ഈണങ്ങളാൽ മത മൈത്രി ഒരുക്കി ഫാദർ സേവേറിയോസ് തോമസ് ബഹ്റൈനിൽ

മനാമ : ജാതിയുടെയും മതത്തിന്റെയും രാഷ്ട്രത്തിന്റെയുമെല്ലാം അതിർവരന്പുകൾക്കപ്പുറത്താണ് സംഗീതത്തിന്റെ സ്ഥാനമെന്ന് തെളിയിക്കുകയാണ് പത്തനംതിട്ട മല്ലപ്പള്ളി മോർ ഗ്രിഗോറിയോസ് ദയറായിലെ സുപ്പീരിയറായ ഫാദർ സെവേറിയോസ് തോമസ്. ബഹ്റൈനിലെ മലയാളികളുടെ കൂട്ടായ്മയായ ഡിഫറന്റ് തിങ്കേഴ്സ് ജീവകാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമായി നാളെ അൽ രാജ സ്കൂളിൽ സംഘടിപ്പിക്കുന്ന ‘സ്നേഹ നിലാവിൽ’ സംഗീതപരിപാടി അവതരിപ്പിക്കാൻ ബഹ്റൈനിലെത്തിയ ഫാദർ 4 പി.എം ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ അദ്ദേഹത്തിന്റെ സംഗീത വിശേഷങ്ങൾ പങ്കുവെച്ചു.
സംഗീതം പഠിച്ചിട്ടുണ്ടെങ്കിലും പാട്ടുകൾ പലതും ഹിറ്റ് ആയതും ആളുകൾ തിരിച്ചറിഞ്ഞതും റിയാലിറ്റി ഷോകളിൽ വന്നതോടുകൂടിയാണെന്ന് ഫാദർ പറഞ്ഞു. അതിൽ തന്നെ മാപ്പിളപ്പാട്ടുകളോടാണ് കൂടുതൽ താൽപ്പര്യം. ഒരു ക്രിസ്തീയ പുരോഹിതൻ മാപ്പിളപ്പാട്ട് പാടുന്നു എന്നുള്ളത് കൊണ്ടുതന്നെ അത് ചാനലിലും വളരെ പെട്ടെന്ന് പ്രശസ്തമാവുകയായിരുന്നു. സംഗീതത്തിന് മതമില്ല. അതുകൊണ്ട് ഇഷ്ടമുള്ള ഈണങ്ങളിൽ, ഇഷ്ടമുള്ള രാഗങ്ങളിൽ എന്തും പാടാനുള്ള സ്വാതന്ത്ര്യം ഉണ്ട്. എങ്കിലും സുറിയാനിക്കാരുടെ ആരാധനാ സംഗീതത്തിൽ സംഗീതം ഒരു പഠന ശാഖയാണ്. ഒരു പാട്ട് പല ചടങ്ങുകളുടെ ഭാഗമായി എട്ട് വിധത്തിൽ പാടാം. അതിന് ഒരു അടിത്തറയുണ്ട്. ശാസ്ത്രീയ വശമുണ്ട്. എങ്കിലും ഈ ഈണങ്ങളെല്ലാം മാപ്പിളപ്പാട്ടുകളിലെ വിവിധ ശാഖകളുടെ വളരെയധികം സാമ്യമുള്ളതാണ്. വിരുത്തം, ഒപ്പന ചായൽ, ഒപ്പന മുറുക്കം തുടങ്ങിയവയുടെയെല്ലാം സാമ്യമായ രാഗങ്ങളും വൃത്തങ്ങളിലുള്ളതും സുറിയാനിക്കാരുടെ മാർഗ്ഗം കളിയിലും കാണാം. അതുകൊണ്ടു തന്നെ മാപ്പിളപ്പാട്ട് പാടുന്നതിന് കൂടുതൽ എളുപ്പമായി.
