനും ദീർഘകാലത്തെ ബിസിനസ് ബന്ധം സ്ഥാപിക്കുന്നതിനും എക്സിബിഷൻ അവസരമൊരുക്കുമെന്നും യാസ്മീൻ പറഞ്ഞു.