കൊൽക്കത്തയിലെ സെറാന്പൂർ സർവ്വകലാശാലയിൽ നിന്ന് സംഗീതത്തിൽ ബിരുദമെടുത്തത് സംഗീതം ഒരു അഭിനിവേശം ആയതുകൊണ്ട് മാത്രമാണെങ്കിലും ഇപ്പോൾ ഇത്തരത്തിൽ ഒരു തലത്തിലേയ്ക്കെത്തുമെന്ന് കരുതിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്നിപ്പോൾ റിയാലിറ്റി ഷോയിലെ താരം എന്ന നിലയിൽ ലോകത്ത് എല്ലാ രാജ്യങ്ങളിലും േസ്റ്റജ് ഷോകൾ ചെയ്യാനുള്ള അവസരം കൈവന്നിരിക്കുകയാണ്. കൂടാതെ അടുത്ത് തന്നെ മലയാളത്തിലെ പ്രമുഖ ചാനലിൽ ഒപ്പന റിയാലിറ്റി ഷോയിൽ മാപ്പിളപ്പാട്ടിലെ വിദഗ്ദ്ധർക്കൊപ്പം വിധികർത്താവായി ഇരിക്കാനുള്ള നിയോഗവും ഉണ്ടായി.
സംഗീതത്തിന്റെ അഭിരുചി പാരന്പര്യമായി ലഭിച്ചതാണ്. പിതാവ് ഗാനമേളകളിൽ തബലിസ്റ്റായിരുന്നു. സഹോദരൻ ഗിറ്റാർ വായിക്കും, കസിൻസൊക്കെ പാടും എല്ലാവരും ഒത്ത് ചേരുന്പോൾ വീട് ചെറിയ ഒരു സംഗീത ട്രൂപ്പായി മാറിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സമൂഹ മാധ്യമങ്ങളിൽ പണ്ട്തൊട്ടേ സജീവമായിരുന്നു. ഇപ്പോൾ സമൂഹ മാധ്യമങ്ങൾ വഴി ഒത്തിരി പേർ തന്റെ സംഗീത സപര്യയ്ക്ക് പിന്തുണയുമായി എത്തുന്നുന്നുണ്ട്. വേദികളിൽ നിന്ന് വേദികളിലേയ്ക്ക് പോകാനും സംഗീത പരിപാടികൾ അവതരിപ്പിക്കാനും ഏറ്റവും കൂടുതൽ പിന്തുണ ലഭിച്ചത് ബിഷപ്പിൽ നിന്നാണ്. ഡോ. ഗീവർഗീസ് മാർ കുറിലോസ് തിരുമേനിയുടെ മത നിരപേക്ഷ സ്വഭാവം കൂടിയാണ് അതിന് കാരണവും. ചാനലിൽ പെർഫോം ചെയ്ത ഫോട്ടോ അയച്ചു കൊടുത്തപ്പോൾ ബിഷപ്പ് തന്റെ ഫെയ്സ്ബുക്ക് പേജിൽ അത് പോസ്റ്റ് ചെയ്തത് തനിക്കുള്ള അംഗീകാരമായി കണക്കാ
ക്കുന്നു.
ബഹ്റൈനിൽ ജീവകാരുണ്യ പ്രവർത്തനത്തിന് വേണ്ടി ഡിഫറന്റ് തിങ്കേഴ്സ് നടത്തുന്ന പരിപാടിക്ക് എത്താൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ടെന്നും എല്ലാവരും പരിപാടിയിൽ എത്തിച്ചേരണമെന്നും ഫാദർ അഭ്യർത്ഥിച്ചു. ബുദ്ധിമാന്ദ്യം സംഭവിച്ചവർക്ക് വേണ്ടി നിയാർക്ക് നടത്തുന്ന ശ്രമങ്ങൾക്ക് പിന്തുണയും ധന സമാഹരണത്തിനും വേണ്ടിയാണ് ഡിഫറന്റ് തിങ്കേഴ്സ് സ്റ്റാർ ക്രിയേഷൻസിന്റെ സഹകരണത്തോടെ ഈ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.